ഞാന്‍ നല്ലതെന്നോ, ചീത്തയെന്നോ പറയാറില്ല; എന്റെ മുഖത്തു നോക്കുമ്പോള്‍ വിദ്യാജിക്കു കാര്യം മനസിലാകും; ലാല്‍ ജോസ്

Update: 2023-07-04 08:18 GMT

മലയാളികളുടെ ജനപ്രിയ സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്കു സമ്മാനിച്ചിട്ടുള്ള സംവിധായകന്‍. അതുപോലെതന്നെ കരിയറില്‍ വന്‍ ഫ്‌ളോപ്പും അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുണ്ട്. സംഗീത സംവിധായകന്‍ വിദ്യാസാഗറുമായി ചേര്‍ന്ന് നിരവധി ഹിറ്റുകള്‍ ലാല്‍ ജോസ് മലയാളിക്കു സമ്മാനിച്ചിട്ടുണ്ട്. വിദ്യാസാഗറുമായുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ലാല്‍ജോസ്. വിദ്യാജിയോടൊപ്പം കംപോസിങ്ങിനിരിക്കുന്നത് ഒരനുഭവമാണ്. ഇന്നുവരെ ഒരു ട്യൂണ്‍ പോലും മോശമാണെന്ന് ഞാന്‍ വിദ്യാജിയോടു പറഞ്ഞിട്ടില്ല. ഒരു സിറ്റുവേഷന് അദ്ദേഹം പല ട്യൂണുകള്‍ കേള്‍പ്പിക്കും. ഞാനതു കേട്ടിരിക്കും. ഞാന്‍ നല്ലതാണെന്നോ ചീത്തയാണെന്നോ പറയാറില്ല. എന്റെ മുഖത്തു നോക്കുമ്പോള്‍ വിദ്യാജിക്ക് അറിയാം ട്യൂണ്‍ ഇഷ്ടപ്പെട്ടോ... ഇല്ലയോ എന്ന്.

എന്റെ എല്ലാ മ്യൂസിക് ഡയറക്ടേഴ്‌സിനൊപ്പവും നല്ല ഓര്‍മകളുണ്ട്. വിദ്യാജി എന്നെ കൃത്യമായി മനസിലാക്കിയ സംഗീത സംവിധായകരില്‍ ഒരാളാണ്. മറവത്തൂര്‍ കനവിലെ കരുണാമയനേ... എന്ന ക്രിസ്ത്യന്‍ ഭക്തിഗാനം അതിനുദാഹരണമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം നായകനും നായികയും പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടയില്‍ കണ്ടുമുട്ടുന്നു. അവരുടെ മനസില്‍ ഓര്‍മകള്‍ മിന്നിമറിയുന്നു. കണ്ണുകളില്‍ അതു കാണാം. അവരുടെ കണ്ണുകള്‍ തമ്മില്‍ ഇടയുന്നു. ഇത്തരം കാര്യങ്ങള്‍ കംപോസിങ് സമയത്ത് ഞാന്‍ വിദ്യാജിയോടു പറഞ്ഞിരുന്നു.

റെക്കോഡിങ് സമയത്ത് ചെന്നൈയില്‍ എത്തിയപ്പോള്‍, പ്രാര്‍ഥനാഗാനത്തിന് ചേരാത്തരീതിയില്‍ വ്യത്യസ്തമായി, വയലിനൊക്കെ ചേര്‍ത്ത് ഹെവി മ്യൂസിക് റെക്കോഡ് ചെയ്യുന്നു. ചോദിച്ചപ്പോള്‍ കംപോസിങ്ങിന്റെ സമയത്ത് ഞാന്‍ പറഞ്ഞത് ഓര്‍മിപ്പിച്ചു. സീന്‍ ചിത്രീകരിക്കുമ്പോള്‍ റൗണ്ട് ട്രോളിയിട്ട് ഷൂട്ട് ചെയ്യാമെന്ന് വിദ്യാജി പറഞ്ഞു. അത്രയ്ക്കും സൂഷ്മമായി വിദ്യാജി കാര്യങ്ങള്‍ മനസിലാക്കുമെന്നും ലാല്‍ ജോസ് പറഞ്ഞു.

Tags:    

Similar News