അന്ന് എന്റെ നിറം മാറ്റാമോ എന്ന് ദൈവത്തോട് പ്രാർഥിച്ചു, ഒടുവിൽ ഡാൻസിലേക്കായി ശ്രദ്ധ; മിഥുൻ ചക്രവർത്തി
ഇന്ത്യയിലെ സിനിമാപ്രേമികൾക്കിടയിൽ മിഥുൻ ചക്രവർത്തിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്‌കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഈയിടെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്. ചൊവ്വാഴ്ച നടന്ന അവാർഡ്ദാന ചടങ്ങിൽ കരിയറിന്റെ തുടക്കത്തിൽ നേരിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ.
ബോളിവുഡിൽ ഇരുണ്ട നിറമുള്ളവർക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞെന്നും തുടർന്ന് തന്റെ നിറം മാറ്റാൻ ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബോളിവുഡിൽ ഇരുണ്ട നിറമുള്ള നടൻമാർക്ക് അതിജീവിക്കാൻ കഴിയില്ലെന്നാണ് പലരും തന്നോട് പറഞ്ഞത്. തന്റെ നിറം മാറ്റാമോ എന്ന് ദൈവത്തോട് പ്രാർഥിച്ചു. ഒടുവിൽ നിറം മാറ്റാൻ പറ്റില്ലെന്ന കാര്യം ഞാൻ അംഗീകരിച്ചു. പകരം എന്റെ ഡാൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. പ്രേക്ഷകർ എന്റെ നിറം അവഗണിക്കും വിധം ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് മാറാനായിരുന്നു തീരുമാനം.' മിഥുൻ പറഞ്ഞു.
'കഠിനാധ്വാനത്തിലൂടെയാണ് താൻ ഇതുവരെ എല്ലാം നേടിയതെന്ന് പറഞ്ഞ നടൻ കരിയറിൽ ആദ്യമായി നാഷണൽ അവാർഡ് കിട്ടിയതിന് ശേഷമുള്ള ഒരു സംഭവവും ഓർത്തെടുത്തു. ഞാൻ അൽ പാച്ചിനോയെ പോലെയാണെന്നാണ് കരുതി നിർമാതാക്കളെ നിസാരരായി കണ്ട് പെരുമാറാൻ തുടങ്ങി. എന്നാൽ ഒരു നിർമാതാവ് അയാളുടെ ഓഫീസിൽ നിന്ന് എന്നെ പുറത്താക്കി. ആ ദിവസം ഞാൻ അൽ പാച്ചിനോയെപ്പോലെയല്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ വ്യാമോഹങ്ങളും അവിടെ അവസാനിച്ചു.' മിഥുൻ കൂട്ടിച്ചേർത്തു.