ഉമ്മൻചാണ്ടി സാർ പോയപ്പോൾ ആ കുടുംബത്തിന് ഇമോഷണൽ സപ്പോർട്ടായിരുന്നു ആവശ്യം, സമയത്ത് അത് നൽകാൻ കഴിഞ്ഞു'; കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പരുക്കനായ കഥാപാത്രമെന്നാണ് ചാവേർ സിനിമയിലെ അശോകൻ വിശേഷിപ്പിക്കപ്പെടുന്നത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്.
പരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് അറിവും അനുഭവങ്ങളും നേടുക എന്നതാണ് പ്രധാനമെന്നും ആ യാത്രയിൽ വലിയ കഷ്ടപ്പാടുണ്ടെന്നും പക്ഷെ അതും താൻ ആസ്വദിക്കുന്നുവെന്നുമാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
'സുന്ദരരും സുമുഖരുമായ കുറെയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചയാളാണ് ഞാൻ. അത്തരം വേഷങ്ങൾ മാത്രം ചെയ്ത് അവിടെത്തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ചെയ്യാത്തത് ചെയ്യാനുള്ള അന്വേഷണത്തിലും യാത്രയിലുമാണ്. പരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് അറിവും അനുഭവങ്ങളും നേടുക എന്നതാണ് പ്രധാനം.'
'ആ യാത്രയിൽ വലിയ കഷ്ടപ്പാടുണ്ട്. പക്ഷെ അതും ഞാൻ ആസ്വദിക്കുന്നു. ആക്ഷനും വയലൻസുമെല്ലാമുണ്ടെങ്കിലും പൊളിറ്റിക്കൽ ത്രില്ലർ എന്ന ഒരൊറ്റ ടാഗ് ലൈനിൽ ഒതുക്കാനാകുന്ന ചിത്രമല്ല ചാവേർ. സൗഹൃദങ്ങളും കുടുംബബന്ധങ്ങളുമെല്ലാം നന്നായി പറഞ്ഞ് പോകുന്നുണ്ട്.'
'യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണെങ്കിലും ടിനു പാപ്പച്ചൻ ചിത്രങ്ങളിലെ സിനിമാറ്റിക് വിഷ്വൽ ട്രീറ്റ് ഇതിലുമുണ്ടെന്നും', സിനിമയെ കുറിച്ച് സംസാരിക്കവെ കുഞ്ചാക്കോ ബോബൻ പറഞ്ഞു. പദ്മിനിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ സിനിമ. പക്ഷെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാൻ തയ്യാറാവാതെ കുഞ്ചാക്കോ ബോബൻ വിദേശത്ത് യാത്ര പോയതും പദ്മിനിയുടെ റിലീസ് സമയത്ത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ആ വിവാദത്തിലും കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. 'എന്റെ പടം വിജയിക്കേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമാണ്. പ്രമോഷൻ നൽകാത്തതിനാൽ അത് പരാജയപ്പെട്ടോട്ടെയെന്ന് ചിന്തിക്കാൻ മാത്രം സെൻസില്ലാത്ത ആളല്ല ഞാൻ.' 'എന്റേതല്ലാത്ത സിനിമകൾക്ക് പോലും പ്രമോഷൻ നൽകാൻ മടി കാണിക്കാറില്ല. പക്ഷെ ഈ മേഖലയിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചത് പോലെയല്ല നടക്കുക. പ്രമോഷൻ ഷൂട്ട് പെട്ടെന്ന് തീരുമാനിക്കപ്പെടുന്നതാണ് പലപ്പോഴും. ആ സമയത്ത് ചിലപ്പോൾ നാം സ്ഥലത്തുണ്ടാവാതിരിക്കുകയോ മറ്റ് ലൊക്കേഷനിൽ ആയിരിക്കയോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയോ ഒക്കെ സംഭവിക്കാം.'
'ഈ മൂന്ന് കാര്യങ്ങളും വിവാദമുണ്ടായ ചിത്രത്തിന്റെ കാര്യത്തിൽ സംഭവിച്ചു എന്നതാണ് സത്യമെന്നാണ്', വിവാദത്തിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. അടുത്തിടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചും താരം സംസാരിച്ചു.
'ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞാൻ ചെന്നാലും ഇല്ലെങ്കിലും അവിടെ മറിച്ചൊരു തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നില്ല. പിന്നെ ഉമ്മൻചാണ്ടി സാർ പോയപ്പോൾ ആ കുടുംബത്തിന് ഒരു ഇമോഷണൽ സപ്പോർട്ട് ആയിരുന്നു ആവശ്യം. വേണ്ട സമയത്ത് അത് നൽകാൻ കഴിയുക എന്നതാണ് പ്രധാനം. എനിക്കും കുടുംബത്തിനും അതിന് കഴിഞ്ഞു എന്നതാണ് സന്തോഷമെന്നാണ്', കുഞ്ചാക്കോ ബോബൻ പറഞ്ഞത്.