എവിടെ നിന്ന് വരുന്നു ഈ മാന്ത്രികത?; ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ച റഹ്‌മാൻ, കുറിപ്പ്
ഇന്ത്യൻ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ചും എഴുതുകയാണ് ഡിബിൻ റോസ് ജേക്കബ് ചരിത്രാന്വേഷികൾ എന്ന ഫേസ്ബുക്ക് പേജിൽ.
'റഹ്‌മാൻ വിമർശകരെ പേടിച്ചില്ല, വിഗ്രഹങ്ങൾ വീണുടഞ്ഞു. മൃദുവായി സംസാരിച്ച ആ യുവാവ് ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ചു. 1997-ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ 'വന്ദേമാതരം' പുനരാഖ്യാനം ചെയ്തു നശിപ്പിച്ചുവെന്ന് ആരോപണമുണ്ടായി. പഴി കേൾക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള ധീരമായ പരീക്ഷണം. ഇതുവരെ കേൾക്കാത്ത ഈണവും തീക്ഷ്ണതയും ആ ഗാനത്തിനു നൽകി. യഥാർത്ഥ ദേശസ്നേഹി ആത്മാവിന്റെ ആഴത്തിൽ നിന്നും അമ്മയെ വന്ദിച്ചു- മാ തുജേ സലാം!'. അദ്ദേഹം എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
തൊണ്ണൂറുകളിലെ പയ്യൻ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം. ഞാനെന്ന കൗമാരക്കാരന്റെ ചെറിയ ലോകത്തിൽ സിനിമയും സംഗീതവും ഇൻഡിപോപ്പുമുണ്ട്. ലോകം ചെറുതെങ്കിലും ഭാവനയും കാമനയും വലുത്. അനു മാലിക്, നദീം ശ്രാവൺ, ജതിൻ ലളിത് എന്നീ പ്രമുഖ ബോളിവുഡ് സംഗീത സംവിധായകരുടെ സുവർണകാലം. ലക്ഷ്മികാന്ത് പ്യാരേലാലും ബപ്പി ലഹരിയും അപ്പോഴുമുണ്ട്, പക്ഷേ നല്ല കാലം കഴിഞ്ഞു. ഗായകർ കുമാർ സാനു, ഉദിത് നാരായൺ, അഭിജിത്ത്, അൽക്കാ യാഗ്‌നിക്ക്, കവിതാ കൃഷ്ണമൂർത്തി, സാധന സർഗം, സുനീതി ചൗഹാൻ. ദില്ലി ദൂരദർശൻ സംപ്രേഷണം ചെയ്യുന്നന്ന ചിത്രഹാർ, ഏക് സെ ബട്കർ ഏക്, ഓൾ ദ് ബെസ്റ്റ് എന്നീ പരിപാടികൾ സായന്തനങ്ങളെ സംഗീതമയമാക്കും.
തമിഴിൽ ഇളയരാജ ഇമ്പമുള്ള ഗാനങ്ങൾ ഒരുക്കുന്നു, ദേവ ചടുലമായ സംഗീതവും. മലയാളത്തിൽ രവീന്ദ്രന്റേയും ജോൺസന്റേയും
സംഗീത മാധുര്യം. ഇൻഡ്യൻ പോപ്പ് സംഗീതം ശ്രദ്ധ നേടുന്നു. സിനിമ ഗാനങ്ങൾക്കപ്പുറം ജനപ്രിയ സംഗീതമുണ്ടെന്ന് രാജ്യം അറിയുന്നു.
അനൈഡ, സുനിതാ റാവു, ശ്വേത ഷെട്ടി, അലീഷ ചിനോയ്, ബാബാ സെഗാൾ, റെമോ ഫെർണാണ്ടസ്, കംപോസർ ബിഡ്ഢു.
അറേബ്യൻ ഗായകൻ ഖാലിദിന്റെ ഹിറ്റ് നംപർ 'ദീദി'. പഞ്ചാബി ഗായകൻ ദേലർ മെഹന്തിയുടെ 'ബോലോ തരാരാ'. വെസ്റ്റേൺ ബാൻഡ് പൊലീസ്, അക്വാ. ഈഗിൾസിന്റെ 'ഹോട്ടൽ കാലിഫോർണിയ'. മൈക്കൽ ജാക്‌സന്റെ 'ഡെയ്ഞ്ചറസ്'. അതിനിടയിൽ ചക്രവാളത്തിൽ പുതിയൊരു നക്ഷത്രം ഉദിച്ചു. ഇന്ത്യൻ സിനിമാ സംഗീതത്തെ തനിക്കു മുമ്പും ശേഷവും എന്നയാൾ വേർതിരിച്ചു- അല്ലാ രഖാ റഹ്‌മാൻ, മദ്രാസിലെ മൊസാർട്ട്.
~
തൊണ്ണൂറുകളുടെ മധ്യത്തിൽ, തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായ എന്റെ ജീവിതം റഹ്‌മാന്റെ സംഗീതത്തെ തൊടാതെ കടന്നു പോകില്ല.
1992-ൽ മണിരത്നത്തിന്റെ 'റോജ'യിൽ തുടക്കം. ആധുനികതയെ പുൽകിയ ആ യുവാവ് വേഗവും മാധുര്യവും സമം ചേർത്തു. ദ്രുതതാളങ്ങളും നെഞ്ചിനെ തൊടുന്ന ഈണങ്ങളുമായി ഇന്ത്യൻ സംഗീതത്തിൽ ഒരു വിപ്‌ളവത്തിനു തുടക്കമിട്ടു. അപ്പോൾ ഇരുപത്തഞ്ച് വയസ്സ്. പെട്ടെന്ന് ഉദിച്ച താരമല്ല. പിതാവിന്റെ മരണത്തിൽ ഉലഞ്ഞ ദുരിതം നിറഞ്ഞ ബാല്യത്തിനു ശേഷം, കൗമാരം മുതലേ ഭാവിവാഗ്ദാനം എന്ന പേര് നേടിയിരുന്നു. ആ പ്രായം മുതൽ ഗ്വിറ്റാറിലും കീബോർഡിലും പിയാനോയിലും ഹാർമോണിയത്തിലും സിന്തസൈസറിലും പ്രാവീണ്യം. സംഗീതവും സാങ്കേതികതയും സമന്വയിപ്പിച്ച സിന്തസൈസർ മദ്രാസി യുവാവിന് ഏറെയിഷ്ടം. കംപ്യൂട്ടർ മ്യൂസിക് എന്നാണ് പൊതുജനം പറഞ്ഞത്. യുവതയുടെ പദചലനങ്ങളെ ദ്രുതവേഗത്തിലാക്കിയ ഉപകരണം.
