തെലുങ്കിൽ തന്റെ പ്രകടനം കൊണ്ട് സൂപ്പർതാര പദവിയിലേക്ക് എത്താൻ സാധിച്ച നടിയാണ് ഇല്യാന ഡിക്രൂസ്. പതിനഞ്ചു വർഷത്തിലേറെയായി സിനിമാലോകത്തു സജീവമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി തെലുങ്ക് സിനിമയിൽനിന്നു വിട്ടു നിൽക്കുകയാണു നടി. രണ്ടു തവണ പ്രണയപരാജയം ഉണ്ടായെങ്കിലും അടുത്തിടെ താൻ അമ്മയായെന്ന് ഇല്യാന വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം നടി തന്റെ കുഞ്ഞിനെയും കുട്ടിയുടെ പിതാവിനെയുമൊക്കെ പുറംലോകത്തിനു പരിചയപ്പെടുത്തിയിരുന്നു.
ഇല്യാനയുടെ ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ അരക്കെട്ടിന് പ്രാധാന്യം നൽകിയിരുന്നു. അങ്ങനെയൊരു സിനിമ ഇല്ലെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. അത്തരത്തിലാണ് ഇല്യാന വെള്ളിത്തിരയിൽ നിറഞ്ഞുനിന്നത്. മാത്രമല്ല പലപ്പോഴും ഇല്യാനയുടെ അരക്കെട്ടിനെക്കുറിച്ചു വലിയ ചർച്ചകളും നടക്കാറുണ്ടായിരുന്നു. നടിയുടെ മെലിഞ്ഞ അരക്കെട്ട് വിവരിച്ച് കൊണ്ടുള്ള പാട്ടുകൾ പോലും സിനിമകളിൽ ഉണ്ടായിരുന്നു എന്നതും രസകരമായ കാര്യമാണ്. അതിനെക്കുറിച്ച് നടി മുമ്പു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
പലപ്പോഴും സംവിധായകന്മാർ എന്റെ അരക്കെട്ടിൽ മാത്രം ഫോക്കസ് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇക്കാര്യം പിന്നീട് എനിക്കു തുറന്ന് പറയേണ്ടി വന്നു. എല്ലാ സിനിമകളിലും എന്റെ അരക്കെട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ ഞാൻ വളരെ ദുഃഖിതയുമായിരുന്നു. എന്തിനാണ് എല്ലാവരും എന്റെ അരക്കെട്ട് കാണിക്കുന്നതെന്നും അവരോടു ഞാൻ ചോദിച്ചിരുന്നു. എന്റെ ഉള്ളിൽ മറ്റൊന്നുമില്ലെന്ന മട്ടിൽ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നെ ഏറെ വേദനിപ്പിച്ചു. പലതവണയായി ഇത് തന്നെ സ്ക്രീനിൽ കണ്ടപ്പോൾ എനിക്ക് തന്നെ നാണം തോന്നി- ഇല്യാന പറഞ്ഞു.