പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ സന്തോഷമുണ്ട്; ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ച് ധോണി
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ കണ്ട് ആരാധകരും നാട്ടുകാരും അതിശയിച്ചു! കൃഷിക്കായി ട്രാക്ടറിൽ നിലം ഉഴുകുന്ന വീഡിയോ ആണ് ധോണി പങ്കുവച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ നായകനു കളി മാത്രമല്ല, കൃഷിയും അറിയാമെന്ന് വീഡിയോ കണ്ടാൽ മനസിലാകും.
ജന്മനാടായ റാഞ്ചിയിലെ തന്റെ വസതിക്കു സമീപമുള്ള കൃഷിയിടത്തിലെ വയലാണ് ധോണി വൃത്തിയാക്കിയത്. സെഞ്ച്വറി അടിച്ച് ആരാധകരെ ആവേശഭരിതരാക്കാറുള്ള ധോണി നിലമുഴുത് ആരാധകരെ അമ്പരിപ്പിച്ചു. എല്ലാ തൊഴിലിനും അതിന്റേതായ ബഹുമാനം കൊടുക്കണമെന്നുള്ള സന്ദേശം കൂടി വീഡിയോ കാണുന്നവർക്കും ലഭിക്കും.
''പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ സന്തോഷമുണ്ട്, പക്ഷേ ജോലി പൂർത്തിയാക്കാൻ വളരെയധികം സമയമെടുത്തു...'' എന്ന അടിക്കുറിപ്പോടെയാണ് ധോണി ചിത്രം പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പതിനായിരക്കണക്കിന് ലൈക്കും കമന്റുകളുമാണ് ലഭിച്ചത്.