ഇളയരാജ, എംഎസ് വിശ്വനാഥൻ, എംകെ അർജുനൻ എന്നീ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ച ദിലീപ് കുമാർ അഥവാ റഹ്‌മാൻ ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് പാശ്ചാത്യ സംഗീതത്തിൽ ഡിപ്‌ളോമ നേടി. അതൊരു വഴിത്തിരിവായി. ജന്മനാടിന്റെ പരമ്പരാഗത നാടൻ ശീലുകളോട് പടിഞ്ഞാറിന്റെ ചടുലത ചേർന്നപ്പോൾ സംഭവിച്ച അത്ഭുതത്തെ ആ തലമുറ അത്യാവേശപൂർവം സ്വീകരിച്ചു. ഫാസ്റ്റ് നമ്പറുകളുടെ ഇടയിൽ പോലും മെലഡി കലർന്നു. ഇരുപതാം വയസ്സിൽ പരസ്യ ജിംഗിളുകൾ, ഡോക്യുമെന്ററിയുടെ പശ്ചാത്തല സംഗീതം, ടെലിവിഷൻ പരിപാടികൾ. അന്ന് ഈ പേര് ഉയർന്നു കേട്ടില്ല. എന്നാൽ ഒരു നിമിഷം മാത്രം കേട്ട് ഹൃദയം തൊട്ട ആ ഈണങ്ങളിൽ കയ്യൊപ്പ് പതിഞ്ഞിരുന്നു. പിന്നീട് സംവിധായകനായ സുഹൃത്ത് രാജീവ് മേനോൻ (മിൻസാരക്കനവ്, കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ) റഹ്‌മാന്റെ സംഗീതം പരസ്യത്തിന് ഉപയോഗിച്ചവരിൽ പ്രധാനിയാണ്. ശിവമണി, ഷാഹുൽ ഹമീദ്, സുരേഷ് പീറ്റേഴ്സ് എന്നീ സതീർത്ഥ്യരുമായി ചേർന്ന് ചെന്നൈയിൽ 'നെമെസിസ് ജംഗ്ഷൻ' എന്നൊരു റോക്ക് ബാൻഡ് സ്ഥാപിച്ചു. ഉന്നതിയിലേക്കുള്ള യാത്രയിൽ സൗഹൃദം തുടർന്നു.
~
1992. ഒരു പുതുശ്വാസമായി 'റോജ'.
തമിഴ് നാടോടി ഈണമായ 'ചിന്ന ചിന്ന ആസൈ' ചിട്ടപ്പെടുത്തിയ അതേ ആൽബത്തിലാണ് തികച്ചും വേറിട്ട 'പുതുവെള്ളൈമഴൈ.' ഇന്ത്യൻ സിനിമയിൽ അങ്ങനെയൊരു കോംപസിഷൻ ഇതാദ്യം. അതുവരെ ഇളയരാജയായിരുന്നു
മണിരത്‌നത്തിന്റെ പ്രിയ സംഗീതകാരൻ.
പക്ഷേ 'റോജ'യ്ക്കു ശേഷം റഹ്‌മാൻ ഇല്ലാതെ ഒരൊറ്റ സിനിമയും മണിയുടേതായില്ല. റഹ്‌മാന്റെ സംഗീതത്തിന് മണിരത്‌നം നൽകുന്ന ദൃശ്യഭാഷയ്ക്ക് അപൂർവ ചാരുതയുണ്ട്.
അരങ്ങേറ്റ വർഷത്തിൽ, ക്യാമറമാൻ സന്തോഷ് ശിവൻ തന്റെ സഹോദരൻ സംഗീത് ഒരുക്കുന്ന മോഹൻലാൽ ചിത്രമായ 'യോദ്ധയിൽ' റഹ്‌മാന് അവസരം നൽകി. ആ നിത്യഹരിത ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയം.
'കുനുകുനെ ചെറു കുറുനിരകൾ', 'പടകാളി'
'മാമ്പൂവേ മഞ്ഞുതിരുന്നു.' കാഠ്മണ്ഡു താഴ്വരയിലെ ബുദ്ധമത പരിശീലനവും മിത്തുകളും നിഗൂഢതയും ആവാഹിച്ച പശ്ചാത്തല സംഗീതം.
1993-ൽ ഭാരതിരാജയുടെ ചിത്രങ്ങളിൽ
നാടോടി ഈണങ്ങൾ- 'കിഴക്ക് സീമയിലെ', 'കറുത്തമ്മ'. 1994-ൽ മേയ്മാതത്തിലെ 'മാർഗഴിപ്പൂവേ.' വാലിയും വൈരമുത്തുവും റഹ്‌മാന് സാഹിത്യഗുണമുള്ള വരികൾ നൽകി.
1993-ൽ റഹ്‌മാൻ മറ്റൊരു ഹിറ്റ് കോംബിനേഷൻ തുടങ്ങി. ബിഗ് ബജറ്റ് ഫിലിം മേയ്ക്കർ ശങ്കറുടെ രംഗപ്രവേശം.
ജന്റിൽമാൻ- മൂന്നരക്കോടി ബജറ്റ്, കാതലൻ (1994)- നാലരക്കോടി.
അന്നത് വലിയ തുകയാണ്. വിശാലമായ പശ്ചാത്തലം, ഗംഭീര ഗാനചിത്രീകരണം. തിരശ്ശീലയിൽ ആക്ഷൻ കിംഗ് അർജുൻ.
എക്‌സ്ട്രാ ബാഗി പാന്റ് ധരിച്ച റബ്ബർ ശരീരമുള്ള നർത്തകൻ പ്രഭുദേവ. പ്രോസ്‌തെറ്റിക് മേക്കപ്പണിഞ്ഞ് നടന വൈഭവവുമായി കമലഹാസൻ (ഇന്ത്യൻ, 1996). നായികമാർ ഗൗതമി, മധുബാല, സുകന്യ, മനീഷ. സംഗീതം, നൃത്തം, വർണ്ണം, സൗന്ദര്യം- ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയുടെ മായാദിനങ്ങൾ.
