ഇന്ത്യന്‍ താരങ്ങളെത്തേടി രാജ്യാന്തര അവസരങ്ങള്‍ വരുന്നത് സാധാരണയാണ്. ബോളിവുഡ് താരം തബുവിനാണ് ഏറ്റവുമൊടുവില്‍ അത്തരത്തില്‍ ഒരു ശ്രദ്ധേയ അവസരം ലഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്റെ (മുന്‍പ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് ഇത്.
ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന് ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സിരീസിലെ കാലം.
ഡെനിസ് വിലെന്യുവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. അതീന്ദ്രിയമായ ശക്തികള്‍ ലഭിക്കാനായി തീവ്രമായ കായിക പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന സഹോദരിമാരാണ് സിരീസിലെ കേന്ദ്ര കഥാപാത്രങ്ങൾ. ലോകത്തിന്റെ ഭാവിക്ക് അപായമുണ്ടാക്കുന്ന ശക്തികള്‍ക്ക് എതിരേ നില്‍ക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. സിരീസിന്റെ പ്രീമിയര്‍ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തബു ഭാഗഭാക്കാവുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണിത്. മീരാ നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് അവരുടെ ആദ്യ സിരീസ്. ഈ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്രൂ ആണ് തബുവിന്റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.