ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹത്തിൽ പങ്കെടുത്ത് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും. താരവിവാഹത്തിലെ ഇരുവരുടേയും ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുപ്രിയയാണ് കരൺ ജോഹറിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. വെളുത്ത ഷർവാണി ധരിച്ചാണ് പൃഥ്വിരാജ് എത്തിയത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു സുപ്രിയയുടെ വേഷം.
രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി നാലുമുതലായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.
'മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം' എന്നായിരുന്നു സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഇതിന് പുറമെ 'ഷെർഷ' സിനിമയിലെ 'അബ് ഹുമാരി പെർമനന്റ് ബുക്കിംഗ് ഹോ ഗയി ഹായ്' എന്ന ഡയലോഗും ഇരുവരും ചിത്രത്തോടൊപ്പം പങ്കുവെച്ചു. കത്രീന കൈഫ്, വിക്കി കൗശൽ,ആലിയ ഭട്ട്,വരുൺധവാൻ,അനിൽ കപൂർ തുടങ്ങിയ നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നു.