മോഹന്‍ലാലിന്റെ കാലില്‍ വീഴുന്ന രംഗമായിരുന്നു, ഷോട്ട് തീര്‍ന്നിട്ടും അച്ചായന്‍ എഴുന്നേറ്റില്ല; ബോബന്‍ ആലുംമൂടന്‍
കാലമിത്രയായിട്ടും മലയാളികള്‍ക്ക് ബോബന്‍ ആലുംമൂടന്‍ ഇന്നും ആ കോളേജ് കുമാരന്‍ പ്രകാശ് മാത്യുവാണ്. സിനിമയേക്കാള്‍ കൂടുതല്‍ ബോബനെ സ്വീകരിച്ചത് സീരിയലുകളാണ്. നായകനായും വില്ലനായുമെല്ലാം അദ്ദേഹം സീരിയല്‍ ലോകത്ത് തിളങ്ങി. തന്റെ വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും ശരീരഭാഷകൊണ്ടുമെല്ലാം മലയാളികളുടെ മനസില്‍ ഇടം നേടിയ നടനായിരുന്നു ആലുംമൂടന്‍. കാസര്‍ഗോഡ് കാദര്‍ഭായ് പോലുള്ള ഐക്കോണിക് കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം അദ്ദേഹം നേടിയിട്ടുണ്ട്. 1992 ലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെടുന്നത്. അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം സംഭവിക്കുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ബോബന്‍ ആലുംമൂടന്‍.
ആലംമൂടന്റെ മകന്‍ എന്ന പരിഗണന എല്ലാ കാലത്തും കിട്ടിയിട്ടുണ്ട്. ഇപ്പോഴും എന്റെ ഏറ്റവും വലിയ വിലാസം അത് തന്നെയാണെന്നാണ് ബോബന്‍ പറയുന്നത്. അച്ചായനെ കണ്ടു വളര്‍ന്നതിനാലാകാം ചെറുപ്പം മുതലേ അഭിനയത്തോടുള്ള മോഹം കലശലായിരുന്നു. ആറുമക്കളില്‍ നാലാമനായ ഞാന്‍ മാത്രമാണ് ഈ മേഖലയിലേക്ക് എത്തിയതും. എന്റെ ഇഷ്ടം അറിയുന്നതിനാല്‍ 1991 ല്‍ ശാന്തിനിലയം എന്ന സിനിമയില്‍ അച്ചായന്‍ പറഞ്ഞതനുസരിച്ച് ഒരു വേഷം കിട്ടിയതായിരുന്നു. പക്ഷെ ആ സിനിമ റിലീസായില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
''കോഴിക്കോട് അദ്വൈതം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1992 മെയ് 3 നാണ് അച്ചായന്‍ മരിക്കുന്നത്. ഒരു സീനില്‍ മോഹന്‍ലാലിന്റെ കാലില്‍ വീഴുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഷോട്ട് തീര്‍ന്നിട്ടും അച്ചായന്‍ എഴുന്നേറ്റില്ല. അപ്പോഴേ മരിച്ചിരുന്നു. എംജി സോമേട്ടനാണ് വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞത്. മരിക്കുമ്പോള്‍ അച്ചായന് 58 വയസേയുള്ളൂ'' ബോബന്‍ ഓര്‍ക്കുന്നു.
പെട്ടെന്നുള്ള ആ വിയോഗം ഞങ്ങളെ വല്ലാതെ ഉലച്ചു. കുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ വലിയ ശ്രദ്ധയുള്ള ആളായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെങ്കിലും അച്ചായന്റെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും അവശേഷിക്കുന്നുവെന്നാണ് ആ മകന്‍ പറയുന്നത്. അഭിനയിച്ചു കൊണ്ടിരിക്കെ വീണു മരിക്കുന്നത് നടന്റെ ഭാഗ്യം എന്നൊക്കെ മറ്റുള്ളവര്‍ക്ക് ആലങ്കാരികമായി പറയാം. പക്ഷെ നടന്റെ വീട്ടുകാരെ സംബന്ധിച്ച് അതൊട്ടും സന്തോഷകരമല്ല. അവര്‍ക്കത് പിതാവിന്റേയോ ഭര്‍ത്താവിന്റെയോ എന്നന്നേക്കുമായുള്ള ഇല്ലാതാകലാണല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.