ലൈംഗികാതിക്രമ പരാതി ഞെട്ടിച്ചു, അതിനുശേഷം ജയസൂര്യയുമായി സംസാരിച്ചിട്ടില്ല; നൈല ഉഷ

Update: 2024-09-04 08:17 GMT

നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടി നൈല ഉഷ. പീഡന ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം അടുത്ത സുഹൃത്താണെന്നും നൈല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.'ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേൾക്കുന്നതിലാണ് എന്റെ ഞെട്ടൽ. സിനിമയിൽ എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് ദുരനുഭവങ്ങൾ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് പറയുന്നു. ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാൻ ക്ഷണിക്കപ്പെട്ടതാണ്. എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്തുതന്നിട്ടുണ്ട്. അങ്ങനെയൊരു ആനുകൂല്യം എനിക്കുണ്ടായിരുന്നു.

പക്ഷേ അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ് ഞാൻ നിൽക്കുക. സിനിമയിലേയ്ക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷനിലൂടെ അവസരം ചോദിച്ചുവരുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇങ്ങനെ വരുന്നവർക്കാണ് കൂടുതലും അഡ്ജസ്റ്റ്മെന്റ് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ളയാരും ഇത്തരം അനുഭവങ്ങൾ നേരിട്ടുള്ളതായി പറഞ്ഞിട്ടില്ല. അവസരത്തിനുവേണ്ടി ലൈംഗികമായി സമീപിച്ചതായി ആരും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, എന്നാൽ അങ്ങനെ സംഭവിക്കുന്നതായി എനിക്കറിയാം.ജയസൂര്യക്കൊപ്പം സിനിമയിൽ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു. അതിനുശേഷം അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. ഞെട്ടിച്ചുവെന്ന് പറയുമ്പോൾ ആ സ്ത്രീയെ അവിശ്വസിക്കുന്നുവെന്നോ ജയസൂര്യക്കൊപ്പം നിൽക്കുന്നുവെന്നോ അർത്ഥമില്ല.

ഇതിനുമുൻപും പല സ്ത്രീകളും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചിലർ പരാതി കൊടുത്തു, ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും വേണ്ട ഗൗരവത്തിൽ സ്വീകരിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. ഇതാണ് അനുയോജ്യമായ സമയം. മാറ്റം ഇവിടെനിന്ന് തുടങ്ങട്ടെ. എന്തായാലും മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്.ജോമോൾ പറഞ്ഞത് അവരുടെ അനുഭവമാണ്. എനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ അത്തരം പ്രശ്‌നങ്ങൾ നേരിട്ടവർക്കൊപ്പമാണ് ഞാൻ നിൽക്കുക. ആ സമയത്ത് ജോമോൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ല. ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ നേരിട്ട് മോശം അനുഭവം ഉണ്ടായില്ലെങ്കിലും അത്തരം അനുഭവങ്ങൾ പലരിൽ നിന്നും സ്വാഭാവികമായും കേൾക്കുമല്ലോ. ചിലപ്പോൾ ആളുകൾ നിങ്ങളുടെ കതകിൽ മുട്ടിയേക്കാം, എന്തെങ്കിലും ആവശ്യം ഉന്നയിച്ചേക്കാം, പക്ഷേ ധൈര്യത്തോടെ നോ പറയണം'- നൈല ഉഷ പറഞ്ഞു.

Tags:    

Similar News