'നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ'; ഡയലോഗിനെക്കുറിച്ച് നസ്ലിൻ
പ്രേമലു എന്ന സിനിമയിലൂടെ പുത്തൻ റൊമാന്റിക് ഹീറോ ഉദിച്ചുയർന്നിരിക്കുകയാണ്. നസ്ലിൻ ഇന്ന് പെൺകുട്ടികളുടെ സ്വപ്നതാരമാണ്. പ്രേമലുവിന്റെ വിജയശേഷം നിരവധി വമ്പൻ പ്രോജക്ടുകളാണ് നസ്ലിനായി അണിയറയിൽ ഒരുങ്ങുന്നത്. യുവാക്കളുടെ ഹരമായ ചോക്ലേറ്റ് നായകന്റെ താരോദയത്തിൽ നിരവധിപ്പേർ അഭിമാനിക്കുന്നുണ്ട്. അതിലൊരാൾ തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് ആണ്.
ഗിരീഷിനെക്കുറിച്ചും തന്റെ കരിയറിലെ ആദ്യചിത്രത്തെക്കുറിച്ചും നസ്ലിൻ പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. നസ്ലിന്റെ വാക്കുകൾ:
തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയും റീച്ചുണ്ടാക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. തണ്ണീർമത്തൻ മുഴുവൻ കഴിഞ്ഞപ്പോഴും ആക്ടിംഗ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു.
ആ സമയത്ത് ഗിരീഷേട്ടൻ എന്താണോ പറയുന്നത് അതാണ് ഞാൻ ചെയ്തത്. നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ എന്ന ഡയലോഗൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ ആ സമയത്ത് എന്തെങ്കിലും പറയണമെന്ന് കരുതി ഞാൻ ചുമ്മാ പറഞ്ഞ ഒരു സാധനമാണത്. അത് ഓൺലൈൻ കൗണ്ടറാണ്. ഗിരീഷേട്ടന്റെയും ഡിനോ ചേട്ടന്റെയും പ്രോപ്പറായൊരു ഗൈഡൻസ് അതിനുണ്ടായിരുന്നു- നസ് ലിൻ പറഞ്ഞു.