ചിക്കു പുക്ക് റെയിലേ, എൻവീട്ടു തോട്ടത്തിൽ, ഒട്ടകത്തെ കെട്ടിക്കോ, ഉസിലാം പട്ടി പെൺകുട്ടി, പാക്കാതെ പാക്കാതെ, മുക്കാലാ മുക്കാബലാ, എന്നവളേ, പെട്ട റാപ്പ്, അഞ്ജലീ അഞ്ജലീ, കുലുവാലിലായ്, തില്ലാന തില്ലാന,
പച്ചൈക്കിളികൾ, ടെലിഫോൺ മണിപോൽ, മായാ മച്ചിന്ദ്രാ, ചന്ദിരനെ തൊട്ടത് യാർ, വരാഹ നദിക്കരയോരം. കണ്ണും കണ്ണും കൊള്ളയടിത്താൽ, വീരവാണ്ടി കോട്ടയിലെ, രാസാത്തീ, ചന്ദ്രലേഖ, ഉയിരേ, കണ്ണാളനേ, കുച്ചി കുച്ചി രാക്കമ്മാ, അന്ത അറബിക്കടലോരം- ഒന്നിനു പിറകേ ഒന്നായി ഹിറ്റ്. ബസുകൾ, തിയറ്ററുകൾ, സമ്മേളന വേദികൾ, ഉൽസവ പറമ്പുകൾ, മൈതാനങ്ങൾ, കോളേജ് ഓഡിറ്റോറിയങ്ങൾ- സർവം റഹ്‌മാൻ മയം. അന്ന് ടെലിവിഷനിൽ സംഗീത പരിപാടികൾ കുറവ്- തമ്മിൽ ഭേദം എഫ്എം റേഡിയോ. മ്യൂസിക് ഷോപ്പിൽ കസെറ്റ് റെക്കോർഡിംഗ് പതിവ്. കൊടുങ്ങല്ലൂർ നോബിൾ തിയറ്ററിൽ 'ഉർവസി ഉർവസി' ഗാനത്തിൽ പ്രഭുദേവ റഹ്‌മാന്റെ ചടുല സംഗീതത്തിന് ചുവടു വയ്ക്കുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു. ആ ഗാനത്തിലെ ഒരു ദൃശ്യത്തിൽ, പ്രകാശപൂരിതമായ ചില്ലുവണ്ടി രാവിൽ തെരുവിലിരുന്ന് കാണുന്ന ഭവന രഹിതനായ വൃദ്ധന്റെ കണ്ണിൽ കണ്ട അതേ അത്ഭുതം.
അന്ന് ഞാൻ റഹ്‌മാന്റെ സംഗീതത്തെ പഠിക്കാനൊന്നും തുനിഞ്ഞില്ല. ആസ്വാദനം, അതു മാത്രം. എവിടെ നിന്ന് വരുന്നു ഈ മാന്ത്രികത? ഇന്ത്യൻ ക്‌ളാസിക്കൽ, ഹിന്ദുസ്ഥാനി സംഗീതം തമിഴ് നാടോടി ഈണങ്ങളുമായി ചേർന്നു. വെസ്റ്റേൺ, ജാസ്, റെഗ്ഗെ, ആഫ്രിക്കൻ താളവുമായി മിശ്രണം. ചെ
ഒട്ടനേകം സംഗീത ഉപകരണങ്ങൾ, പലതിന്റേയും പേര് ആദ്യമായി കേട്ടത്. പരമ്പരാഗത വാദ്യങ്ങളും ഇലക്ട്രോണിക് ബീറ്റും റഹ്‌മാന് ഒരു പോലെ വഴങ്ങി.
ഒരൊറ്റ അൽബത്തിൽ ഒരു കൂട്ടം ഗായകരെ ഉൾപ്പെടുത്തി. ഗായകനും ഗായികയും ഒരുമിച്ച് യുഗ്മഗാനം ആലപിക്കുന്ന രീതി അവസാനിപ്പിച്ചു. സിനിമ സംവിധായകരെ പോലെ തനിക്കുവേണ്ടത് ഗായകരിൽ നിന്ന് വാങ്ങിയെടുത്ത്, സർഗാത്മകമായി കൂട്ടിച്ചേർത്തു; പരീക്ഷണങ്ങൾക്ക് മുതിർന്നു.
പാട്ട് പുറത്തിറങ്ങുമ്പോൾ മാത്രമേ പാടിയതിന്റെ ഫലം അറിയാൻ കഴിയൂ എന്ന് ഗായിക സുജാത പറഞ്ഞു. ഗായകർക്ക് സംഗീതജ്ഞനെ വിശ്വാസമുണ്ടായിരുന്നു.
റഹ്‌മാൻ വിമർശകരെ പേടിച്ചില്ല, വിഗ്രഹങ്ങൾ വീണുടഞ്ഞു. മൃദുവായി സംസാരിച്ച ആ യുവാവ് ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ചു. 1997-ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ 'വന്ദേമാതരം' പുനരാഖ്യാനം ചെയ്തു നശിപ്പിച്ചുവെന്ന് ആരോപണമുണ്ടായി. പഴി കേൾക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള ധീരമായ പരീക്ഷണം. ഇതുവരെ കേൾക്കാത്ത ഈണവും തീക്ഷ്ണതയും ആ ഗാനത്തിനു നൽകി. യഥാർത്ഥ ദേശസ്നേഹി ആത്മാവിന്റെ ആഴത്തിൽ നിന്നും അമ്മയെ വന്ദിച്ചു- മാ തുജേ സലാം! പാക്കിസ്ഥാനി ഇതിഹാസ ഗായകൻ നുസ്‌റത്ത് ഫത്തെഹ് അലി ഖാന്റെ മനോഹരമായ മെലഡികളും അകമ്പടിയായി. 90-കളുടെ രണ്ടാം പകുതിയിൽ റഹ്‌മാൻ തമിഴിൽ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു. മെല്ലിസയേ (മിസ്റ്റർ റോമിയോ,1996), മലർകളേ (ലവ് ബേർഡ്‌സ്,1996), മുസ്തഫാ, കല്ലൂരിസാലൈ, എന്നൈ കാണവില്ലയേ (കാതൽദേശം,1996), നറുമുഖയേ, ആയിരത്തിൽ നാൻ ഒരുവൻ, ഹലോ മിസ്റ്റർ എതിർകച്ചി (ഇരുവർ,1997), പൂ പൂക്കൂം ഓസൈ, വെണ്ണിലവേ (മിൻസാരക്കനവ്,1997), എന്നവിലൈയഴകേ, ഓ മരിയാ (കാതലർദിനം,1999) ചില്ലല്ലവാ, ജുംബലക്കാ (എൻ ശ്വാസക്കാറ്റ്‌റേ,1999)- ഒരു കാലഘട്ടത്തിന്റെ മധുരസ്മൃതി.
