കർണൻ എന്‍റെ ശരീരത്തിലേക്കു കയറിവന്നു; കർണന്‍റെ വേഷത്തിൽ ഞാൻ എന്നെത്തന്നെ സ്വപ്നം കാണാൻ തുടങ്ങി: മോഹൻലാൽ

Update: 2024-04-23 12:19 GMT

കർണഭാരത്തിന്‍റെ സ്ക്രിപ്റ്റ് കാവാലം നാരായണപ്പണിക്കർ തന്നപ്പോൾ ശ്ലോകങ്ങൾ നിറഞ്ഞുനിൽക്കുന്ന ആ നാടകം ഒരു പർവതം കണക്കെ തനിക്കു മുന്നിൽ ഉയർന്നുനിന്നതായി മോഹൻലാൽ.

രണ്ടായിരത്തോളം വർഷം മുന്പ് ഭാസൻ എഴുതിയ നാടകമാണ് കർണഭാരം. അതിലെ കർണനായിട്ടാണ് ഞാൻ പകർന്നാടേണ്ടതെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഒരന്പരപ്പ് എന്നിലുടനീളം നിറഞ്ഞു. മഹാഭാരതത്തിലെ ഏറെ വ്യത്യസ്തനായ ഒരു കഥാപാത്രമാണ് കർണൻ. എക്കാലവും കറുത്ത സങ്കടങ്ങൾ ഉള്ളിൽ പേറി ജീവിക്കുന്ന ഒരാൾ.

കാറിലും വിമാനത്തിലും ബാത്ത്റൂമിൽ പോലും കർണഭാരത്തിലെ സംഭാഷണങ്ങൾ ഉരുവിട്ടു മനഃപാഠമാക്കി. എട്ടുദിവസം മാത്രം നീണ്ട റിഹേഴ്സൽ ക്യാംപിൽ ഞാൻ എന്‍റെ മനസും ശരീരവും കർണനിലേക്ക് ഒഴുക്കിവിട്ടു. സ്ട്രെയ്ഞ്ചായ അനുഭവമായിരുന്നു കർണഭാരം. കാവാലം സാറിന് എന്നിലെ നടനിലുള്ള വിശ്വാസം കൊണ്ടു മാത്രമാണ് കർണനായി എനിക്കു പകർന്നാടാൻ കഴിഞ്ഞത്. 

ഉന്നതമായ സ്റ്റൈലൈസ്ഡ് പെർഫോമൻസോടുകൂടിയ ഒരു മാജിക്കായിരുന്നു കർണഭാരം. വ്യത്യസ്ത ചുവടുകളും താളങ്ങളുമായി കാവാലം സാർ പറഞ്ഞുതന്നതനുസരിച്ച് സോപാനത്തിന്‍റെ അരങ്ങിൽ എട്ടുദിവസം ഞാൻ ആടി. ആ ദിനരാത്രങ്ങളിലെ ഓരോ നിമിഷത്തിലും കർണൻ എന്‍റെ ശരീരത്തിലേക്കു കയറിവന്നു. പല രാത്രികളിലും കർണന്‍റെ വേഷത്തിൽ ഞാൻ എന്നെത്തന്നെ സ്വപ്നം കണ്ടു- മോഹൻലാൽ പറഞ്ഞു.

Tags:    

Similar News