'നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം, നയൻതാരയുടെ സറൊഗസിയെ എതിർത്തിട്ടില്ല'; കസ്തൂരി
തെന്നിന്ത്യയിൽ നയൻതാര വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചപ്പോൾ വലിയ തോതിൽ വാർത്തയായി. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്കുള്ളിൽ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നെന്ന് നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും അറിയിച്ചപ്പോൾ പലർക്കും അമ്പരപ്പായി. പിന്നീടാണ് സറൊഗസി വഴിയാണ് കുട്ടികൾ പിറന്നതെന്ന് വ്യക്തമായത്. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്‌നേശിന്റെയും മക്കൾ. സന്തോഷ വാർത്ത അറിയിച്ചതിന് പിന്നാലെ താര ദമ്പതികൾ വിവാദത്തിൽ അകപ്പെടുകയാണുണ്ടായത്.
സറൊഗസി സംബന്ധിച്ചുള്ള നിയമത്തിൽ ചില പുതിയ ചട്ടങ്ങൾ സർക്കാർ വെച്ചിട്ടുണ്ട്. ഈ ചട്ടങ്ങൾ നയൻതാരയും വിഘ്‌നേശും ലംഘിച്ചെന്ന് ആരോപണം വന്നു. പിന്നാലെ ഇക്കാര്യത്തിൽ തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചു. ആറ് വർഷം മുമ്പേ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് നയൻസും വിഘ്‌നേശും രേഖമാമൂലം അറിയിച്ചു.
നിയമലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെയാണ് വിവാദങ്ങൾ അകന്നത്. നയൻതാര സറൊഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രംഗത്ത് വന്ന നടിയാണ് കസ്തൂരി. നയൻതാരയുടെ ആരാധകർ വിമർശനം ഉന്നയിച്ചെങ്കിലും കസ്തൂരി ഇത് കാര്യമാക്കിയില്ല.
ഇപ്പോഴിതാ അന്ന് അങ്ങനെയൊരു നിലപാടെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് കസ്തൂരി. നയൻതാര സറൊഗസി വഴി അമ്മയായതിനെ താൻ എതിർത്തിട്ടില്ലെന്ന് കസ്തൂരി പറയുന്നു. സറൊഗസിയുടെ നിയമപരമായ കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. നിയമപരമായാണ് നടി ചെയ്തതെങ്കിൽ ക്ഷമ ചോദിക്കുന്നു.
യഥാർത്ഥത്തിൽ സറൊഗസിയെ താൻ പിന്തുണയ്ക്കുന്നുണ്ട്. പക്ഷെ ഗേ കപ്പിൾസിനോ മറ്റോ സറൊഗസിയോ ദത്തെടുക്കലോ ഇന്ന് നിയമപരമായി സാധിക്കില്ല. അത് ശരിയല്ല. സറൊഗസി പക്രിയ നിയമപരമാണെങ്കിൽ അതിനെ പിന്തുണയ്ക്കും പക്ഷെ നിയമ വിരുദ്ധമാണെങ്കിൽ നിയമത്തിനെതിരെ പോരാടണം. അല്ലാതെ നിയമ വിരുദ്ധമാണെന്ന്, പക്ഷെ ചെയ്യാം എന്ന് പറയരുതെന്നും കസ്തൂരി വ്യക്തമാക്കി.
അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ നയൻതാരയെ ലേഡി സൂപ്പർ സ്റ്റാറായി കാണുന്നില്ലെന്ന് കസ്തൂരി തുറന്ന് പറഞ്ഞിട്ടുണ്ട്. വിജയശാന്തി, കെപി സുന്ദരാംബാൾ എന്നിവരാണ് ഈ പേരിന് അർഹതയുള്ളവരെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.