സച്ചി അസുഖമായി കിടക്കുന്ന സമയത്ത് ഞാന്‍ വളരെ അധികം വിഷമിച്ചിട്ടുണ്ട്: മേജര്‍ രവി
മലയാളികള്‍ക്ക് ആര്‍മിയെയും പട്ടാളക്കാരെയും പരിചയപ്പെടുത്തിയ മലയാള സംവിധായകനാണ് മേജര്‍ രവി. സംവിധായകന്‍ എന്നതിലുപരി നല്ല ഒരു നടന്‍ കൂടിയാണ് മേജര്‍ രവി. അനാര്‍ക്കലിയിലെ നേവി ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിന്റെ സംവിധായകനായ സച്ചിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് മേജര്‍ രവി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്.
സച്ചി മരിക്കുന്നതിന് രണ്ട് ദിവസം അദ്ദേഹത്തെ കണ്ടുവെന്നും മേജര്‍ രവി പറയുന്നു. സച്ചിയുമായുള്ള ആത്മബന്ധം അനാര്‍ക്കലി മുതല്‍ തുടങ്ങിയതാണ്. പടം കഴിഞ്ഞ് കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍ ഇരിക്കുന്ന സമയത്ത് ഒരു ദിവസം സച്ചി എന്നെ വിളിച്ചു. വീട്ടിലുണ്ടോ എന്ന് ചോദിച്ചാണ് വിളിച്ചത്. അതൊരു ഒന്നാംതീയിതിയോ മറ്റോ ആയിരുന്നു.
അങ്ങനെ വീട്ടില്‍ വന്നിട്ട് ഒരു ടോക്കണ്‍ അഡ്വാന്‍സ് എടുത്തേ എന്നു പറഞ്ഞു. 1000 രൂപ എന്റെ പോക്കറ്റില്‍ നിന്നെടുത്തു. അന്ന് 1000 രൂപ ഉള്ള സമയമാണ്. എന്റെ പോക്കറ്റില്‍ നിന്ന് 1000 രൂപയുടെ നോട്ട് എടുത്തിട്ട് നമ്മള്‍ പടം ചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞുവെന്ന് മേജര്‍ രവി ഓര്‍ത്തെടുക്കുന്നു.
'രവിയേട്ടന്‍ അന്ന് മാര്‍ക്കോസിന്റെ ഒരു ലവ് സ്‌റ്റോറി പറഞ്ഞില്ലേ അതെനിക്ക് കിട്ടി. നമ്മള്‍ പടം ചെയ്യാന്‍ പോവാണ് കേട്ടോ എന്ന് സച്ചി പറഞ്ഞു. ഇതും പറഞ്ഞ് ആ മനുഷ്യന്‍ പൈസയും വാങ്ങിച്ചിട്ട് പോയി. സച്ചിയുമായി എനിക്ക് നല്ല ബന്ധമായിരുന്നു. സഹോദര തുല്യനായിരുന്നു. അവന്‍ അസുഖമായി കിടക്കുന്ന സമയത്ത് ഞാന്‍ വളരെ അധികം വിഷമിച്ചിട്ടുണ്ട്,' മേജര്‍ രവി പറഞ്ഞു.
അങ്ങനെ കൊവിഡ് കാലത്താണ്, സച്ചി എന്നെ വിളിച്ച് ഒന്ന് വരാമോ, എനിക്കൊന്ന് കാണണം എന്ന് പറഞ്ഞു. ഞാന്‍ സമ്മതപത്രം ഒക്കെ തയ്യാറാക്കി ഇറങ്ങി. അത്യാവശ്യ കാര്യത്തിനായിരുന്നു. അന്ന് വേണമെങ്കില്‍ എനിക്കത് ഒഴിവാക്കാമായിരുന്നു. ഞാന്‍ തന്നെ ഡ്രൈവ് ചെയ്താണ് പോയത്. വീട്ടില്‍ എത്തി ഒരു മണിക്കൂറിനടുത്ത് സംസാരിച്ചു. സച്ചി ഒരു സിഗരറ്റ് കത്തിച്ച് ചായ കുടിച്ച് ഇരുന്നു. അപ്പോള്‍ ശരി രവിയേട്ട കാണാം എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോയി.
അതിന്റെ പിറ്റേ ദിവസമായിരുന്നു സച്ചി രണ്ടാമത്തെ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. മൂന്നാം ദിവസം സച്ചി ഇല്ല. സച്ചി മരിച്ചുവെന്ന് പെട്ടെന്ന് വാര്‍ത്ത വരികയാണ്. രണ്ട് ദിവസം മുന്നെ എന്തിനാണ് സച്ചി വിളിച്ചത്, ഞങ്ങള്‍ തമ്മില്‍ സിനിമ ചെയ്തിട്ടില്ല, ഞങ്ങള്‍ തമ്മില്‍ തിരക്കഥാകൃത്ത് സംവിധായകന്‍ എന്ന ബന്ധമില്ല. പക്ഷെ എന്താണെന്ന് അറിയില്ല തുടക്കം മുതലേ ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ് എന്നും മേജര്‍ രവി പറയുന്നു.
2020 ജൂണ്‍ 18ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് സച്ചി മരിക്കുന്നത്. സച്ചി മരിച്ച അതേ വര്‍ഷമാണ് അയ്യപ്പനും കോശിയും എന്ന സച്ചിയുടെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സച്ചിക്ക് മരണാനന്തരമാണ് ലഭിച്ചത്.