ആ സിനിമ കണ്ട് അമ്മ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു: നയൻതാര പറയുന്നു
മലയാളത്തിൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻ താര ആദ്യമായി സിനിമയിലേക്ക് എത്തിയത്. തുടർന്ന് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ സിനിമകളിൽ അഭിനയിച്ചതിന് ശേഷമാണ് തമിഴിലേക്ക് കൂടുമാറുന്നത്. അയ്യയായിരുന്നു ആദ്യ തമിഴ് സിനിമ. മനസിനക്കരെയിലെയും രാപ്പകലിലെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. 2010ലാണ് നയൻതാര സിദ്ദീഖ് സംവിധാനം ചെയ്ത ബോഡിഗാർഡിൽ അഭിനയിക്കുന്നത്.
ചിത്രം ഹിറ്റ് നേടിയെന്ന് മാത്രമല്ല, നയൻതാരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ നയൻതാര പഴയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ബോഡി ഗാർഡ് കണ്ട് അമ്മ വിളിച്ചുവെന്നും അമ്മ സംസാരിക്കുമ്പോൾ കരഞ്ഞുവെന്നുമാണ് നയൻതാര പറയുന്നത്. കൈരളി ടിവിക്ക് നൽകിയ പഴയ അഭിമുഖത്തിലാണ് നയൻതാര അമ്മയെക്കുറിച്ച് സംസാരിക്കുന്നത്.
ബോഡി ഗാർഡ് കണ്ടിട്ട് അമ്മ വിളിച്ചു. അന്ന് പടം റിലീസ് ആയിട്ട് ആദ്യത്തെ കോൾ അമ്മയുടേതായിരുന്നു. അമ്മ വിളിച്ചിട്ട് പറഞ്ഞു, പടം വളരെ നന്നായിട്ടുണ്ട്, എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് കരച്ചിൽ വരുന്നു. കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. എന്തുകൊണ്ടാണ് അമ്മ ഇങ്ങനെ പറയുന്നതെന്ന് എന്നും നയൻതാര പറഞ്ഞു.
അമ്മ ഇങ്ങനെ ഒന്നും ഒരിക്കലും റിയാക്ട് ചെയ്തിട്ടേ ഇല്ല. സാധാരണ ഫോൺ ചെയ്താൽ നന്നായിട്ടുണ്ടെന്ന് പറയും. ഇഷ്ടമായി എന്ന് പറയും. അല്ലെങ്കിൽ ഓക്കെ നന്നായിട്ടുണ്ട്, ഇങ്ങനെ ഒക്കെയാണ് പറയുക. അല്ലാതെ കരയുന്നു, കരച്ചിൽ വരുന്നു എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. കുറച്ച് കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അപ്പോഴേ ഞാൻ വിചാരിച്ചു. ഇനി വേറൊന്നും ചിന്തിക്കേണ്ടതില്ല എന്ന്.
അമ്മയ്ക്ക് ഇഷ്ടമായി. അത്രയും ഇമോഷണൽ ആയി ടച്ച് ചെയ്തില്ലെങ്കിൽ അമ്മ അങ്ങനെ പറയില്ല. അത് എനിക്ക് അത്രയും സന്തോഷമുണ്ടായിരുന്ന ഒരു സംഭവമാണ്. ബോർഡിഗാർഡ് എന്ന സിനിമ എനിക്ക് അത്രയും തന്നിട്ടുണ്ട്. ഞാൻ എന്തുമാത്രം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടോ ആ റിസൾട്ട് എനിക്ക് തന്നിട്ടുണ്ട്. ആ സന്തോഷം തന്നെ വേറെയാണെന്നും നയൻതാര അഭിമുഖത്തിൽ പറഞ്ഞു.
വിവാഹിതയായ നയൻതാര ഇപ്പോൾ സംവിധായകൻ വിഗ്‌നേഷ് ശിവനും മക്കൾക്കുമൊപ്പം സന്തോഷമുള്ള കുടുംബ ജീവിതം നയിക്കുകയാണ്. എന്നാൽ അതിനൊപ്പം തന്നെ തന്റെ പ്രൊഫഷനും നയൻതാര കൊണ്ടു പോകുന്നുണ്ട്. അടുത്തിടെ ബോളിവുഡിൽ നയൻതാര നടത്തിയ അരങ്ങേറ്റ ചിത്രം ജവാൻ സൂപ്പർ ഹിറ്റായിരുന്നു.