'ബലാത്സംഗ വാർത്ത എൻ്റെ ജീവിതം തകർത്തു'; കണ്ണൂർ ശ്രീലത

Update: 2024-09-17 09:29 GMT

നാടകത്തിൽ നിന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന താരമാണ് കണ്ണൂർ ശ്രീലത. ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിൽ പ്രശസ്തി നേടിയ സമയത്താണ് താരം ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന തെറ്റായ വാ‌ർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ തന്റെ പേരിൽ പുറത്തുവന്ന ബലാത്സംഗ വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലത. ആ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീലത വാർത്തയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞത്.

'ആ വാർത്ത വ്യക്തിബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും ബാധിച്ചു. അപ്പോൾ ഞാൻ എറണാകുളത്ത് 'തമ്മിൽ തമ്മിൽ' എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. അവിടെ എന്നെ മധുപാൽ ഇന്റർവ്യൂ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ പേരിൽ ബലാത്സംഗ വാർത്ത ഒരു പത്രം പ്രസിദ്ധീകരിക്കുന്നത്. എന്റെ പേരിൽ അങ്ങനെ ഒരു വാർത്ത കൊണ്ടുവന്നത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. ചിലപ്പോൾ എന്റെ വളർച്ചയിൽ അസൂയ തോന്നിയിട്ട് ചിലർ ചെയ്തതാവാം.

അതിനുപിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് ഇപ്പോഴും അറിയില്ല. ആ വാർത്ത അന്ന് ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുളളൂ. പിന്നീട് ആ പത്രത്തിന്റെ പ്രവർത്തകരെയും കണ്ടിട്ടില്ല. കേസ് കൊടുക്കാനും സാധിച്ചില്ല. എന്നെ കരിവാരിത്തേയ്ക്കാനാണ് അത് ചെയ്തത്. അപ്പോൾ ഞാൻ അഭിനയിച്ചുക്കൊണ്ടിരുന്ന നാടക സമിതിയിലെ അംഗങ്ങൾ കണ്ണൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അങ്ങനെ പത്ത് വർഷത്തോളം ഞാൻ അഭിനയത്തിൽ നിന്നും വിട്ടുനിന്നു. ആ സമയങ്ങളിലൊക്കെ എനിക്ക് പിന്തുണയുമായി എത്തിയത് ഭർത്താവാണ്. അതിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ആ വാർത്ത എന്റെ ജീവിതം തകർത്തു. അതിനുശേഷം ഞാൻ സീരിയലിലൂടെയാണ് തിരികെ അഭിനയത്തിലേക്ക് കടന്നുവരുന്നത്. അങ്ങനെ വന്നിട്ടും എനിക്ക് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. ആ വാർത്തയായിരിക്കാം കാരണം'- ശ്രീലത പറഞ്ഞു.

അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും താരം പ്രതികരിച്ചു. 'റിപ്പോർട്ടിൽ ചിലപ്പോൾ സത്യമുണ്ടാകാം, സത്യമില്ലാതിരിക്കാം. ഞാൻ കലയെ ബഹുമാനിച്ചുകൊണ്ട് അഭിനയത്തിലേക്ക് വന്നതാണ്. അതിനാൽ എനിക്ക് അങ്ങനെ ഒരു ദുരവസ്ഥയുണ്ടായിട്ടില്ല. പെട്ടെന്ന് സിനിമയിൽ വളരണമെന്ന മോഹവും അന്നുണ്ടായിരുന്നില്ല. വളരെ തുച്ഛമായ വരുമാനമാണ് സിനിമയിൽ നിന്ന് ലഭിച്ചിരുന്നത്.

പ്രൊഡക്ഷൻ എക്സിക്യൂട്ടിവായ കെ ആർ ഷൺമുഖൻ എന്ന വ്യക്തിയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. അന്ന് മമ്മൂട്ടി പോലും അദ്ദേഹത്തിന്റെ മുൻപിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. അന്ന് എല്ലാവർക്കും അദ്ദേഹത്തെ പേടിയായിരുന്നു. അതുകൊണ്ട് എനിക്ക് യാതൊരു മോശം അനുഭവങ്ങളും ഉണ്ടായിരുന്നില്ല. കൂടുതലും മമ്മൂക്ക നായകനായി എത്തിയ സിനിമകളിലായിരുന്നു ഞാൻ അഭിനയിച്ചിരുന്നത്'- താരം പറഞ്ഞു.

Tags:    

Similar News