നടൻ കമൽ ഹാസൻ കരാർ ലംഘനം നടത്തിയെന്നും ഡേറ്റ് തരാതെ മാറി നടന്നെന്നും ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും. നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ.
ഉത്തമവില്ലൻ എന്ന ചിത്രം പരാജയമായപ്പോൾ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമൽ ഹസ്സൻ കരാർ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്സ് എന്ന നിർമാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്സ് കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്.
2015 ലാണ് ഉത്തമവില്ലൻ റിലീസ് ചെയ്തത്. കമൽഹാസന്റെ രചനയിൽ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത സിനിമയാണ് ഉത്തമ വില്ലൻ. സിനിമയുടെ പരാജയത്തിന് ശേഷം ഈ നിർമാണക്കമ്പനിയുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമൽ വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്ന് ലിംഗുസാമി ആരോപിച്ചു.
ചിത്രത്തിന്റെ തിരക്കഥ കമൽ പലപ്പോഴായി മാറ്റി. മലയാള ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്സ് കമൽഹാസനെ സമീപിച്ചിരുന്നത്. എന്നാൽ, അദ്ദേഹം മറ്റൊരു നിർമാതാവുമായി കരാർ ഉറപ്പിച്ചു. ‘ഉത്തമ വില്ലൻ’ തങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി. ഒമ്പതുവർഷമായി കമൽ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്നും ലിംഗുസാമി പറഞ്ഞു.