മണിയുടെ പെരുമാറ്റത്തിൽ അന്ന് മാറ്റം; ഞാൻ നിർബന്ധിച്ചപ്പോൾ തയ്യാറായി; ലാൽ ജോസ് പറയുന്നു

Update: 2023-10-11 07:59 GMT

മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ കലാഭവൻ മണി ചെയ്തിട്ടുണ്ട്. കോമഡി, വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്ക് കലാഭവൻ മണി ഉയർന്നു. എന്നാൽ ഒരു ഘട്ടത്തിൽ നടനെ തേടി നല്ല അവസരങ്ങൾ മലയാളത്തിൽ നിന്നും വരാതായി. ഈ പരാതികൾക്കിടെയാണ് ആമേൻ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മണി ശക്തമായ തിരിച്ച് വരവ് നടത്തിയത്.

അയാളും ഞാനും തമ്മിലിൽ കലാഭവൻ മണിയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഷൂട്ടിംഗിനിടെയിലെ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയാളും ഞാനും തമ്മിൽ തന്റെ ജീവിതത്തിലെ പ്രത്യേക കാലഘട്ടത്തിലാണ് സംഭവിച്ചതെന്ന് ലാൽ ജോസ് പറയുന്നു. പട്ടാളം എന്ന സിനിമ കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷം കലാഭവൻ മണി അഭിനയിച്ച എന്റെ സിനിമയാണിത്

ഷൂട്ടിംഗിനിടെ മണിയുടെ പ്രായമായ അമ്മയ്ക്ക് അസുഖം കൂടി. ഷൂട്ടിംഗിന്റെ ഒരു പോർഷൻ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് നല്ല സുഖമില്ലെന്ന് പറഞ്ഞ് മണി നാട്ടിൽ പോയി. അടുത്ത ദിവസം വരാമെന്ന് പറഞ്ഞാണ് പോയത്. രാത്രി മണി വരുമെന്ന് പറഞ്ഞിട്ടും കാണാനില്ല. ഡോക്ടർ തരകൻ എന്ന കഥാപാത്രം റോഡിൽ കുടുങ്ങിപ്പോകുന്ന രംഗമാണ്. മണിയില്ലാത്ത ഷോട്ടുകൾ എടുത്തു. രാത്രി വൈകിയാണ് മണിയെത്തിയത്. ആ ഷൂട്ടിംഗ് ഒരു കണക്കിന് തീർന്നു.

പെരുമാറ്റത്തിൽ എന്തോ മാറ്റം ആ ദിവസങ്ങളിൽ എനിക്ക് തോന്നി. മണിയുടെയും പൃഥിരാജിന്റെയും വൈകാരികമായ സീൻ എടുക്കാനുണ്ട്. മകളെ ചികിത്സിക്കാൻ മണി പൃഥിരാജിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന സീനാണ്. ആ സീനിൽ മണിക്കൊരു വൈമുഖ്യം ഉണ്ടായിരുന്നു. ഇത്തിരി ഓവറല്ലേ ഇപ്പോൾ സിനിമയിൽ അങ്ങനത്തെ സീനുകളൊന്നും ഉണ്ടാകാറില്ലെന്ന് പറഞ്ഞു.

ഈ സിനിമയിൽ എസ്‌ഐ പുരുഷോത്തമൻ ഡോ. രവി തരകന്റെ കാലിൽ വീഴും, അയാൾ കരയുമെന്ന് ഞാൻ. മണി ഗംഭീര ആക്ടറാണ്. നിർബന്ധം പിടിച്ചപ്പോൾ സീൻ ചെയ്യാൻ മണി തയ്യാറായി. ആ സിനിമയിലെ ഏറ്റവും നല്ല സീനുകളിലൊന്നായിരുന്നു അതെന്നും ലാൽ ജോസ് ഓർത്തു. 2012 ലാണ് അയാളും ഞാനും തമ്മിൽ റിലീസ് ചെയ്യുന്നത്. മികച്ച വിജയം നേടിയ ചിത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചു.

ക്ലാസ്‌മേറ്റ്‌സിനെ ശേഷം നരേൻ ഒരു ലാൽ ജോസ് ചിത്രത്തിൽ വീണ്ടുമെത്തി എന്ന പ്രത്യേകതയും അയാളും ഞാനും തമ്മിലിനും ഉണ്ട്. സംവൃത സുനിൽ, പ്രതാപ് പോത്തൻ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Tags:    

Similar News