1995-ൽ രാം ഗോപാൽ വർമയുടെ 'രംഗീല'യിൽ
ബോളിവുഡ് പ്രവേശം. തനഹ തനഹ, മംഗ്താ ഹെ ക്യാ, രംഗീലാ രേ, ക്യാ കരേ ക്യാ ന കരേ...ഹിന്ദി സിനിമയുടെ നടപ്പുരീതികൾക്ക് വഴങ്ങാതെ തന്റേതായ വഴിയിൽ അതിനെ നടത്തി. ഓ ബാവ് രേ (ദൗഡ്, 1997), ബോൽ സജ്‌നി (ധോലി സജാ കെ രഖ്‌ന, 1998), ചയ്യാ ചയ്യാ യേ അജ്‌നബി, ജിയാ ജലേ, സത് രംഗീരേ (ദിൽ സേ, 1998), ഇഷ്‌ക് ബിനാ, റംതാ ജോഗി, നഹിം സാമനേ, കരിയേ നാ, താൽ സേ താൽ മിലാ (താൽ, 1999). രാവിൽ വോക്ക്മാൻ ഹെഡ്‌സെറ്റ് ചെവിയിൽ വച്ചു കേട്ടാൽ മഴയുടെ താളവും തണുപ്പറിയാം. ഗുൽസാറിന്റേയും ജാവേദ് അക്തറിന്റേയും കവിത നിറഞ്ഞ വരികൾ തുണയായി. ഹിന്ദി സിനിമാ ലോകം കീഴടക്കിയ മദ്രാസി ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകന്റെ ഇരിപ്പിടം ഉറപ്പിച്ചു. തെക്കേ ഇന്ത്യക്കാരെ അംഗീകരിക്കാൻ മടിയുള്ളവർ എണീറ്റ് നിന്ന് കയ്യടിച്ചു. മൗലികത അവർ അപൂർവമായാണ് കാണുന്നത്. ബോളിവുഡ് റഹ്‌മാനെ തേടി മദ്രാസിൽ വന്നു. വീടിനോടു ചേർന്നുള്ള 'പഞ്ചാതൻ റെക്കോർഡ് ഇൻ' സ്റ്റുഡിയോ ഏഷ്യയിലെ ഏറ്റവും മികച്ച ശബ്ദലേഖന കേന്ദ്രങ്ങളിൽ ഒന്നായി വളരാൻ തുടങ്ങി.
പതിനേഴാം വയസ്സിൽ കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്ന റഹ്‌മാന്റെ സംഗീതത്തി്ൽ പിന്നീട് സൂഫിസവും ഖവാലിയും നിറഞ്ഞു. ചയ്യാ ചയ്യാ (ദിൽസേ, 1998), ഇഷ്‌ക് ബിനാ (താൽ, 1999), ഖൽബലി ഹേ ഖൽബലി (രംഗ് ദേ ബസന്തി, 2006), തേരെ ബിനാ (ഗുരു, 2007), ഖ്വാജാ മെരെ ഖ്വാജാ, ജഷ്‌നെ ബഹാരാ, ഇൻ ലമഹോം കൊ (ജോധാ അക്ബർ, 2008). സൂഫിസത്തിന്റെ സ്വാധീനം തുടക്കം മുതലേ റഹ്‌മാനിലുണ്ട് താനും (കണ്ണാളനേ, ബോംബെ,1995). 'ഖ്വാജാ മേരെ ഖ്വാജാ'യിൽ നാല് വ്യത്യസ്ത ഗായകർ ആലപിക്കുന്ന ഖവാലിയിലെ നാലു ശബ്ദവും സത്യത്തിൽ
ഒരാളുടേതാണ്- റഹ്‌മാന്റെ. ഈ രീതി ആദ്യമായി പരീക്ഷിച്ചത് 'കണ്ണാളനേ'യിലെ ഖവാലി ഇന്റർലൂഡിൽ. ഒരിക്കൽ റഹ്‌മാൻ പറഞ്ഞു: സൂഫി ഗാനങ്ങൾ എപ്പോഴും സിനിമയ്ക്കു വേണ്ടി മെനയുന്നതല്ല. രാത്രിയുടെ അവസാന യാമത്തിലാണ് അവ രൂപപ്പെടുന്നത്. അത്മാന്വേഷണത്തിന്റെ ഭാഗം, പൂർണമായും വ്യക്തിപരം. സംവിധായകർക്ക് സ്വീകാര്യമെങ്കിൽ, കഥാഗതിക്ക് അനുയോജ്യമെങ്കിൽ അവ സിനിമയിൽ ഇടം കണ്ടെത്തും. അതാണ് ആ ഈണങ്ങളുടെ നിയോഗം.
