'അന്ന് ലോൺ അടയ്ക്കാൻ കഴിയാതെ ഷാരൂഖ് ഖാന്റെ കാർ ജപ്തി ചെയ്തു, ഒരുപാടു കഷ്ടപ്പെട്ടു': ജൂഹി ചൗള
ബോളിവുഡിന്റെ സ്വപ്നതാരങ്ങളാണ് ഷാരുഖ് ഖാനും ജൂഹി ചൗളയും. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) സഹ ഉടമകൾ എന്നതിലുപരി തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും നിരവധി ഹിറ്റ് സിനിമകളിൽ ഇവരുണ്ടായിരുന്നു. താരപദവിയിലേക്കെത്തും മുന്പ് ഷാരൂഖിന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ താരം തുറന്നുപറഞ്ഞത് ആരാധകർക്കു ഞെട്ടലുണ്ടാക്കി.
ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കവെയാണു ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചില ഓർമകൾ ജൂഹി പങ്കുവച്ചത്. ഷാരൂഖ് സാമ്പത്തികമായി നല്ല നിലയിലല്ലാതിരുന്ന കാലത്തെക്കുറിച്ചാണ് ജൂഹി പറഞ്ഞത്.
""മുംബൈയിൽ വീടില്ലാത്തതിനാൽ ഡൽഹിയിൽനിന്നാണ് ഷാരൂഖ് വന്നിരുന്നത്. ഷാരൂഖിനുവേണ്ടി പാചകം ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. എവിടെയാണ് താമസിച്ചതെന്ന് എനിക്കുറപ്പില്ല. യൂണിറ്റിലെ സാധാരണ ഭക്ഷണമാണ് ഷാരുഖ് കഴിച്ചിരുന്നത്.
ഷാരൂഖിന് വാഹനം ഉണ്ടായിരുന്നു. അതൊരു കറുത്ത ജിപ്സി ആയിരുന്നു. രാപ്പകലില്ലാതെ ഷാരൂഖ് ജോലി ചെയ്യാറുണ്ടായിരുന്നു. അവൻ ഒരുപാടു കഷ്ടപ്പെട്ടു. പണത്തിനും ബുദ്ധിമുട്ടുള്ള കാലമായിരുന്നു. ജിപ്സിയുടെ ലോൺ അടയ്ക്കാൻ പല തവണ ഷാരൂഖിനു കഴിഞ്ഞില്ല. ഒരു ദിവസം ബാങ്കുകാർ ജിപ്സി ജപ്തി ചെയ്തുകൊണ്ടുപോയി.
വളരെ നിരാശയോടെയാണ് ഷാരൂഖ് അന്ന് സെറ്റിൽ എത്തിയത്. വിഷമിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു കാറിനു പകരം ധാരാളം കാറുകൾ വാങ്ങാൻ കഴിയുമെന്നും ഞാൻ ആശ്വസിപ്പിച്ചു. ഇപ്പോൾ നോക്കു, ഷാരൂഖ് എത്ര ഉയരത്തിലെത്തി''- ജൂഹി പറഞ്ഞു.