'ജയറാം പക്കാ നടനാണ്, അദ്ദേഹത്തിൽ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടില്ല'; എഴുത്ത് കാരൻ റഫീഖ് സീലത്ത്

Update: 2024-08-07 08:11 GMT

ഒരേ സമയം കോമഡിയും സീരിയസ് റോളുകളും അനായാസം ചെയ്യാൻ സാധിക്കുന്നൊരാളാണ് ജയറാം. അഭിനയ കാര്യത്തിലും അദ്ദേഹത്തിന്റെ കഴിവ് അസാധ്യമാണ്. ജയറാം പത്മരാജൻ സിനിമകളിലൂടെ മലയാളത്തിലേക്ക് എത്തിയ ആളാണ്. ജയറാം എന്ന നടനെ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ സഹോദരനാണെന്നാണ് സ്‌ക്രിപ്റ്റ് റൈറ്റർ റഫീഖ് സീലത്ത് പറഞ്ഞത്. മലയാളത്തിൽ ഒരുപിടി സിനിമകൾക്കു വേണ്ടി എഴുതിയ എഴുത്തുകാരനാണ് റഫീഖ്. പഞ്ചപാണ്ടവർ, പടനായകൻ, സുന്ദരി നീയും സുന്ദരൻ ഞാനും, ഭാര്യ വീട്ടിൽ പരമ സുഖം അങ്ങനെ നിരവധി സിനിമകൾ റഫീഖ് എഴുതിയിട്ടുണ്ട്. ജയറാമിനെ കുറിച്ച് മാസ്റ്റർ ബിൻ ചാനലിലൂടെ റഫീഖ് സീലത്ത് സംസാരിക്കുന്നു.

'ഞാൻ മെഡിക്കൽ റെപ്പ് ആയിരുന്നു. ആ സമയത്ത് ജയറാമിന്റെ ചേട്ടൻ വെങ്കിടി എന്റെ സുഹൃത്തായിരുന്നു. അവൻ നന്നായി സിഗരറ്റ് വലിക്കുകയും മദ്യപാനവും ഉണ്ടായിരുന്നു. അങ്ങനെ വെങ്കിടിയുടെ ബൈക്കിൽ ഒരുപാട് കറങ്ങിയിട്ടുണ്ട്. ജോലി കഴിഞ്ഞാൽ ഉച്ചക്ക് വെങ്കിയുടെ വീട്ടിൽ നിന്നാണ് ഭക്ഷണം. ജയറാം അന്ന് ചെറിയ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്തേ മിമിക്രി ചെയ്യാറുണ്ട്. ചേട്ടന്റെ സുഹൃത്തായതിനാൽ എന്റെ മുന്നിൽ വെച്ച് മിമിക്രി ചെയ്ത് കാണിച്ച് തരുമായിരുന്നു. വെങ്കിടിയുടെ ആഗ്രഹമായിരുന്നു ജയറാം ഒരു സിനിമാ നടൻ ആവണമെന്ന്. '

'വെങ്കിടിയും ഞാനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ജയറാമുമായി കമ്പനി ഉണ്ടാവുന്നത്. ആ സ്‌നേഹം ജയറാമിന് ഇപ്പോഴും ഉണ്ട്. അതിനാൽ ജയറാമിനെ കുറിച്ച് എഴുതുമ്പോൾ എനിക്ക് പ്രത്യേക സുഖമുണ്ട്. എന്നാൽ ദിലീപിനെ പോലെയല്ല ജയറാം. ദിലീപ് ആണെങ്കിൽ സ്‌ക്രിപ്റ്റിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരും. അത് പലപ്പോഴും നന്നാവാറുമുണ്ട്. പക്ഷേ ജയറാം അങ്ങനെ ചെയ്യില്ല. എഴുതി വെച്ചതിൽ ജയറാമിന് പൊലിപ്പിച്ച് പറയാൻ അറിയാം. ജയറാമിന്റെ മിമിക്രി ആർട്ടിസ്റ്റുകളെ അനുകരിച്ച് കൊണ്ടുള്ളതാണ്.'

'എന്നാൽ ദിലീപും മറ്റും അങ്ങനെയല്ല. എല്ലാ ടൈപ്പ് മിമിക്രി, കോമഡി ഷോക്കും വേണ്ടി സ്‌ക്രിപ്റ്റ് എഴുതി മുന്നോട്ട് വന്നവരാണ്. അതിനാൽ അവർക്ക് സ്‌ക്രിപ്റ്റിൽ കോമഡികൾ കൊണ്ടുവരാൻ നന്നായി അറിയാം. ജയറാം പക്കാ നടനാണ്. അദ്ദേഹത്തിന് ഏത് വേഷവും ചെയ്യാനാവും. കോമഡിയും സെന്റിമെന്റ്‌സും സീരിയസായും അനായാസം വഴങ്ങും. എന്നാൽ ചിലർക്ക് കോമഡി മാത്രമേ പറ്റുകയുള്ളൂ. ഈയിടെ ഒസ്ലർ എന്ന ചിത്രത്തിലെ ജയറാമിന്റെ പ്രകടനം അത്ഭുതകരമായിരുന്നു.' റഫീഖ് സീലത്ത് പറഞ്ഞു.

ഒരു ഘട്ടത്തിൽ ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ ഒരേ പോലത്തെ സിനിമകൾ ഒരുപാട് വന്നിരുന്നു. എല്ലാം കോമഡി ഫാമിലി എന്റർടെയ്‌നറുകൾ. അതുകൊണ്ട് 90കളിൽ മോഹൻലാലും മമ്മൂട്ടിയും ചെയ്ത പോലെ ആക്ഷൻ സിനിമകൾ പൊതുവേ വിരളമായിട്ടാണ് ജയറാമിന് കിട്ടിയിരുന്നത്. പക്ഷേ സെന്റിമെന്റ്‌സ് സീനുകൾ ജയറാം ചെയ്യുന്ന പോലെ ചെയ്യാൻ മറ്റാർക്കും സാധിക്കില്ലെന്നാണ് എഴുത്തുകാരൻ റഫീഖ് സീലത്ത് പറയുന്നത്.

Tags:    

Similar News