പുതിയ നൂറ്റാണ്ടിൽ റഹ്‌മാൻ കടൽ കടന്നു. അന്താരാഷ്ട്ര സംരംഭങ്ങൾ വർധിച്ചു. ബ്രിട്ടീഷ് സംഗീതജ്ഞൻ ആൻഡ്ര്യൂ ലോയ്ഡ് വെബറിനൊപ്പം ലണ്ടനിൽ ബോളിവുഡ് തീം മ്യൂസിക്കൽ (2002-2004). പിന്നീടത് ന്യൂയോർക്ക് ബ്രോഡ് വേ പ്രൊഡക്ഷൻ. അക്കാദമി അവാർഡ് നോമിനേഷൻ നേടിയ ആദ്യ ചൈനീസ് സിനിമ (Warriors of Heaven and Earth, 2003). ഐക്യരാഷ്ട്ര സഭയുടെ ദാരിദ്ര്യ നിർമാർജന പരിപാടിക്കു വേണ്ടി, നോക്കിയയുടെ സഹകരണത്തോടെ മൊബൈൽ ഫോർമാറ്റിൽ തന്റെ ആദ്യത്തെ ഇംഗ്ലീഷ് ഗാനം (Pray for me brother, 2007).
ശേഖർ കപൂറിന്റെ പീരിയഡ് ഡ്രാമ എലിസബത്ത്: ഗോൾഡൻ ഏജ് (2007), പീറ്റർ ബില്ലിൽഗ്സ്ലിയുടെ കപ്പിൾസ് റിട്രീറ്റ് (2009).
പേരുകേട്ട ഗോൾഡൻ ഗ്‌ളോബ്, ഗ്രാമി, ബാഫ്ത പുരസ്‌കാരങ്ങൾ നേടിയ ശേഷം പുകൾ കേട്ട ഇരട്ട ഓസ്‌കർ (സ്ലംഡോഗ് മില്യനയർ, 2009). അതിലൊന്ന് 'ജയ് ഹോ' എന്ന ഗാനത്തിന്. പക്ഷേ അത് സംഗീതകാരന്റെ ഏറ്റവും മികച്ച ഗാനങ്ങളുടെ നിരയിൽ വരില്ല. പശ്ചാത്തല
സംഗീതത്തിനാണ് പ്രധാന പുരസ്‌കാരം (Original score or BGM). സിനിമ പാട്ടുകളിൽ
ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ഇന്ത്യൻ
കാണിക്ക് ഇത് വിഷമകരമായ ഒരു
തിരിച്ചറിവത്രേ, നമുക്ക് പാട്ടില്ലാതെ പടം സങ്കൽപിക്കുക കഠിനം. എന്നാൽ കഥയുടെ യുക്തിക്ക് ചേരാത്ത ഗാനമല്ല, കഥാഗതിയോട് ചേർന്നു നീങ്ങുന്ന പശ്ചാത്തല സംഗീതമാണ് സിനിമയുടെ നട്ടെല്ല്. ചലച്ചിത്രം അനുഭവിക്കുന്നത് സംഗീതത്തിലൂടെയാണ്,
പലപ്പോഴും നിശ്ശബ്ദതയിലൂടെയും.
പശ്ചാത്തല സംഗീതത്താൽ മാന്ത്രികത നെയ്യുന്നവർ ഇവിടെയുമുണ്ടായിരുന്നു, പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. കാണിയുടെ കേൾവിയെ മഥിച്ച്, വികാരത്തെ ഉണർത്തി ദൃശ്യത്തിൽ അലിയിക്കുകയാണ് പശ്ചാത്തല സംഗീതജ്ഞന്റെ ധർമം. പക്ഷേ ജോൺസൻ ഓർമിക്കപ്പെടുന്നത് മധുരമായ പാട്ടുകളുടെ പേരിലാണ്, തീവ്രമായ പിന്നണിയാലല്ല.
റഹ്‌മാന്റെ ഹിറ്റ് ഗാനങ്ങളുള്ള സിനിമകളിലെ ബിജിഎം ഇതുവരെ വേണ്ട വിധം ആസ്വദിക്കപ്പെട്ടിട്ടില്ല. വിദേശ സിനിമകളിൽ പാട്ടിന് വലിയ പ്രാധാന്യമില്ല, ഗാനങ്ങൾക്ക് അവിടെ വേറിട്ട സംഗീത ശാഖകളും വിപണിയുമുണ്ട്. ക്ലാസിക്കൽ, പോപ്പ്, റോക്ക്, റോക്ക് & റോൾ, മെറ്റൽ, ജാസ്, ബ്ലൂസ്, കൺട്രി എന്നിങ്ങനെ. ഇന്ത്യയിൽ അത് അത്രകണ്ട് വികസിച്ചിട്ടില്ല. എന്നാൽ വൈവിധ്യമാർന്ന ഈ സംഗീത ശകലങ്ങളെ റഹ്‌മാൻ വിദഗ്ദമായി സിനിമയിൽ കലർത്താറുണ്ട്. 'സ്ലംഡോഗിന്റെ' ഫീൽ ഗുഡ് മൂഡിനെ ഉത്തേജിപ്പിച്ച റഹ്‌മാന്റെ സംഗീതത്തിനു കിട്ടിയ അധിക സമ്മാനമാണ് 'ജയ് ഹോ' ഗാനത്തിനു ലഭിച്ച അംഗീകാരം.
