'അന്ന് അസിൻ വന്നു, എന്നാൽ സെലക്ട് ചെയ്യാൻ തോന്നിയില്ല'; കമൽ

Update: 2024-02-11 09:39 GMT

പുതുമുഖങ്ങൾക്ക് ഒരുപാട് അവസരം കൊടുത്ത സംവിധായകനാണ് കമൽ. നാൽപ്പത് വർഷത്തെ കരിയറിൽ നിരവധി മികച്ച പ്രണയ സിനിമകൾ സൃഷ്ടിച്ച സംവിധായകൻ കൂടിയാണ് കമൽ. അതിൽ ഏറ്റവും വലിയ സെൻസേഷനായി മാറിയ ഒരു സിനിമയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും നായകനും നായികയുമായ നിറം.

ചോക്ലേറ്റ് ഹീറോ എന്ന പരിവേഷം കുഞ്ചാക്കോ ബോബന് ലഭിച്ചതും നിറം സിനിമയിലൂടെയാണ്. 1999ൽ പുറത്തിറങ്ങിയ സിനിമയിലെ സീനുകളും ഗാനങ്ങളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശാലിനി-കുഞ്ചാക്കോ ബോബൻ ജോഡി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടതും നിറത്തിന് ശേഷമാണ്.

ഇപ്പോഴിതാ നിറം സിനിമയുമായി ബന്ധപ്പെട്ട് അധികം ആർക്കും അറിയാത്ത ചില പിന്നാമ്പുറ കഥകൾ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ. ശാലിനിയെ നായികയായി സെലക്ട് ചെയ്യും മുമ്പ് അസിൻ വരെ കമലിന് മുമ്പിൽ ഓഡീഷനായി വന്നിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. കൂടാതെ നിറം സിനിമയ്ക്ക് ആദ്യം കൂക്കലായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്നും കമൽ പറയുന്നു.

'കഥയും നിർമാതാവും സംവിധായകനുമെല്ലാം റെഡി. പക്ഷെ എബിക്കൊപ്പം ആരെ സോനയാക്കും.. ഒരുപാട് ആലോചിച്ചു. ചാക്കോച്ചൻ-ശാലിനി കൂട്ടുകെട്ട് മനസിൽ വന്നു. അനിയത്തിപ്രാവിന്റെ ആവർത്തനമാകുമോ എന്ന തോന്നൽ കാരണം മാറ്റിച്ചിന്തിച്ചു. അങ്ങനെ സോനയെത്തേടി ഓഡീഷനുകൾ നടത്തി. ഓഡിഷനിൽ നോ പറഞ്ഞവരിൽ ഒരാൾ പിന്നീട് ബോളിവുഡുവരെ എത്തിയെന്നത് മറ്റൊരു ചരിത്രം.'

'ഗജിനിയിൽ തിളങ്ങിയ അസിൻ ആയിരുന്നു നിറം സിനിമയുടെ ഓഡീഷന് എത്തിയ പെൺകുട്ടികളിൽ ഒരാൾ. ഒരുപാടുപേരെ ഓഡിഷൻ ചെയ്തിരുന്നു. അതിലേക്ക് അസിനും വന്നു. പക്ഷെ എന്തുകൊണ്ടോ അന്ന് അസിനെ തെരഞ്ഞെടുക്കാൻ എനിക്ക് തോന്നിയില്ല. ഒന്നും സെറ്റാകാതെ വന്നതോടെ മനസ് വീണ്ടും ശാലിനിയിലെത്തി.'

'നേരത്തെ സംവിധാനം ചെയ്ത കൈക്കുടന്ന നിലാവിൽ ശാലിനിയായിരുന്നു നായിക. ഞാൻ ശാലിനിയോട് സംസാരിച്ചു. അവൾ ഓക്കെയായി. നിറം തുടങ്ങുന്നതിന് കുറച്ച് മുമ്പാണ് എന്ന് സ്വന്തം ജാനകിക്കുട്ടി റിലീസായത്. ജോമോളെ വർഷയാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. പിന്നീട് വേണ്ടിയിരുന്നത് പ്രകാശനെയായിരുന്നു. നടൻ ആലുംമൂടൻ ചേട്ടൻ മകന്റെ അഭിനയമോഹം എന്നെ അറിയിച്ചിരുന്നു.'

'ബോബനെ ഓഡിഷന് ക്ഷണിച്ചു. ബോബൻ ഓക്കെയായതോടെ ആ കഥാപാത്രവും ഫിക്സായി. ഒരു വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിവസം എല്ലാ തിയേറ്ററുകളിലും കൂക്കിവിളിയായിരുന്നു. അഭിപ്രായമറിയിച്ച് പല സ്ഥലങ്ങളിൽനിന്ന് വിളിവന്നു. ആരും നല്ലത് പറഞ്ഞില്ല. വെള്ളിയാഴ്ച മോണിങ് ഷോയിലും മാറ്റിനിയിലും ഇതേ അഭിപ്രായം തുടർന്നു.'

'എല്ലാ സീനുകൾക്കും കൂക്കിവിളി. ആളുകൾ എന്തിനാണ് കൂവുന്നതെന്ന് മനസിലായില്ല. പക്ഷെ വെള്ളിയാഴ്ച ഫസ്റ്റ് ഷോയ്ക്ക് തിയേറ്ററുകളിൽ സ്ത്രീകളെത്തി. ശനിയാഴ്ചയായപ്പോഴേക്കും യുവതി യുവാക്കൾ തിയേറ്ററിലേക്കൊഴുകി. സിനിമയ്ക്ക് നല്ല അഭിപ്രായം വന്നു.'

'ഞായറാഴ്ചയാണ് എനിക്ക് തിയേറ്ററിൽ പോയിക്കാണാനുള്ള ആത്മവിശ്വാസം വന്നത്. തിരുവനന്തപുരത്തെ കൃപ തിയേറ്ററിലാണ് ഞാനും ഭാര്യയും സിനിമ കണ്ടത്. റിലീസായതോടെ കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ചിത്രം ചർച്ചയായി. തമിഴിലേക്കും തെലുങ്കുവിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു.'

'നിറം സിനിമ ഇപ്പോൾ കാണുമ്പോൾ പലർക്കും പൈങ്കിളിയായിത്തോന്നാം. പക്ഷെ അന്ന് അതത്ര പൈങ്കിളിയല്ലായിരുന്നു. ഒരുപക്ഷെ നിറം ഇപ്പോഴാണ് ചെയ്യുന്നതെങ്കിൽ അതിന്റെ ക്ലൈമാക്സ് തന്നെ മാറിയേനേ', എന്നാണ് കമൽ നിറം സിനിമയുടെ പിന്നാമ്പുറ കഥകൾ ഓർത്തെടുത്ത് പറഞ്ഞത്.

Tags:    

Similar News