'ലൊക്കേഷനിൽ ഫോട്ടോയെടുക്കാൻ സമ്മതിച്ചില്ല, നിർമാതാവിന്റെ മകനടക്കം ആശുപത്രിയിലായി'; മോഹൻലാൽ
ശാരീരികമായി ഏറെ അധ്വാനിക്കേണ്ടി വന്ന സിനിമയാണ് മലൈക്കോട്ടെ വാലിബനെന്ന് പറയുകയാണ് മോഹൻലാൽ. ലൊക്കേഷനുകളിലെ കഠിനമായ ചൂടും തണുപ്പും പൊടിയുമെല്ലാം അനുഭവിച്ചു. ഇതിനിടെ കടന്നലിന്റെ ആക്രമണവുമുണ്ടായെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ.
'ലൊക്കേഷനിൽ രണ്ടായിരത്തിലധികം പേരുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ ഫോട്ടോയെടുക്കാൻ സമ്മതിക്കില്ല. ഇതിനിടെ ഒരാൾ ഫോട്ടോയെടുത്തു. അയാളെ പിടികൂടിയപ്പോൾ അതിന്റെ ദേഷ്യത്തിൽ അയാൾ അടുത്തുണ്ടായിരുന്ന ഒരു വലിയ തേനീച്ചക്കൂടിൽ കല്ലെറിഞ്ഞു. പിന്നാലെ വലിയൊരു തേനീച്ചക്കൂട്ടം വന്ന് എല്ലാവരെയും ആക്രമിക്കാൻ തുടങ്ങി. വണ്ടിയിൽ നിന്നിറങ്ങി ലൊക്കേഷനിലേയ്ക്ക് പോവുകയായിരുന്ന ഞാൻ തിരിച്ചോടി. നിർമാതാവിന്റെ മകന് കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. 50ൽ അധികം ആളുകൾക്ക് കടന്നൽ കുത്തേറ്റു'- മോഹൻലാൽ തന്റെ അനുഭവം പങ്കുവച്ചു.
മലൈക്കോട്ടെ വാലിബൻ ജനുവരി 25നാണ് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സൊണാലി കുൽക്കർണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി തുടങ്ങിയവരുൾപ്പെടെ വൻ താരനിരയാണുള്ളത്. രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരുവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പി.എസ്. റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ: മധു നീലകണ്ഠൻ. ഷിബു ബേബിജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ്ലാബ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.