'ആ ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കി, ബെന്യാമിനെ അറിയിച്ചു'; കമൽ

Update: 2024-05-11 09:15 GMT

മലയാളത്തിൽ ഒട്ടേറെ നായകന്മാരെയും നായികമാരെയും സമ്മാനിച്ച സംവിധായകനാണ് കമൽ. ഇപ്പോഴിതാ കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രത്തിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് കമൽ. കൗമുദി മൂവിസിന്റെ പരിപാടിയിലാണ് കമലിന്റെ തുറന്നുപറച്ചിൽ.

കാവ്യാ മാധവനെ നായികയാക്കി സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രം ആടുജീവിതം മോഷ്ടിച്ച് എഴുതിയതാണെന്ന് ആരോ പറഞ്ഞുണ്ടാക്കിയെന്നും ഇത് കേട്ട് എഴുത്തുകാരൻ ബെന്യമിൻ വിളിച്ചതിനെക്കുറിച്ചുമാണ് കമൽ പറയുന്നത്. ചിത്രം അറബികൾക്കെതിരാണെന്ന പ്രചരണത്തെതുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചെന്നും അദ്ദേഹം പറയുന്നു.

'കൊടുങ്ങല്ലൂർകാരനായ തന്റെ സുഹൃത്ത് ഇക്ബാൽ ഭാഷാപോഷിണിയിൽ 'ഗദ്ദാമ' എന്ന പേരിൽ എഴുതിയ അനുഭവക്കുറിപ്പാണ് ഈ ചിത്രത്തിന് ആധാരം. ഗദ്ദാമമാരെ നേരിട്ട് കണ്ട് അദ്ദേഹം തയ്യാറാക്കിയ അനുഭവക്കുറിപ്പായിരുന്നു അത്. ഈ അനുഭവക്കുറിപ്പ് വായിച്ചതിന് ശേഷം അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയായിരുന്നു സിനിമയുടെ കാര്യം. ഇതോടൊപ്പം അദ്ദേഹം എഴുതിയ 'ഇടയലേഖനങ്ങൾ' എന്ന മറ്റൊരു ലേഖനവും ചേർത്താണ് ഗദ്ദാമ എഴുതിയത്'.'ഞാനും ഗിരീഷ് കുമാറുമായിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. ഞങ്ങളുടെ ചർച്ചയിലാണ് ഗദ്ദാമ എന്ന തിരക്കഥയുണ്ടാകുന്നത്. കാവ്യാ മാധവനെയാണ് ഞങ്ങൾ ഗദ്ദാമയായി തീരുമാനിക്കുന്നത്.

കാവ്യ ആദ്യത്തെ കല്യാണം കഴിഞ്ഞ് ബ്രേക്കെടുത്ത് വീണ്ടും സിനിമയിൽ സജീവമായ സമയമായിരുന്നു അത്. സൗദിയിൽ നടക്കുന്ന കഥയാണ് ഗദ്ദാമ. എന്നാൽ അന്നത്തെ കാലത്ത് സൗദിയിൽ സിനിമ ഷൂട്ട് ചെയ്യാൻ അനുമതി ലഭിക്കില്ല. പിന്നീട് ചിത്രം യുഎഇയിൽ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു'.'ഗദ്ദാമയുടെ ഷൂട്ടിംഗ് സമയത്താണ് എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വളരെ പോപ്പുലറാവുന്നത്. ഈ സമയത്ത് ആരോ ബെന്യാമിനോട് പറഞ്ഞു. ആടുജീവിതവുമായി ഗദ്ദാമയ്ക്ക് ബന്ധമുണ്ട്. മരുഭൂമിയിലെ ചില രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ആരോ അദ്ദേഹത്തോട് പറഞ്ഞുകൊടുത്തു. പിന്നീട് ബെന്യാമിൻ തന്റെ സുഹൃത്ത് ഇക്ബാലുമായി ബന്ധപ്പെട്ടു. സമാനമായ അനുഭവങ്ങൾ പല ആൾക്കാരുടെയും ജീവിതത്തിലുണ്ടാകുമല്ലോ. ശേഷം ബെന്യാമിന് കാര്യം മനസിലായി'- കമൽ പറഞ്ഞു.

മരുഭൂമിയിൽ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവവും കമൽ വിവരിച്ചു. 'നമ്മൾ ഉദ്ദേശിച്ച മരുഭൂമി ദുബായിൽ ഇല്ലായിരുന്നു. അങ്ങനെ ഞങ്ങൾ ഷാർജയുടെ അകത്ത് ചെന്നാണ് ഷൂട്ട് ചെയ്തത്. ഈ സമയത്ത് ചിത്രം അറബികൾക്കെതിരായ ചിത്രമാണെന്ന് ആരോ അധികൃതരെ അറിയിച്ചു. ഏതോ മലയാളികളാകാനാണ് സാദ്ധ്യത. അങ്ങനെ ഞങ്ങൾക്ക് ഷൂട്ടിംഗ് നിർത്തിവച്ച് തിരിച്ചുപോരേണ്ട അവസ്ഥ വന്നു. നമ്മുടെ പ്രൊഡ്യൂസറുടെ അഡ്രസിലേക്ക് ഒരു ടെലഗ്രാമിലൂടെയാണ് ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ അറിയിച്ചത്. അങ്ങനെ ഷാർജയിലെ ഷൂട്ടിംഗ് അവസാനിപ്പിച്ച് ദുബായിലേക്ക് പോകുകയായിരുന്നു' കമൽ പറഞ്ഞു.

Tags:    

Similar News