സിനിമയിലേക്ക് മകളെ ഞാൻ ഫോഴ്‌സ് ചെയ്ത് ഇറക്കില്ല, ഈ അടുത്താണ് ആ താൽപര്യം വന്നത്; മനോജ് കെ ജയൻ

Update: 2024-07-11 10:19 GMT

വ്യത്യസ്തമായ ഏത് കഥപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന അഭിനേതാവാണ് മനോജ് കെ ജയൻ. വിവാഹബന്ധം വേർപ്പെടുത്തിയശേഷം മനോജും ഉർവശിയും രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണാവകാശം മനോജ് കെ ജയൻ ചോദിച്ച് വാങ്ങുകയായിരുന്നു.

അന്ന് അത് വലിയ വാർത്താപ്രാധാന്യവും നേടിയിരുന്നു. എന്നാൽ ഇപ്പോൾ അമ്മയുടേയും അച്ഛന്റേയും സ്‌നേഹം കുഞ്ഞാറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇടയ്‌ക്കൊക്കെ അമ്മ ഉർവശിക്കൊപ്പം യാത്ര ചെയ്യാനും താമസിക്കാനുമായി കുഞ്ഞാറ്റ ചെന്നൈയിലേക്ക് പോകും. അല്ലാത്ത സമയങ്ങളിൽ എല്ലാം അച്ഛനൊപ്പം കേരളത്തിലുണ്ടാകും തേജാലക്ഷ്മി. 2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. ഇരുവരും മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇത്. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

പിന്നീട് മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയുടെയും രണ്ടാം വിവാഹം കഴിഞ്ഞു. ആ ബന്ധത്തിൽ ഉർവശിക്ക് ഒരു മകനുണ്ട്. ഉർവശിയുടെ സോഷ്യൽമീഡിയ പേജിൽ കുഞ്ഞാറ്റയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാവരും ചോദിക്കാറുള്ളത് സിനിമാ പ്രവേശനത്തെ കുറിച്ചാണ്.

അമ്മയും അച്ഛനും പ്രതിഭയുള്ളവരായതിനാൽ കുഞ്ഞാറ്റയിലും അതുണ്ടാകുമെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമെന്നുമുള്ള പ്രേക്ഷകരുടെ പ്രതീക്ഷ തന്നെയാണ് ആ ചോദ്യത്തിന് പിന്നിൽ. ഇപ്പോഴിതാ മനോജ് കെ ജയൻ ആദ്യമായി മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ്.

ഈ അടുത്താണ് മകൾക്ക് സിനിമയോട് താൽപര്യം വന്നതെന്നും എന്നാൽ ഒരിക്കലും സിനിമയിലേക്ക് അവളെ താൻ ഫോഴ്‌സ് ചെയ്ത് ഇറക്കാൻ താൽപര്യപ്പെടുന്നില്ലെന്നുമാണ് മനോജ് കെ ജയൻ ഫ്‌ലവേഴ്‌സ് മ്യൂസിക്കൽ വൈഫ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്.

മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ടിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴായിരുന്നു അവതാരകൻ സിനിമയിലേക്ക് കുഞ്ഞാറ്റയെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചത്. ഞാനും കുഞ്ഞാറ്റയും മദ്രാസിലായിരുന്നപ്പോൾ ഒരുപാട് പാട്ട് പാടി അവളെ ഉറക്കുമായിരുന്നു.

അന്ന് എം.ജയചന്ദ്രൻ സിനിമയിൽ എത്തിയിട്ടില്ല സീരിയലുകൾ ചെയ്യുകയാണ്. വാവ എന്നൊരു സീരിയലുണ്ടായിരുന്നു. അതിലെ പാട്ട് കുഞ്ഞാറ്റയ്ക്ക് വളരെ അധികം ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ എന്നോട് നിരന്തരം ആ പാട്ട് പാടാൻ അവൾ ആവശ്യപ്പെടുമായിരുന്നു. കുഞ്ഞാറ്റയിപ്പോൾ നാട്ടിലുണ്ട്. എന്നും എക്കാലത്തും ഇവിടെ തന്നെയാണ്. ഇടയ്ക്ക് ഞാനും അവളും യുകെ പോയി വരും. അവൾക്ക് ഈയിടക്കായി സിനിമയോട് ഒരു താൽപര്യം വന്ന് കേറിയിട്ടുണ്ട്.

ആ താൽപര്യം എന്നോട് പറഞ്ഞിരുന്നു. സിനിമയാണ് അതിന് ഒരു സമയമുണ്ട്, ഭാഗ്യമുണ്ട് നല്ല അവസരങ്ങൾ വന്നാൽ മാത്രം ചെയ്യുക എന്നൊക്കെ ഞാൻ അവളോട് പറഞ്ഞു. ഒരിക്കലും സിനിമയിലേക്ക് അവളെ ഞാൻ ഫോഴ്‌സ് ചെയ്ത് ഇറക്കില്ലെന്നത് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ തന്നെ എന്നോട് ആഗ്രഹം പറഞ്ഞപ്പോൾ നല്ലത് നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്ന രീതിയിൽ ഞാൻ നിൽക്കുന്നു.

Tags:    

Similar News