'അന്ന് ഭീകരനുള്ള സ്ഥലത്ത് സെറ്റിട്ടു, ലൊക്കേഷന്റെ നാല് വശത്തും പട്ടാളമായിരുന്നു, ലാൽ അപ്പോഴും കൂൾ': മേജർ രവി

Update: 2023-12-31 11:06 GMT

പ്രേക്ഷകർക്ക് പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കീർത്തിചക്ര. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ഇപ്പോഴിതാ കീർത്തിചക്രയുടെ ചിത്രീകരണ സമയത്തെ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ മേജർ രവി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിക്കാനായി കശ്മീരിൽ സെറ്റിടുകയായിരുന്നെന്നും, ഒരു പാകിസ്ഥാൻ ഭീകരൻ അവിടെയായിരുന്നു താമസിച്ചിരുന്നതെന്നും മേജർ രവി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പല രസകരമായ സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടായോ എന്ന് ചിന്തിച്ചു പോകുന്നതാകും ചിലത്. കീർത്തിചക്രയുടെ സമയത്ത് ഉണ്ടായത് കുറച്ച് ഭീകരമായ സംഭവങ്ങളാണ്. ആർമിയുടെ ക്യാമ്പിന് അകത്തല്ലാതെ പുറത്ത് പല സ്ഥലങ്ങളിലും സിനിമയുടെ ഷൂട്ട് നടന്നിരുന്നു. അവിടെ പതിമൂന്ന് സ്ഥലങ്ങളിലായി ബോംബ് ബ്ലാസ്റ്റ് നടന്നിരുന്നു. പതിനാറ് വർഷത്തിന് ശേഷമായിരുന്നു കശ്മീരിൽ ഒരു ഷൂട്ടിങ് ടീം ചെല്ലുന്നത്. അതാണെങ്കിൽ മിലിറ്റൻസി പീക്കിൽ നിൽക്കുന്ന സമയമായിരുന്നു,'

'ഞങ്ങൾ ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ വേണ്ടി സെറ്റിട്ടത് നാഗം എന്ന സ്ഥലത്താണ്. പാകിസ്ഥാനിൽ പോയിട്ട് ട്രെയിനിങ് എടുത്ത് വന്നിട്ടുള്ള അമീന്താർ എന്ന ഭീകരവാദിയുടെ വീടുള്ള വില്ലേജായിരുന്നു അത്. സെറ്റിട്ടതിന് ശേഷമാണ് ഈ കാര്യം അറിയുന്നത്. ലക്ഷങ്ങൾ ചെലവാക്കിയാണ് സെറ്റിട്ടിരുന്നത്. അതുകൊണ്ട് ലൊക്കേഷൻ ചെയ്ഞ്ച് ചെയ്യാൻ കഴിയില്ലായിരുന്നു. അതിനനുസരിച്ച് പട്ടാളക്കാർ അവിടെ പ്രൊട്ടക്ഷൻ തന്നു. ലൊക്കേഷന്റെ നാല് വശത്തും പട്ടാളമായിരുന്നു,'

'ഇതൊക്കെ ഉണ്ടായിട്ടും ലാൽ വളരെ കൂളായിരുന്നു. ലാൽ ഇടക്ക് കുട്ടികളെ പോലെ വന്ന് നമ്മൾ വന്ന വഴിയിൽ ഒരു ബോംബ് പൊട്ടിയിട്ടുണ്ടെന്ന് പറയും. പൊട്ടിയിട്ടുണ്ടെങ്കിൽ പൊട്ടട്ടെ എന്ന് പറഞ്ഞാൽ ആ സ്ഥലം നമുക്ക് പോയി കണ്ടാല്ലോ എന്ന് ചോദിക്കും. അങ്ങനെ ഒരു ദിവസം രാത്രി ബുള്ളറ്റ് പ്രൂഫ് ആയിട്ടുള്ള വണ്ടിയും എടുത്തിട്ട് പോയിരുന്നു. കീർത്തിചക്രയുടെ അവസാനം ജീവയുടെ കഥാപാത്രത്തിന്റെ മൃതശരീരം കൊണ്ട് പോകുന്ന ആ വണ്ടിയാണ് അത്. അതിനകത്തായിരുന്നു യാത്ര,'

