ഉർവശി, കലാരഞ്ജിനി, കൽപ്പന മലയാളികൾ ഒരിക്കലും മറക്കാത്ത താരസഹോദരിമാർ. കൽപ്പന വിടപറഞ്ഞുപോയെങ്കിലും അങ്ങനെ വിശ്വസിക്കാൻ ഇന്നും ആരാധകർക്കു കഴിഞ്ഞിട്ടില്ല. കൽപ്പനയെക്കുറിച്ച് കലാരഞ്ജിനി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ് ഇങ്ങനെയായിരുന്നു.
പ്രോഗ്രാമുകൾക്ക് പോകുമ്പോൾ കിട്ടുന്ന പണത്തിൻറെ നേർപകുതി കൽപ്പന അനാഥാലയങ്ങൾക്കു നൽകുമായിരുന്നു. മരിക്കുന്നതിൻറെ രണ്ടുദിവസം മുമ്പാണ് ഗുരുവായൂരിൽ പ്രോഗ്രാമിനു പോയത്. അതു കഴിഞ്ഞു തിരിച്ചുവരുമ്പോൾ ആലുവയിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ കയറി. തൊഴുതുമടങ്ങുമ്പോൾ അവിടെയൊരു ബോർഡ്. നിർധനരായ പെൺകുട്ടികൾക്കു സമൂഹവിവാഹം. അപ്പോൾത്തന്നെ സംഘാടകരെ വിളിച്ച് പണം നൽകി. ആരും ചോദിച്ചിട്ടല്ലിത്. പ്രോഗ്രാമിൽ നിന്നു കിട്ടിയ ബാക്കി തുക ആലപ്പുഴയിലെ അനാഥാലയത്തിനും നൽകി.
ആരു സഹായത്തിനു വന്നാലും ചെയ്തുകൊടുക്കുന്നതാണു ശീലം. പക്ഷേ, അതിന് പബ്ലിസിറ്റി കൊടുക്കില്ല. പഠിക്കാൻ പണമില്ലാത്ത എത്രയോ കുട്ടികളെ കൽപ്പന സഹായിച്ചിട്ടുണ്ട്. സ്‌കൂളിൽ അഡ്മിഷനു വരെ വിളിച്ചുപറയും. ഒരു കാര്യം ചെയ്താൽ പിറ്റേ ദിവസം അവരെ വിളിച്ച് അതു നടന്നോ എന്നു ചോദിക്കും. പലപ്പോഴും ഞങ്ങളെല്ലാവരും അതിശയിച്ചുപോയിട്ടുണ്ട്. ഇത്രയും കൃത്യമായി എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്നാലോചിച്ച്- കലാരഞ്ജിനി പറഞ്ഞു.