മറ്റു മേഖലകളിലൊന്നും പ്രവർത്തിക്കുന്നില്ല, എന്റെ ജീവിത മാർ​ഗം ഇതു മാത്രമാണ്: മണികണ്ഠൻ ആചാരി

Update: 2024-07-14 11:32 GMT

രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെ പോപ്പുലറായ കഥാപാത്രമാണ് ബാലൻ. ആ ഒരു സിനിമ മതി മണികണ്ഠൻ ആചാരി എന്ന നടനെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ. അതിനു ശേഷം നിരവധി വേഷങ്ങൾ. ഒരേ സമയം കോമഡിയും നെ​ഗറ്റീവ് വേഷങ്ങളും ക്യരക്ടർ റോളുകളും ചെയ്തു. പുതിയ ചിത്രം 'ഴ' എന്ന സിനിമയുടെ വിശേഷങ്ങളുമായി കൗമുദി മൂവീസിലൂടെ സംസാരിക്കുകയാണ് മണികണ്ഠൻ ആർ ആചാരി.

എഴുത്തുകാരനും അധ്യാപകനുമായ ​ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത 'ഴ' എന്ന ചിത്രമാണ് മണികണ്ഠൻ ആചാരിയുടെ പുതിയ ചിത്രം. പേരു പോലെ ഏറെ പ്രത്യേകതകളുള്ള ചിത്രമാണിത്. മണികണ്ഠൻ ചെയ്ത എല്ലാ സിനിമകളും വ്യത്യസ്തമാണ്. പക്ഷേ മറ്റുള്ളവരെ പോലെ ഓരോ കഥാപാത്രവും താൻ തിരഞ്ഞടുക്കുന്നതല്ല, സംവിധായകർ തനിക്കായി തരുന്ന വേഷങ്ങളാണ് അവയെല്ലാം എന്നുമാണ് മണികണ്ഠൻ പറയുന്നത്.

"എന്റെ ജീവിത മാർ​ഗം ഇതു മാത്രമാണ്. അതിനാൽ വരുന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നു മാത്രമാണ്. മറ്റു മേഖലകളിലൊന്നും തന്നെ ഞാൻ പ്രവർത്തിക്കുന്നില്ല. അതിനാൽ വേറെ ഡിമാന്റുകൾ ഒന്നുമില്ലാതെ കിട്ടുന്ന കഥാപാത്രങ്ങൾ മികച്ചതാക്കുക, ഇൻ്റസ്ട്രിയിൽ നില കൊള്ളുക എന്നതാണ് ഏറ്റവും പ്രധാനം. മാത്രമല്ല ശമ്പളം അധികം വാങ്ങിച്ചിട്ട് സിനിമ ചെയ്യുക എന്നൊരു നിർബന്ധമില്ലാതെയാണ് ഞാൻ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിനു വേണ്ടി ആ ടീമിനോട് സഹകരിച്ച് നിൽക്കുക എന്നതാണ് ഞാൻ ശ്രദ്ധിക്കുന്നത്." മണികണ്ഠൻ പറഞ്ഞു.

സൗഹൃദങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മണികണ്ഠൻ. സിനിമയിൽ സണ്ണി വെയ്ൻ, റോഷൻ എന്നിവർ സുഹൃത്തുകളാണ്. "ഒരു അവസരത്തിനു വേണ്ടി സൗഹൃദങ്ങളെ ഉണ്ടാക്കാറില്ല. എന്റെ സൗഹൃദം എപ്പോഴും സത്യസന്ധമായിട്ടാവും. അതിനാൽ ഓടി നടന്ന് സുഹൃത്തുകളെ ഉണ്ടാക്കി സിനിമയിൽ അവസരം തരാമോ എന്ന രീതിയിൽ ചെയ്യാറില്ല. എനിക്ക് ചിലപ്പോൾ ഒന്നോ രണ്ടോ സുഹൃത്തുകൾ മാത്രമേ ഉണ്ടാവൂ. അവർക്ക് ഞാൻ ജീവിത്തിൽ അത്രയും പ്രാധാന്യം കൊടുക്കും. ജോലിക്ക് വേണ്ടി സൗഹൃദം ഉണ്ടാക്കാറില്ല." മണികണ്ഠൻ പറഞ്ഞു.

പൊതുവേ ഏതു വേഷങ്ങളിലും പ്രത്യക്ഷമാവുന്ന താരമാണ് മണികണ്ഠൻ. ഇത്രയും വർഷമായി സിനിമയിൽ ഉണ്ടെങ്കിലും ഒരു നായക വേഷത്തിലോ അല്ലെങ്കിലും മുഴു നീള കഥാപാത്രങ്ങളിലോ വലിയ രീതിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. സിനിമയോടുള്ള അമിതമായ ആവേശം അദ്ദേഹത്തിനുണ്ട്. എന്നാൽ ഇൻ്റസ്ട്രിയിൽ പലതരത്തിലുള്ള അനീതികളും താരം നേരിട്ടുണ്ട്. ഒരുപക്ഷേ ഒരു മുൻ നിരയിലേക്ക് എത്തിപ്പെടാത്തതിനു കാരണവും അതാവും. പക്ഷേ ഇതിനോടെല്ലാം നിശബ്ദമായ സമീപനമാണ് മണികണ്ഠൻ ആചാരിക്കുള്ളത്.

"എല്ലാ മേഖലകളിലും അനീതികൾ ഉണ്ടാവും. അതെല്ലാം അവരവരുടെ കാഴ്ചപ്പാടിലെ വൈരുദ്യങ്ങളാണ്. പല തരത്തിലുള്ള ആളുകൾ ഉണ്ട്. നമുക്ക് എതിരായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും. അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുമ്പോഴാണ് നമ്മൾ വളരുന്നത്. അതായത് ചെറിയ ചെറിയ പരാതികൾ പറയുന്നത് ഒഴിവാക്കി അതിനെ തരണം ചെയ്ത് ജീവിക്കാൻ പഠിക്കണം. ഒരാൾ നമ്മുടെ അവസരം നിഷേധിച്ചാൽ അടുത്തതിന് വേണ്ടി പരിശ്രമിക്കുക. അങ്ങനെ ജീവിതത്തെ കുറിച്ച് ​ഗൗരവമായിട്ട് ചിന്തിക്കാൻ തുടങ്ങി." മണികണ്ഠൻ അഭിപ്രായപ്പെട്ടു.

Tags:    

Similar News