ചാക്കോച്ചന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന ചിന്ത ജനങ്ങളിലുണ്ടാകും: കുഞ്ചാക്കോ ബോബന്‍

Update: 2023-10-10 06:47 GMT

മലയാളികളുടെ പ്രിയ നടന്‍ ചാക്കോച്ചന്‍ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന്‍ വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജ് ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്:

ഒരു നടനെന്ന നിലയില്‍ ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ അതൊരു ലിമിറ്റേഷനാണ്. എന്നാല്‍, ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആ ഒരു ജഡ്ജ്‌മെന്റ് സഹായിക്കാറുണ്ട്. ഇയാള്‍ക്ക് ഇങ്ങനെയും ചെയ്യാന്‍ സാധിക്കുമോ എന്ന ചിന്ത പ്രേക്ഷകരില്‍ ഉണ്ടാകും. ഉദാഹരണത്തിന് ട്രാഫിക് എന്ന സിനിമ. അതുപോലൊരു കഥാപാത്രം ഞാന്‍ ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കില്ല. അതേ സമയം ഞാന്‍ മുമ്പുതന്നെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളാണെങ്കില്‍ അവന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന ചിന്ത ജനങ്ങളിലുണ്ടാകും.

ഏറ്റവുമധികം ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് വേട്ടയിലെ മെല്‍വിന്‍. സിനിമ കണ്ട ശേഷം പലരും എന്നോടു പറഞ്ഞിട്ടുണ്ട് അതിലെ എന്റെ ചിരിയെക്കുറിച്ച്. അത് ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമായി. അതെനിക്കു കിട്ടിയ വലിയൊരു കോംപ്ലിമെന്റാണ്. സിനിമ കണ്ടിറങ്ങിയവരില്‍ ചിരി അത്രമേല്‍ സ്വാധീനിച്ചുവെങ്കില്‍ അത് ആ സംവിധായകന്റെ കഴിവാണ്. വളരെ പുശ്ചഭാവത്തിലുള്ള ആ ചിരി ശരിക്കും രാജേഷ് എന്ന സംവിധായകന്റെ സംഭാവനയാണ്.

സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങളായില്ലേ, എന്നെക്കൂടി എക്‌സൈറ്റ് ചെയ്യിക്കുന്ന വേഷങ്ങള്‍ ചെയ്യാനാണ് താത്പര്യം. നായകന്‍ മാത്രമേ ആകൂ എന്ന വാശിയൊന്നും എനിക്കില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് നടന്‍ എന്ന നിലയില്‍ എനിക്കു സംതൃപ്തി ഉണ്ടാകുന്നത്- ചാക്കോച്ചന്‍ പറഞ്ഞു.

Tags:    

Similar News