~
ഇരുപത്തഞ്ച് വർഷത്തെ വാഴ്ചയ്ക്കു ശേഷം റഹ്‌മാന്റെ കാലം കഴിഞ്ഞു എന്നു പറയുന്നവരുണ്ട്. തുടരെ തുടരെയുള്ള ഹിറ്റുകളുടെ കാലം കഴിഞ്ഞു. സംഗീതകാരൻ അതിനപ്പുറത്തേക്ക് നടന്നു നീങ്ങി. ആ പേര്
വലിയൊരു ബ്രാൻഡായി വളർന്നു കഴിഞ്ഞു. ഇപ്പോഴും സിനിമാ പാട്ടുകൾ ചിട്ടപ്പെടുത്തുന്നത് നല്ലൊരു വരുമാന മാർഗം എന്ന നിലയിലാകാം. ഇങ്ങനെ നേടുന്ന പണം യഥാർത്ഥ സംഗീത താൽപര്യങ്ങൾ പിന്തുടരാൻ ഉപയുക്തമാകും. അപ്പോൾ പോലും പ്രതിഭയാലും വൈവിധ്യത്താലും അത്ഭുതപ്പെടുത്തും,
ക്‌ളാസും മാസും ഒരുപോലെ വഴങ്ങുന്നയാൾ. പ്രഭ മങ്ങിയെന്ന് കേട്ട വേളയിൽ ആറാം ദേശീയ പുരസ്‌കാരം തേടിയെത്തി. മണിരത്‌നത്തിന്റെ 'കാറ്റ്‌റു വെളിയിടൈ' (2016). രജനിയുടെ 'മുത്തു' റഹ്‌മാന്റെ ആദ്യകാല ഹിറ്റുകളിൽ ഒന്നാണ് (1995). എന്നാൽ മധുരമുള്ള ഗാനങ്ങൾ തലൈവന് ചേരുന്നതല്ലെന്നു പറഞ്ഞ രജനിയുടെ ആരാധകർ റഹ്‌മാന്റെ വീടിന് കല്ലെറിഞ്ഞു. പക്ഷേ വലിയ ഹിറ്റായ 'മുത്തു' രജനിക്ക് ജപ്പാനിൽ വരെ ആരാധകരെ ഉണ്ടാക്കി. പിന്നീട് ശിവാജിയിലും, എന്തിരനിലും
റഹ്‌മാൻ തലൈവരുടെ ആരാധകരെ പുതിയ ആസ്വാദന ശീലങ്ങൾ പഠിപ്പിച്ചു. രജനിക്ക് റഹ്‌മാൻ നൽകിയ ചില ഗാനങ്ങൾ കാലത്തിനു മുന്നേ പിറന്നതുമാണ് (സ്‌റ്റൈൽ, ശിവാജി; ഇരുമ്പിലെ ഒരു ഇദയം, എന്തിരൻ; എന്തിര ലോകത്ത് സുന്ദരിയേ, 2.0).
ഡാനി ബോയലിന്റെ സർവൈവൽ സാഗ 127 അവർസ് (2010), ഇന്ത്യൻ-അമേരിക്കൻ ബേസ് ബോൾ ത്രില്ലർ മില്യൻ ഡോളർ ആം (2014), ഹൻഡ്രഡ് ഫൂട്ട് ജേണി (2014), ബ്രസീലിയൻ ഇതിഹാസം പെലയുടെ ബയോപ്പിക്ക് (Pele, 2016). വിശ്രുത ഇറാനിയൻ ചലച്ചിത്രകാരൻ മജീദ് മജീദിയുടെ സിനിമകൾ- മുഹമ്മദ്: ദ് മെസഞ്ചർ ഓഫ് ഗോഡ്- 2015, ബിയോണ്ട് ദ് ക്ലൗഡ്- 2017. എന്നീ സിനികളിലൂടെ റഹ്‌മാൻ
അന്താരാഷ്ട്ര യാത്ര തുടർന്നു. പശ്ചാത്തലം ഭംഗിയാക്കി മനോഹരമായ ഗാനങ്ങളും ഒരുക്കി.
(സജ്‌ന, ഇഫ് ഐ റൈസ്). ഓസ്‌കർ നേടിയ
ശേഷം ഇന്ത്യൻ സിനിമയെ ഉപേക്ഷിച്ചുമില്ല.
വിണ്ണൈത്താണ്ടി വരുവായാ, രാവൺ, എന്തിരൻ, റോക്ക്സ്റ്റാർ, ജബ് തക് ഹേ ജാൻ,
കടൽ, മാരിയൻ, രഞ്ജാന, ഹൈവേ, കൊച്ചടിയാൻ, കാവ്യതലൈവൻ, ഐ, ഓ കാതൽ കൺമണി, അച്ചം യെൻപത്, മോഹൻ ജെദാരോ, കാറ്റ്രു വെളിയിടൈ, സച്ചിൻ: എ ബില്ല്യൻ ഡ്രീംസ്, മെർസൽ, ചെക്ക ചിവന്ത വാനം, സർക്കാർ, ബിഗിൽ, മിമി, മലയൻകുഞ്ഞ്. കഴിഞ്ഞു പോയ പന്ത്രണ്ട് വർഷങ്ങളിൽ മധുരഗീതങ്ങളും ചടുല താളവുമായി റഹ്‌മാൻ ഇവിടെയുണ്ടായിരുന്നു.
പ്രഗത്ഭനായ ചലച്ചിത്രകാരൻ അശുതോഷ് ഗവാരിക്കർ എന്നും റഹ്‌മാന് വിളയാടാനുള്ള കളിത്തട്ട് ഒരുക്കിയിരുന്നു- ലഗാൻ, സ്വദേശ്, ജോധ അക്ബർ. ഈ നിരയിൽ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ, എന്നാൽ ഒട്ടും പിന്നിലല്ലാത്ത സൗണ്ട് ട്രാക്കാണ് മോഹൻജൊദാരോ (2016). സിനിമ പരാജയപ്പെട്ടത് സംഗീതത്തേയും ബാധിച്ചു. വ്യക്തിപരമായി ഏറെ ഇഷ്ടമാണ് ആ ചിത്രവും സംഗീതവും. മൺമറഞ്ഞു പോയ ഒരു മഹാ സംസ്‌ക്കാരത്തിന്റെ ദൃശ്യപ്പൊലിമയ്ക്ക് ചന്തം ചാർത്തുന്ന സംഗീതം. ആവർത്തന വിരസമായ
കഥാതന്തു ദുർബലം, പക്ഷേ തിരശ്ശീലയിൽ മോഹൻജൊദാരോയുടെ പ്രൗഢിക്ക് കുറവില്ല. ഉപകരണ വൈവിധ്യമുള്ള മെലഡികൾ സുന്ദരം, പക്ഷേ പശ്ചാത്തല സംഗീതം അതിലേറെ ശക്തം. സിന്ധുവിനെ അമ്മയായി കണ്ട നമ്മുടെ പൂർവികർക്ക് ആ നദിയോടുള്ള വൈകാരിക ഇഴയടുപ്പത്തിന് റഹ്‌മാൻ ചേതോഹരമായി ഈണം പകർന്നു.
സംഗീത സംവിധായകൻ എന്നതിൽ ഉപരി താൻ
അതിര് ഭേദിക്കേണ്ട സംഗീതകാരനാകുന്നു എന്ന തിരിച്ചറിവ് റഹ്‌മാന് ചെറുപ്പം മുതലേയുണ്ട്.
അഹത്തെ മറികടക്കുന്ന ആത്മചോദന.