'അവിടെ ബോംബ് പൊട്ടിയ സ്ഥലമൊക്കെ ചോക്കും ചുണ്ണാമ്പും വെച്ച് മാർക്ക് ചെയ്തിട്ടുണ്ടാകും. ഇതൊക്കെ ലാൽ ഒരു കുട്ടിയെ പോലെ കൗതുകത്തോടെ നിന്ന് കാണുമായിരുന്നു,' മേജർ രവി ഓർമിച്ചു. കീർത്തിചക്രയുടെ രണ്ടാം ഭാഗമായി വന്ന കുരുക്ഷേത്രയുടെ സമയത്തെ ചില സംഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

'രാജാജി എന്ന് പറയുന്ന ഒരു അസോസിയേറ്റുണ്ട്. വളരെ സീനിയറാണ്. ഞങ്ങൾ കുരുക്ഷേത്ര ഷൂട്ട് ചെയ്തത് കാർഗിലിൽ ആയിരുന്നു. അവിടെ ഒരു സീൻ ഷൂട്ട് ചെയ്യുകയാണ്. അനിൽ മുരളി ദൂരെ നിന്ന് ഓടി വരുന്നതാണ് സീൻ. അയാളുടെ പുറകിൽ പാകിസ്ഥാൻ പട്ടാളമുണ്ട്. അനിൽ മുരളിയുടെ ഫ്‌ളൈറ്റ് പോയി ക്ലാഷ് ചെയ്തതിന് ശേഷം അയാൾ ഓടി രക്ഷപെടുന്നതാണ് ഷൂട്ട് ചെയ്യേണ്ട സീൻ. അതിൽ പാക്കിസ്ഥാൻ പട്ടാളക്കാരായി അഭിനയിക്കുന്നവരെ ദൂരെ നിർത്തിയിരിക്കുകയാണ്. അവിടെ ആണെങ്കിൽ ബോംബും മറ്റും വെച്ചിട്ടുണ്ട്.

'ഞാൻ കയ്യിലെ തുണി പൊക്കി താഴ്ത്തുന്നത് കണ്ടാൽ നിങ്ങൾ അവിടുന്ന് ഓടണം' എന്നായിരുന്നു രാജാജി അവർക്ക് നൽകിയ നിർദേശം. എല്ലാവരോടും ഇതാണ് പറഞ്ഞത്. അപ്പോൾ തന്നെ ബോംബുകൾ ബ്ലാസ്റ്റ് ചെയ്തു തുടങ്ങും. രാജാജി അസിസ്റ്റന്റിനോട് കയ്യിലെ തുണി പൊക്കി കാണിക്കുന്ന കാര്യം പറയുകയാണ്. അതിനിടയിൽ കയ്യിലെ തുണി പൊക്കി കൊണ്ട് ഇങ്ങനെയാകും കാണിക്കുക എന്നും പറഞ്ഞു. ആ സമയത്ത് ക്യാമറ ഓണായിരുന്നില്ല. എന്നാൽ തുണി പൊക്കിയത് കണ്ടതും അവിടുന്ന് ഫുൾ ബോംബ് ബ്ലാസ്റ്റായി തുടങ്ങി.

ഇതൊക്കെ സെറ്റ് ചെയ്യാൻ തന്നെ മണിക്കൂറുകൾ വേണം. എല്ലാം പൊട്ടുമ്പോൾ ഞങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ ഇങ്ങനെ നോക്കി നിൽക്കുകയാണ്. ലാൽ ആണെങ്കിൽ രാജാജിയെ നോക്കി ചിരിക്കുന്നു. എനിക്കാണെങ്കിൽ ദേഷ്യം വന്നിട്ട് വയ്യ. ലാലിന്റെ മുഖത്ത് എപ്പോഴും ഈ ചിരി വരുമായിരുന്നു,' മേജർ രവി പറയുന്നു. മോഹൻലാൽ എന്ന വ്യക്തിയിൽ നിന്നും പഠിക്കാൻ ഒരുപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News