ജനുവരി 10 നാണു മലയാളത്തിന്റെ ആത്മാഭിമാനമായ പത്മഭൂഷൺ പത്മവിഭൂഷൺ ഡോ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ പിറന്നാൾ. അദ്ദേഹം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാൾ എന്ന് വിശേഷിപ്പിക്കുന്നതിൽ അപാകതയില്ല. ഇന്ത്യൻ ഭാഷകളിൽ ആസ്സാമീസ്, കാശ്മീരി, കൊങ്കണ എന്നിവയൊഴികെ മറ്റെല്ലാ ഭാഷ എട്ടുതവണ കളിലും അദ്ദേഹം പാടിയിട്ടുണ്ട്.എട്ടുതവണമികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ചു . കേരളം കൂടാതെ തമിഴ്‌നാട് , ആന്ധ്ര, ബംഗാൾ, എന്നീ സംസ്ഥാനങ്ങളിലും മികച്ച ഗായകനുള്ള പുരസ്‌ക്കാരം പല തവണ നേടിയിട്ടുണ്ട്.
1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കർണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകൻ തന്റെ അവിതർക്കമായ സാന്നിദ്ധ്യം അറിയിച്ചു.
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.
ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.