'ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ദേശീയ അവാർഡ് നേടിയ നടി ഞാനാണ്'; കീർത്തി സുരേഷ്
താൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ലെന്നും പരസ്പരം മനസിലാക്കുന്ന നല്ല രണ്ട് സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ താൻ കാണുന്നതെന്നും നടി കീർത്തി സുരേഷ്. ഒരു ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ വീഡിയോ പോഡ്കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ദേശീയ അവാർഡ് നേടിയ നടി താനാണെന്നും കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.
'രഘുതാത്ത എന്ന എന്റെ ചിത്രം എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാകും. എല്ലാ ആണുങ്ങളും ഈ ചിത്രം കാണണം. എല്ലാ പെൺകുട്ടികൾക്കും ഈ ചിത്രം റിലേറ്റ് ചെയ്യാനാകും. പുറത്തിറങ്ങിയാൽ എപ്പോൾ കല്യാണമെന്നാണ് പെൺകുട്ടികളോട് ചോദിക്കുന്നത്. പെൺകുട്ടിക്ക് ഒരു പ്രായമെത്തിയാൽ ഉടനെ കല്യാണം എന്നൊരു പൊതുചിന്തയുണ്ട്.
എന്റെ കല്യാണത്തെക്കുറിച്ച് പറയുകയാണെങ്കിൽ അക്കാര്യം ചോദിക്കുന്നവരിൽ പാതിയും കല്യാണം കഴിക്കാത്തവരായിരിക്കും. ആ ചോദ്യത്തിന് അപ്പുറത്തേക്ക് ആരും ചിന്തിക്കാറില്ല. എന്നോടു ചോദിക്കുന്നവരോട് ഞാൻ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും. അടുത്ത വർഷം ഉണ്ടാകുമെന്നോ മറ്റോ ആകും മറുപടികൾ.
ആഴത്തിൽ സ്‌നേഹിക്കുന്ന പരസ്പരം മനസിലാക്കുന്ന രണ്ടു സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ ഞാൻ കാണുന്നത്. ഞാൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ലല്ലോ. വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഞാൻ സന്തോഷവതിയാണ്', കീർത്തി സുരേഷ് പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ദേശീയ അവാർഡ് നേടിയ നടി താനാണെന്ന് പറഞ്ഞ കീർത്തി സുരേഷ് ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് എന്തെങ്കിലും കാര്യം കാണുമെന്നും ചൂണ്ടിക്കാട്ടി. തന്റെ ഭാഗത്തുനിന്ന് തിരുത്തലുകൾ ആവശ്യമുള്ള ട്രോളുകൾ നല്ലതാണെന്നും വ്യക്തിപരമായി വേദനിപ്പിക്കാൻ വേണ്ടി മാത്രം ചിലർ ചെയ്യുന്ന ട്രോളുകളെ അവഗണിക്കാറാണ് പതിവെന്നും നടി പറഞ്ഞു.
കൽക്കി എന്ന ചിത്രത്തിലെ ഒരു കഥാപാത്രം ചെയ്യാൻ സംവിധായകൻ നാഗ് അശ്വിൻ വിളിച്ചിരുന്നുവെന്നും നടി വ്യക്തമാക്കി. ആ കഥാപാത്രം തനിക്ക് ക്ലിക്ക് ആയില്ലെന്നും പിന്നീടാണ് ബുജ്ജിക്കായി ശബ്ദം നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.