നിറയെ ഹിറ്റ് ഗാനങ്ങളുള്ള 1990-കളിലെ ആൽബങ്ങളിൽ ആ സിനിമകളുടെ സത്തയെ
ഉൾക്കൊള്ളുന്ന ഇൻസ്റ്റ്രുമെന്റൽ തീം മ്യൂസിക് ട്രാക്ക് പതിവാണ്- റോജ, യോദ്ധ, തിരുടാ തിരുടാ, ബോംബെ, രംഗീല, ദൗഡ്, താൽ, ദിൽ സേ. ഹിറ്റുകൾ വിപണിക്കും, ആൾക്കൂട്ടത്തിനും; പശ്ചാത്തല സംഗീതം തന്റെ ആനന്ദത്തിന്. സിനിമാപ്പാട്ടിന്റെ കെട്ടു പൊട്ടിച്ച്
അപരലോകത്ത് വ്യാപിക്കാൻ ഈ
മുന്നൊരുക്കം റഹ്‌മാനെ സഹായിച്ചു.
സുഭാഷ് ഗായിയുടെ 'യുവരാജ്' (2008) പരാജയപ്പെട്ട സിനിമയാണ്. പക്ഷേ അതിലെ സംഗീതത്തെ മാന്ത്രികം എന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. പൗരസ്ത്യ-
പാശ്ചാത്യ തനിമയിൽ പശ്ചാത്തലവും ഈണവും ചേർന്നൊരുക്കിയ ഒരു മോഹവലയം. ഓസ്‌കറിനു തൊട്ടു മുമ്പുള്ള പ്രൊജക്ട്, പക്ഷേ നിലവാരത്തിൽ എത്രയോ മുന്നിലാണ് യുവരാജ്.
മലയൻകുഞ്ഞിലെ (2022) മലയാള തനിമയുള്ള ഗാനങ്ങളും മനസ്സിനെ ആർദ്രമാക്കുന്ന പശ്ചാത്തല സംഗീതവും ക്‌ളാസ് സ്ഥിരമാണ്
എന്ന സത്യം ഉറപ്പിക്കുന്നു. സംഭാഷണം കുറവുള്ള കഥയെ മുന്നോട്ടു നയിക്കുന്നത്
സംഗീതമാണ്. ചെല്ലോ, മാൻഡലിൻ, ഗ്വിറ്റാർ,
വയലിൻ, ഷെറാനോ, സന്തൂർ, ഫ്‌ലൂട്ട് എന്നീ
ഉപകരണങ്ങൾ കൂടാതെ മഴത്തുള്ളിയും ഇടിമിന്നലും കിളിക്കൊഞ്ചലും നിശബ്ദതയും ജലത്തിന്റെ മഹാപ്രവാഹവും കുഞ്ഞിന്റെ കരച്ചിലും സംഗീതമാകുന്ന അപൂർവത. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ, ബ്ലെസ്സിയുടെ ആടുജീവിതം എന്നീ
പുതിയ സംരംഭങ്ങൾ വലിയ പ്രതീക്ഷയാണ്. ഡെന്നിസ് വില്ലന്യൂവിന്റെ 'ഡ്യൂൺ' (2021) കംപോസ് ചെയ്യുന്നതിനു മുമ്പ് ഒരാഴ്ച മരൂഭൂമിയിൽ കഴിഞ്ഞ ഹാൻസ് സിമ്മറിനെ പിന്തുടർന്ന്, റഹ്‌മാൻ ജോർദാനിലേ വാദി റമ്മിൽ ബ്ലെസ്സിയുടെ ചിത്രത്തിന്റെ ലൊക്കേഷനിൽ പോയിരുന്നു. മരുഭൂമി അതിന്റെ എല്ലാ നിഗൂഢതയോടും കൂടെ സംഗീതകാരനു മുന്നിൽ വെളിപ്പെടട്ടെ.
~
'റോജ' യ്ക്കു മുമ്പേ റഹ്‌മാൻ പാശ്ചാത്യ രീതിയിൽ ഒരു സ്വതന്ത്ര ആൽബം ചിട്ടപ്പെടുത്തിയിരുന്നു (Set me free, 1991). പ്രധാന ഗായിക മാൽഗുഡി ശുഭ. പുറത്തിറങ്ങിയ നേരത്ത് ശ്രദ്ധിക്കപ്പെട്ടില്ല. പ്രശസ്തി നേടിയ ശേഷം 1995-ൽ വീണ്ടും വിപണിയിൽ ഇറങ്ങി. എങ്കിലും ഹിറ്റ് സിനിമാ ഗാനങ്ങളോളം പ്രചാരം നേടിയില്ല. തൊണ്ണൂറുകളിലെ പോപ്പ് കൾച്ചർ ഫീൽ അനുഭവിപ്പിക്കുന്ന ഗാനങ്ങൾ ഇപ്പോൾ സ്‌പോട്ടിഫൈയിൽ ഉണ്ട്. പ്രതിഭ അന്നേ വ്യക്തം.
പിന്നീട് സിനിമയോളം പ്രഭാവം സിനിമേതര മേഖലയിലും പുലർത്തിയത് റഹ്‌മാന്റെ മിടുക്ക്. സ്‌പോർട്‌സ് ഇവന്റുകളുടെ തീം സോംഗ്, ഇന്ത്യൻ-വിദേശ സംഗീതജ്ഞരുമായുള്ള സംയുക്ത സംരഭങ്ങൾ, നർത്തകരും മറ്റു കലാകാരന്മാരുമായി ചേരുന്ന സംഗീത ശിൽപ്പങ്ങൾ, ലൈവ് വേൾഡ് ടൂർ. പരസ്യ ജിംഗിളിന് തുടർന്നും സംഗീതം നൽകിയ
റഹ്‌മാന്റെ എയർടെൽ അഡ് ട്യൂൺ ഒരു മാസ്റ്റർ പീസ്. ഒരു തലമുറയുടെ വികാരമാണ് ആ ഈണം. ലണ്ടൻ ഫിലാർമണിക് ഓർക്കെസ്ട്രയും, കാലിഫോർണിയ ബെർക്ക്‌ലി എൻസെംബിളും റഹ്‌മാൻ ഗാനങ്ങൾ പുനരവതരിപ്പിച്ചത് ഓരോ ഇന്ത്യക്കാരനുമുള്ള ആദരവ്. പ്രശസ്ത ഐറിഷ് ബാൻഡ് U2-വുമായി ചേർന്ന് മുംബൈയിൽ റോക്ക് കൺസർട്ട് 'അഹിംസ' (2019). മക്കളായ ഖദീജയും റഹീമയും വേദിയിൽ പാടി, റഹ്‌മാനും ഐറിഷ് ഇതിഹാസം ബോണോയും പിന്തുണയായി. റഹ്‌മാൻ ഇപ്പോൾ ഫീച്ചർ ഫിലിം സംവിധായകനുമാണ്. ബഹുരാഷ്ട്ര കലാകാരന്മാർ അണിനിരക്കുന്ന സംഗീതപ്രധാനമായ 'ലെ മസ്‌ക്'- മൾട്ടി സെൻസറി വെർച്വൽ റിയാലിറ്റി.
