'ആ തമിഴ് നടൻ മോശമായി പെരുമാറി, വീട്ടിൽ ഇരിക്കേണ്ടത് നമ്മൾ അല്ല'; മാലാ പാർവ്വതി

Update: 2024-01-29 11:13 GMT

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാലാ പാർവ്വതി. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം തുറന്ന് പറയുന്നതിലും മാലാ പാർവ്വതി മടിച്ചു നിൽക്കാറില്ല. ഇപ്പോഴിതാ തനിക്ക് സിനിമയിൽ നിന്നുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് മാലാ പാർവ്വതി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവ്വതി മനസ് തുറന്നത്. കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. മലയാളത്തിൽ നിന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് മാലാ പാർവ്വതി പറയുന്നത്.

അതേസമയം തമിഴിൽ നിന്നും മോശം അനുഭവമുണ്ടായെന്നും താരം വെളിപ്പെടുത്തി. ഒരു തമിഴ് നടനായിരുന്നു താരത്തോട് മോശമായി പെരുമാറിയത്. ഈ സംഭവത്തിന് ശേഷം തന്റെ ഭർത്താവ് നൽകിയ പിന്തുണയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''ഞാൻ വേറൊരു ഇമേജ് ഉള്ള ഒരാളായിരുന്നല്ലോ. ടെലിവിഷനിൽ അവതാരക ആയിരുന്നു. കുറച്ചുകൂടി പ്രായമായിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. മലയാളികളുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടൻ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാൻ വന്നപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെനിക്കു വിഷമമുണ്ടാക്കി'' എന്നാണ് മാലാ പാർവ്വതി പറയുന്നത്.

തുടർന്ന് സംഭവം വീട്ടിൽ പറഞ്ഞപ്പോൾ നിന്റടുത്ത് സിനിമയിൽ പോകാൻ ആരും പറഞ്ഞില്ലല്ലോ, എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത് എന്നായിരുന്നു ഭർത്താവ് സതീഷ് പറഞ്ഞതെന്നാണ് മാലാ പാർവ്വതി പറയുന്നത്. അയാളുടെ മനസ്സിൽ ഇത്രയും വൃത്തികേടുകൾ ഉണ്ട്. അയാൾക്ക് മര്യാദയ്ക്ക് പെരുമാറാൻ പറ്റില്ലെന്നു വച്ച് നമ്മൾ വീട്ടിൽ ഇരിക്കേണ്ട ആൾക്കാരല്ലല്ലോ എന്നും ഭർത്താവ് പറഞ്ഞതായി മാലാ പാർവ്വതി പറയുന്നുണ്ട്.

അതേസമയം, അഭിനയം എന്നല്ല ഒരു മേഖലയും സേഫ് പ്രഫഷനായിട്ട് കാണുന്നില്ലെന്നാണ് മാലാ പാർവ്വതി അഭിപ്പായപ്പെടുന്നത്. എല്ലാ മേഖലയിലും ബേസിക് ആയിട്ട് മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് സിനിമ എന്നുള്ളതെന്നല്ല എല്ലാ മനുഷ്യന്റെ മനസ്സും അങ്ങനെയാണെന്നും താരം പറയുന്നു. സ്വാർഥതയാണ് മനുഷ്യമനസ്സിന്റെ കോർ എന്നു പറയുന്നത്. എല്ലാം എനിക്കു കിട്ടണം എന്നുള്ളതാണ് മനുഷ്യന്റെ മനസ്സ് എന്നും മാലാ പാർവ്വതി പറയുന്നു.

ആണിന്റെയും പെണ്ണിന്റെയും മനസ് അങ്ങനെ തന്നെയാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. ഒരു പെണ്ണ് കുറ്റം ചെയ്യുമ്പോൾ അയ്യോ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുമോ എന്നു ചോദിക്കാറുണ്ട് അങ്ങനെയൊന്നുമില്ല. എല്ലാവരും ഒരുപോലെയാണ്. കുട്ടികൾ ഏതെങ്കിലും ഒരു മേഖലയിലേക്ക് ഇറങ്ങുമ്പോൾ ഇവിടെ എല്ലാം സേഫായിരിക്കും എന്നു കരുതി വരരുതെന്നും മാലാ പാർവ്വതി പറയുന്നു.

അതേസമയം എപ്പോഴും ജാഗ്രത വേണമെന്നും മാലാ പാർവ്വതി പറയുന്നു. ഏതു നിമിഷവും നമ്മൾ വിശ്വസിക്കുന്ന ഒരാളുടെ അടുത്തു നിന്നു പോലും ഇങ്ങനെയൊരു ആക്റ്റ് വരാം. അതുകൊണ്ട് നമ്മൾ കൊടുക്കുന്ന ബോഡി ലാംഗ്വേജ് ആയാലും നമ്മൾ പറയുന്ന വർത്തമാനങ്ങളും വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം എന്നറിവ് അവനവനു വേണം എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

സ്ത്രീകളെ പ്രത്യേകിച്ച് കുട്ടികളെ ഉപദ്രവിക്കരുത്. അത് എല്ലാക്കാലത്തും അവരുടെ മനസ്സിലത് ഒരു ട്രോമയായി നിലനിൽക്കും എന്നും താരം പറയുന്നുണ്ട്. സ്ത്രീകളെ ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചല്ല വളർത്തുന്നത്. ഇങ്ങനെയൊരാൾ അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്. ഒരു ആറു വയസ്സുള്ള ഒരു കുഞ്ഞ് മുറ്റത്തിറങ്ങി കളിക്കുമ്പോൾ അവളെ ആരെങ്കിലും ഉപദ്രവിക്കാൻ വരുമോ എന്ന് അവളെ ആരും പഠിപ്പിച്ചിട്ടില്ല  എന്നും മാലാ പാർവ്വതി ചൂണ്ടിക്കാണിക്കുന്നു.

അതിനാൽ പെട്ടെന്നൊരു ബാഡ് ടച്ച് വരുമ്പോൾ അവളുടെ മനസ്സിലത് ലൈഫ് ലോങ് ട്രോമയായിപ്പോകുമെന്നാണ് താരം പറയുന്നത്. ഒന്നുകിൽ നമ്മൾ പഠിപ്പിക്കുക നമ്മുടെ കുട്ടികളെ ഇങ്ങനെയൊക്കെ അറ്റാക്ക് വരും. വണ്ടി വന്നാൽ ഇടിക്കും എന്നു പറയാത്തവരില്ലല്ലോ അതുപോലെ മനുഷ്യരാണ് ചിലപ്പോൾ ഉപദ്രവിക്കും എന്നു പറഞ്ഞു തന്നെ വളർത്തണമെന്നും താരം പറയുന്നു. അല്ലാതെ അതിന്റെ പേരിൽ പെൺകുട്ടികളെ വീട്ടിലിട്ടു പൂട്ടുക അല്ല ചെയ്യേണ്ടത് എ്ന്നും മാലാ പാർവ്വതി അഭിപ്രായപ്പെടുന്നുണ്ട്.

Tags:    

Similar News