ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്നത് ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും സംവിധായകൻ ഒമർ ലുലു. നല്ല സമയം എന്ന സിനിമയുടെ ട്രെയിലറിൽ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിക്കുന്നു. ഈ വിഷയത്തിൽ മറുപടി പറഞ്ഞ് സംസാരിക്കുന്നതിനിടെയാണ് ഒമർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
''എനിക്ക് ഇതുവരെ എക്‌സൈസിൽനിന്നു നോട്ടിസ് കിട്ടിയിട്ടില്ല. വാർത്ത സത്യമാണോ എന്നുപോലും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാഴ്ചയായാണ് അതിനെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസം പത്രത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകൾ വരാറുണ്ട്. ഇത്ര ഗ്രാം പിടിച്ചു എന്നു പറഞ്ഞ്.
ഞങ്ങളുടെ സിനിമയിൽ മാത്രമല്ല ഇത് ആദ്യം കാണിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ സിനിമകളിലും ഇത്തരം രംഗങ്ങൾ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവർക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂർവം ടാർഗറ്റ് ചെയ്യുന്നതുപോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയിൽ വിശ്വാസമുണ്ട്.
സെൻസർ ബോർഡ് കണ്ടതിനു ശേഷം ഡ്രഗിന്റെ കണ്ടന്റ് ഉള്ളതുകൊണ്ടാണ് എ സർട്ടിഫിക്കറ്റ് തന്നത്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേൾക്കുന്നുണ്ട്. എന്റെ സിനിമയ്‌ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോൾഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാർഗറ്റ് ചെയ്യുന്നത്.''-ഒമർ ലുലു പറഞ്ഞു.
സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളും കാണിച്ചെന്ന പരാതിയിലാണ് എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കേസെടുത്തത്.