പരിവർത്തനം സംഭവിച്ച സംഗീതജ്ഞൻ
'സിംഫണി' എന്ന ഡോക്യുമെന്ററിയിൽ
ഇന്ത്യയിലെ നാടൻവാദ്യ കലാകാരന്മാരുടെ
ജിവിതത്തെ പിന്തുടരുന്നു. നാട്യങ്ങളില്ലാതെ,
ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ യുവാവായ ഒരു മിഴാവ് കലാകാരനെ അവതരിപ്പിച്ച് നല്ല മലയാളം പറയുന്നു. ഇന്ത്യയിലെ യുവസംഗീതജ്ഞർക്കു വേണ്ടി ഓൺലൈൻ വേദികൾ സജ്ജമാക്കുന്നു.
~
തൊണ്ണൂറുകളാണ് റഹ്‌മാനെ നിർവചിച്ചത്.
അന്നത്തെ ഗാനങ്ങൾ അസാധാരണം. പക്ഷേ അവയാണ് ഏറ്റവും മികച്ചതെന്നു പറയുന്നത് ഒരു ചെറുലോകത്ത് തളച്ചിടുന്നതിന് തുല്യം. ആ ദശാബ്ദം അടിത്തറയെന്നത് ശരി, പക്ഷേ ആവർത്തനം എന്ന ബന്ധനം ഭേദിച്ച് യുവാവ് പുറത്തു പോയി. റഹ്‌മാൻ വിമർശനത്തിന് അതീതനുമല്ല. പ്രതിഭയുടെ വളർച്ചയിൽ ക്രിയാത്മകമായ വിമർശനം ആവശ്യമാണ്.
അതിവേഗം മാറുന്ന സാങ്കേതികതയെ സ്വീകരിക്കുമ്പോഴും, സംഗീതം ഉണർത്തുന്ന വികാരങ്ങളാണ് പ്രധാനം. മുപ്പത് വർഷം പിന്നിട്ട കരിയറിൽ ഇന്ത്യൻ സിനിമയും സംഗീതവും തിരിച്ചറിയാനാകാത്ത വിധം മാറി, ആ മാറ്റത്തിന്റെ അമരത്ത് റഹ്‌മാൻ ഉണ്ടായിരുന്നു. ഉയർച്ചയും താഴ്ചയുമുണ്ടായി. വിമർശനങ്ങളെ സ്വീകരിച്ച്, ആന്തരികതയിലേക്ക് സഞ്ചരിച്ച്
സാധ്യതയുടെ അതിരുകളെ മാറ്റിവരച്ചാണ്
റഹ്‌മാന്റെ വിജയം.
പ്രതിഭകൾ രണ്ടു തരമുണ്ട്-
അഹംബോധമുള്ളവർ എപ്പോഴും കാണികളെ
തൃപ്തിപ്പെടുത്താൻ ശ്രമിക്കും, അവർക്ക് പ്രശംസയും ബഹുമതിയും ധനവും മുഖ്യം. പക്ഷേ ആവർത്തനം അധികമാകുമ്പോൾ പുകഴ്ത്തിയവർ അവരെ തള്ളിപ്പറയും.
എന്നാൽ ആത്മ മേധാവിത്വം (Self mastery) ലക്ഷ്യമാക്കുന്നവർക്ക് കയ്യടിയല്ല പ്രധാനം.
അവർ ആന്തരിക ചോദനയെ പിഞ്ചെല്ലും, പിഴവ് തീർക്കാൻ നിരന്തരം പരിശീലിക്കും,
അനേകം പരീക്ഷണങ്ങൾ നടത്തും. അതിൽ ചിലതിൽ തോൽക്കും, പഴി കേൾക്കും. പക്ഷേ
മെല്ലെ മെല്ലെ ഉന്നത നിലവാരത്തെ തൊടും. അവർ തന്നിലുള്ള കനലിനെ നിരന്തരം ജ്വലിപ്പിക്കുന്നു. പ്രശസ്തി പിന്നാലെ വരും, പക്ഷേ അവർക്ക് വലുത് സംതൃപ്തി.
ആ വിജയം ശാശ്വതമായിരിക്കും, അവിടെ
മഹത്വം ജനിക്കും. അവഗണനയിൽ നിരാശനായി ജീവൻ വെടിയാൻ പോലും ചിന്തിച്ച മദ്രാസിലെ യുവാവ് പിന്നീട് അന്താരാഷ്ട്ര വേദിയിൽ ജേതാവായി നിന്നു. ബഹുമതികൾക്ക് ഉപരി, അനുവാചകനെ മറ്റേതോ ലോകത്തിലേക്കും കാലത്തിലേക്കും കൊണ്ടു പോയ ഈണങ്ങൾ, വർത്തമാന നിമിഷത്തിൽ പൂർണമായും ലയിപ്പിച്ച താളങ്ങൾ- അതാകുന്നു റഹ്‌മാന്റെ ഏറ്റവും വലിയ സംഭാവന. സംഗീതം നൽകുമ്പോൾ അനുവാചകന്റെ ആനന്ദമാണ് മനസിൽ. ഫനാ- അഹം കത്തിത്തീർന്ന് അനന്തത ആരംഭിക്കുന്ന നിമിഷം.
~ഡിബിൻ റോസ് ജേക്കബ്