'പാർട്ടിക്കാർ ആൾക്കാരെ ഭീഷണിപ്പെടുത്തി തീയേറ്ററിൽ നിന്നിറക്കി, സിനിമ ഒരു ഭീഷണിയായി തോന്നി'; ജോയ് മാത്യു

Update: 2024-06-19 11:13 GMT

ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' എന്ന ചിത്രം തീയേറ്ററിലെത്താൻ പോകുകയാണ്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജോയ് മാത്യുവും, ധ്യാനും ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നടൻ എന്നതിലുപരി സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ജോയ് മാത്യു. അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ഷട്ടർ. 2013ലാണ് സിനിമ പുറത്തിറങ്ങിയത്. അതിനുശേഷം എന്തുകൊണ്ടാമ് താൻ വേറെ സിനിമ സംവിധാനം ചെയ്യാത്തതെന്ന് ജോയ് മാത്യു അഭിമുഖത്തിൽ വെളിപ്പെടുത്തി.

'മടിയാണെന്ന് പറയുന്നത് ഒരു പരിധിവരെ ശരിയാണ്. പിന്നെ വേറെയും കാര്യങ്ങളുണ്ട്. ആദ്യ സിനിമ ചെയ്യാൻ നമുക്ക് വല്ലാത്ത ത്വര ഉണ്ടാകും. അത് ചെയ്തുകഴിഞ്ഞാൽ രണ്ടാമത്തേത് അതിനൊപ്പമോ അതിനുമുന്നിലോ നിൽക്കണം. അത് ഭയങ്കര ടെൻഷനായി ഉള്ളിൽ കിടക്കുകയാണ്. ഞാൻ ഐഡിയ ആലോചിച്ച് സിനിമ ആക്കാമെന്ന് വിചാരിക്കും. ജോയ് ഏട്ടാ നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ഞാൻ ചെയ്യാട്ടോ എന്ന് അപ്പോൾ കൂടെ ആരാണോയുള്ളത് അവർ പറയും. അപ്പോൾ ഞാൻ കൊടുക്കും. ഞാൻ എന്തും കൊടുക്കും. ചാവേർ ഞാൻ ചെയ്യാനിരുന്നതാണ്. ടിനു പാപ്പച്ചൻ ചോദിച്ചപ്പോൾ കൊടുത്തു.

ആ സിനിമ കാണാൻ തീയേറ്ററിൽ ആളെ വരുത്താതിരുന്നതാണ് നമ്മുടെ പാർട്ടിക്കാർ. ആൾക്കാരെ ഭീഷണിപ്പെടുത്തി തീയേറ്ററിൽ നിന്നിറക്കിയ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. തൊടുപുഴ ഭാഗത്ത്, നമ്മുടെ ക്യാമറാമാന്റെ ബന്ധുക്കളെയൊക്കെ തീയേറ്ററിൽ നിന്നിറക്കി. ആ പാർട്ടിക്ക് ഈ സിനിമ ഒരു ഭീഷണിയായി തോന്നി. സംഭവം ഞാൻ പറഞ്ഞത് കറക്ടാണല്ലോ, ഇപ്പോൾ തെളിഞ്ഞുവരികയാണ്. ബോംബ് നിർമാണവും കാര്യങ്ങളും ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്.'- ജോയ് മാത്യു പറഞ്ഞു.

പ്രേക്ഷകർക്ക് ഈ സിനിമ സിങ്ക് ആകാത്തതുകൊണ്ടാണെന്നാണ് ഞങ്ങൾക്ക് തോന്നിയതെന്നായിരുന്നു അവതാരകന്റെ മറുപടി. അതും ശരിയാണെന്ന് ജോയ് മാത്യും പറഞ്ഞു. 'അതിന്റെ ഉത്സവ മൂഡാണ് പ്രേക്ഷകരെ പ്രതീക്ഷിച്ചത്. പക്ഷേ ഇത് പക്കാ പൊളിറ്റിക്കൽ സിനിമയാണ്.'- അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News