'കലാഭവൻ മണി പ്രശ്നത്തിൽ ഒന്നരക്കൊല്ലം വീട്ടിലിരുന്നു, സത്യാവസ്ഥ വന്നപ്പോൾ എവിടെയങ്കിലും വന്നുവോ?'; ജാഫർ ഇടുക്കി

Update: 2024-02-22 09:47 GMT

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജാഫർ ഇടുക്കി. സിനിമയിൽ തുടക്കകാലത്ത് ചെയ്തിരുന്നത് കോമഡി കഥാപാത്രങ്ങളായിരുന്നു. പിന്നീട് അദ്ദേഹം ക്യാരക്ടർ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു.

കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടാനും ജാഫർ ഇടുക്കിയ്ക്ക് സാധിച്ചു. വില്ലത്തരവും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. മലയാള സിനിമയിലെ തനി ഇടുക്കിക്കാരനാണ് ജാഫർ ഇടുക്കി. അതേസമയം ഓഫ് സ്‌ക്രീനിലെ വിവാദങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ജാഫർ ഇടുക്കി വിവാദത്തിൽ അകപ്പെട്ടത്.

മണിയുടെ മരണത്തെക്കുറിച്ച് നടന്ന അന്വേഷണത്തിൽ ജാഫർ ഇടുക്കിയ്ക്കെതിരേയും അന്വേഷണം നടന്നിരുന്നു. കൂടാതെ ചാനൽ വാർത്തകളിലും അദ്ദേഹം ക്രൂശിക്കപ്പെട്ടു. എന്നാൽ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് ജാഫർ ഇടുക്കിയേയും ഒപ്പമുണ്ടായിരുന്നവരേയും വെറുതെ വിടുകയായിരുന്നു. എന്നാൽ ഈ കേസിനെ തുടർന്ന് കുറേക്കാലം അദ്ദേഹത്തിന് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നിരുന്നു.

അതേക്കുറിച്ച് എലഗെൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജാഫർ ഇടുക്കി മനസ് തുറക്കുകയാണ്. വാർത്തകൾ നൽകുമ്പോൾ വസ്തുതകൾ പരിശോധിച്ച ശേഷം മാത്രമേ നൽകാവൂവെന്നാണ് ജാഫർ ഇടുക്കി പറയുന്നത്. അല്ലാത്തപക്ഷം ഒരു വ്യക്തിയുടെ ജീവിതം തന്നെ തകർക്കാൻ അത് കാരണമായേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകളിലേക്ക്.

'ഒരു വ്യക്തിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ അറിഞ്ഞാൽ അതിൽ വസ്തുത ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം പുറത്ത് വിടുക. അല്ലെങ്കിൽ ആ വ്യക്തിയുടെ കുടുംബം തകരും. അനുഭവിച്ചില്ലേ. കലാഭവൻ മണിയുടെ പ്രശ്നത്തിൽ ഒന്നരക്കൊല്ലമാണ് ഞാൻ വീട്ടിലിരുന്നത്. നുണ പരിശോധന, നാർക്കോ അനാലിസിസ്, ഇതെല്ലാം ഈ പ്രായത്തിന് ഇടയ്ക്ക് കടന്നു പോയി. ഇപ്പോൾ ശരീരവേദന തുടങ്ങിയിട്ടുണ്ട്. റേഡിയേഷൻ അടിച്ചിട്ട് മുട്ടിനൊക്കെ വേദനയാണ് ഇപ്പോൾ' ജാഫർ ഇടുക്കി പറയുന്നു.

സത്യാവസ്ഥ വന്നപ്പോൾ എന്തായി? പത്രത്തിൽ എവിടെയങ്കിലും ഒരു കോളത്തിലെങ്കിലും വന്നുവോ? നിങ്ങളാരെങ്കിലും തിരിച്ചു പറഞ്ഞുവോ? ആരും പറഞ്ഞില്ല. കുറച്ച് പേർ ദ്രോഹിച്ചു. കുറച്ച് പേർ സപ്പോർട്ട് ചെയ്തിരുന്നു. ഒരു മനുഷ്യനെക്കുറിച്ച് പറയുമ്പോൾ ആലോചിച്ച് പറയണം. അവർക്ക് കുടുംബമുണ്ട്, കുട്ടികളുണ്ട്. സ്വന്തക്കാരും ബന്ധുക്കാരുമുണ്ട്. നാട്ടിലെ പ്രമുഖൻ ആകണമെന്നില്ല, കൂലിപ്പണിക്കാരൻ ആയാലും അവർക്കും കാണില്ലേ അന്തസ്സ്? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

നാട്ടിലൊരു കളവ് നടന്നുവെന്ന് കരുതുക. ആരാണ് കട്ടത്? മറ്റേ രാഘവനാണെന്നാണ് പറഞ്ഞു കേട്ടത്. രാഘവനോ? പിന്നില്ലാതെ അവൻ ആരാണെന്ന് നമുക്ക് അറിയാമല്ലോ! അങ്ങനെ നാല് പേർ പറയുന്നതോടെ രാഘവൻ കള്ളനായി. രണ്ട് കൊല്ലം കഴിയുമ്പോൾ കേസ് തെളിയും. പക്ഷെ അതുവരെ രാഘവൻ അനുഭവിച്ചതിനൊക്കെ തിരിച്ചു കൊടുക്കാൻ ആർക്കെങ്കിലും പറ്റുമോ? അയാൾ നാറിപ്പോയി. അതുമതി. ചിലപ്പോൾ അയാൾ കുറച്ച് വിഷമെടുത്ത് കഴിച്ച്, ബാക്കി ഭാര്യയ്ക്കും മക്കൾക്കും കൊടുത്താൽ ഈ പറഞ്ഞ ആളുകൾക്ക് എന്തെങ്കിലും ഉത്തരവാദിത്തം കാണുമോ? എന്നും അദ്ദേഹം ചോദിക്കുന്നു.

Tags:    

Similar News