സിനിമ നന്നാകാന്‍ ഇടവേളകള്‍ പലപ്പോഴും സഹായിക്കും- എം. മോഹനന്‍

Update: 2023-07-19 10:37 GMT

മലയാളത്തിന്റെ ജനപ്രിയ സംവിധായകരില്‍ ഒരാളാണ് എം. മോഹനന്‍. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഹനന്‍ വിവിധ സിനിമകളിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറി. ഇപ്പോള്‍ എറണാകുളത്ത് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കുകളിലാണ് അദ്ദേഹം. സിനിമയിലെ ഇടവേളകളെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:

2007-ലാണ് കഥപറയുമ്പോള്‍ ഇറങ്ങുന്നത്. 2011 ആരംഭത്തിലാണ് മാണിക്യക്കല്ല് വരുന്നത്. 2012 അവസാനമാണ് 916 റിലീസാകുന്നത്. മൈ ഗോഡ് 2015-ലും അരവിന്ദന്റെ അതിഥികള്‍ 2018-ലുമാണ് ഇറങ്ങുന്നത്. പലപ്പോഴും ഗ്യാപ്പ് ഉണ്ടാകുന്നു. എന്തുകൊണ്ടാണിങ്ങനെ എന്നു ചോദിച്ചാല്‍ അതിനു പ്രത്യേകിച്ചു കാരണം പറയാനില്ല. സത്യത്തില്‍ സിനിമയില്‍ ഈ കാലയളവ് വലിയ ഗ്യാപ്പ് ഒന്നുമല്ല. കഥ പറയുമ്പോള്‍ സമ്മാനിച്ചത് ഒരു വലിയ വിജയമായിരുന്നു. അതോടെ അടുത്തത് ഒരു നല്ല പടമായി ചെയ്തു വിജയിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വം തലയില്‍ കയറി. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരേണ്ടതുണ്ടായിരുന്നു. ഓഫറുകള്‍ അനവധി വന്നു. പക്ഷേ, വന്നവര്‍ക്കൊക്കെ കഥപറയുമ്പോള്‍ എന്ന പടത്തിന്റെ തന്നെ ചുവടുപിടിച്ചുള്ള ഒരു സിനിമയായിരുന്നു വേണ്ടിയിരുന്നത്. അത്തരം ഒരു സിനിമ ചെയ്യുന്നില്ല എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു.

വ്യത്യസ്തമായ കഥകള്‍ പ്രമേയമാക്കുമ്പൊഴേ സത്യത്തില്‍ ഒരു സിനിമാക്കാരന്‍ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന വിശ്വാസക്കാരനാണ് ഞാന്‍. അതിനായുള്ള കാത്തിരിപ്പിനിടയിലാണ് ഇടവേളകള്‍ സംഭവിക്കുന്നത്. പടം നന്നാകാന്‍ ഇടവേളകള്‍ പലപ്പോഴും സഹായിക്കുന്നുണ്ട് എന്നു ഞാന്‍ കരുതുന്നു.

Tags:    

Similar News