പരാജയപ്പെട്ട സിനിമയുടെ നിർമാതാക്കളെക്കുറിച്ച് ചിന്തിക്കാറുണ്ട്: പ്രഭാസ്

Update: 2023-12-20 11:16 GMT

ഈശ്വർ എന്ന സിനിമയിലൂടെയാണ് ഇന്ത്യൻ വെള്ളിത്തിരയിലെ പൊൻതിളക്കമുള്ള നായകൻ പ്രഭാസ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആറടി പൊക്കവും കനലുപോലുള്ള കണ്ണുമുള്ള പ്രഭാസ് വളരെ പെട്ടെന്നുതന്നെ ടോളിവുഡിന്റെ 'ലവ് ബോയ്' എന്ന സ്ഥാനം പിടിച്ചെടുത്തു. വർഷം, രാഘവേന്ദ്ര, അടവിരാമുഡു, ചക്രം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ് മുന്നേറി.

രാജമൗലി സംവിധാനം ചെയ്ത ഛത്രപതി പ്രഭാസിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. അതിനു ശേഷം പുറത്തിറങ്ങിയ മിർച്ചി എന്ന സിനിമയിലൂടെ പ്രഭാസ് തരംഗമായി മാറി. ഛത്രപതിയെന്ന സൂപ്പർഹിറ്റിനു ശേഷമാണ് രാജമൗലിയും പ്രഭാസും ഒന്നിച്ച ചിത്രമാണ് ബാഹുബലി സീരീസ് ഇറങ്ങുന്നത്. ഹിറ്റുകൾക്കൊപ്പം പ്രഭാസിന് വൻ പരാജയങ്ങളുമുണ്ടായിട്ടുണ്ട്. പരാജയങ്ങളെക്കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞത് ശ്രദ്ധേയമാണ്.

പലപ്പോഴും പരാജയങ്ങൾ വല്ലാതെ ബാധിക്കാറുണ്ട്. അവയെ വളരെ ഗൗരവമായാണ് കാണുന്നത്. പരാജിത സിനിമയുടെ നിർമാതാക്കളെപ്പക്കുറിച്ചും കൂടെ പ്രവർത്തിച്ചവരെക്കുറിച്ചും ഞാൻ ചിന്തിക്കാറുണ്ട്. ഒരു സിനിമ പരാജയപ്പെട്ടാൽ എവിടെയാണ് പാളിച്ചപറ്റിയത്, എന്താണ് തെറ്റ് എന്നൊക്കെ ശ്രദ്ധിച്ച് തിരുത്താൻ ശ്രമിക്കാറുണ്ട്. പിന്നെ, എത്ര വലിയ നടനാണെങ്കിലും തന്റെ സിനിമ ജനങ്ങൾ സ്വീകരിക്കണമെന്ന് ആഗ്രഹിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ സങ്കടമുണ്ടാകും. അതു സ്വാഭാവികമായും സംഭവിക്കാവുന്ന കാര്യങ്ങളാണ്. പിന്നെ, പരാജയങ്ങളിൽ തളരാതെ വിജയത്തിനു വേണ്ടി പരിശ്രമിക്കാനാണ് എനിക്കു താത്പര്യം - പ്രഭാസ് പറഞ്ഞു.

Tags:    

Similar News