'അന്ന് ചപ്പാത്തിയും ബ്രയിൻ ഫ്രൈയും കൊണ്ടുതന്നു, അതേ സുരേഷ് ഗോപിയാണ് എന്നെ കൊല്ലുന്നത്'; മണിയൻപിള്ള രാജു
സിനിമിലേക്കുള്ള കടന്നുവരവ് മണിയൻപിള്ള രാജുവിനെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധി നിറഞ്ഞതായിരുന്നു. ഒരു അവസരം ലഭിക്കാൻ അലയേണ്ടി വന്നതിനെ കുറിച്ചൊക്കെ താരം മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത നടൻ സുരേഷ് ഗോപിയെ ആദ്യമായി കണ്ടുമുട്ടിയ അവസരത്തെ കുറിച്ച് താരം ഓർമ്മിക്കുകയാണ്. മാതൃഭൂമി 'ക' ഫെസ്റ്റിവലിലാണ് മണിയൻപിള്ള രാജു രസകരമായ അനുഭവം പങ്കുവച്ചത്.
പരിപാടിക്കിടെ ഒരു പെൺകുട്ടിയുടെ ചോദ്യമായിരുന്നു, മണിയൻപിള്ള രാജു ഈ രസകരമായ അനുഭവം പറയാൻ കാരണമായത്. സുരേഷ് ഗോപിയും താങ്കളും അഭിനയിക്കുന്ന പൊലീസ് വേഷങ്ങൾ അടങ്ങുന്ന ചിത്രങ്ങളിൽ താങ്കളുടെ കഥാപാത്രം കാറിടിച്ച് കൊല്ലപ്പെടും, അല്ലെങ്കിൽ പെട്ടെന്ന് മരണപ്പെടും, എകലവ്യനിൽ അടക്കം അതുണ്ടായിട്ടുണ്ട്, അക്കാര്യം താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ ഇതായിരുന്നു സദസിൽ നിന്ന് ഉയർന്ന ചോദ്യം. ഈ ചോദ്യത്തിന് മണിയൻപിള്ള രാജു നൽകിയ മറുപടി ഇങ്ങനെയായിരുന്നു...
'എനിക്ക് തോന്നുന്നു എന്റെ അഭിനയം മോശമായത് കൊണ്ട് എന്നെ നേരത്തെ കൊല്ലുന്നതാവാം (മണിയൻപിള്ള തമാശയോടെ പറഞ്ഞു). ഈ അവസരത്തിൽ ഒരു കാര്യം കൂടെ പറയാനുണ്ട്. ഒരിക്കൽ കൊല്ലത്ത് ഒരു ഷൂട്ടിംഗിന്റെ ഷോട്ട് കഴിഞ്ഞ് അടുത്ത ട്രെയിനിൽ എന്നെ മദ്രാസിൽ അയക്കണം. അന്ന് തിരക്കിട്ട് ഊണ് പോലും കഴിക്കാതെ എന്നെ ട്രെയിനിൽ കയറ്റിവിട്ടു. കൊല്ലം കഴിഞ്ഞാൽ പിന്നെ അടുത്ത സ്റ്റോപ്പ് കോട്ടയമായിരുന്നു. അന്ന് വിശന്നാണ് അവിടെ ഇരുന്നത്'.'അന്ന് ഒരു പയ്യൻ എന്റടുത്ത് വന്ന് ചോദിച്ചു സാർ, എന്താ വല്ലാതിരിക്കുന്നേ ഞാൻ പറഞ്ഞു എനിക്ക് വിശപ്പ് സഹിക്കാൻ പറ്റുന്നില്ല. ആ സമയത്ത് അയാൾ പോയി, പെട്ടിയിൽ നിന്ന് ചപ്പാത്തിയും ബ്രെയിൻ ഫ്രൈയും കൊണ്ടുതന്നു. അയാൾ രാത്രി കഴിക്കാൻ വച്ചതാണെന്ന് പറഞ്ഞു. അത് ഞാൻ കഴിക്കാൻ തുടങ്ങി. എനിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു. ആ സമയത്ത് അയാൾ കൊതിയോടെ നോക്കുന്നുണ്ടായിരുന്നു, അയാൾ കരുതിക്കാണും ഞാൻ രാത്രി കഴിക്കാൻ വേണ്ടി ബാക്കി വയ്ക്കും എന്ന്. എന്നാൽ ഞാൻ അത് മുഴുവൻ തിന്നുതീർത്തു''കഴിച്ച ശേഷം ഞാൻ അയാളോട് ചോദിച്ചു എവിടെ പോകുന്നു, അയാൾ പറഞ്ഞു ചെന്നൈയിലേക്ക്. എന്ത് ചെയ്യുന്നെന്ന് ചോദിച്ചപ്പോൾ, അഭിനയിക്കാൻ താൽപര്യമുണ്ട്. ഒരു വേഷം കിട്ടിയിട്ടുണ്ട്, അഭിനയിക്കാൻ പോകുന്നു എന്നും പറഞ്ഞു.
എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചപ്പോൾ, 'സുരേഷ് ഗോപി' എന്നായിരുന്നു മറുപടി, ആ സുരേഷ് ഗോപിയാണ് സ്ഥിരം പടങ്ങളിൽ എന്നെ കൊല്ലുന്നത്, അല്ലേ'- മണിയൻപിള്ള ചിരിച്ചുകൊണ്ട് പറഞ്ഞു.