മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായ്ക്ക് 30 ലക്ഷത്തിന്റെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു... എനിക്കുണ്ടായിരുന്നത് 3,000 രൂപയുടെ സാധാരണ വസ്ത്രങ്ങൾ: ശ്വേത മേനോൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മലയാളസിനിമയിലേക്ക് എത്തും മുന്പ് മുംബൈ ഫാഷൻ ലോകത്തും സിനിമാ ലോകത്തും സാന്നിധ്യമറിയിച്ച ഒരു കാലഘട്ടം ശ്വേതയ്ക്കുണ്ടായിരുന്നു. 1994 ലെ മിസ് ഇന്ത്യ തേർഡ് റണ്ണർ അപ്പാണ് ശ്വേത. ഐശ്വര്യ റായും സുസ്മിത സെന്നിനൊപ്പമാണ് ശ്വേത അന്ന് മത്സരിച്ചത്. അക്കാലത്തെ ഓർമകൾ പങ്കുവയ്ക്കുകയാണ് ശ്വേത മേനോനിപ്പോൾ.
"ചാരിതമായാണ് ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. അച്ഛൻ റിട്ടയർ ചെയ്ത് കേരളത്തിൽ വന്നു. എനിക്ക് മലയാളം തീരെ വഴങ്ങുന്നില്ല. എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഓടാം എന്നായിരുന്നു എനിക്ക്. കോഴിക്കോട് പാർലറിൽ പോയപ്പോൾ ഫെമിന മാഗസിൻ കണ്ടു. മിസ് ഇന്ത്യയുടെ ഫോം അതിലുണ്ട്. എന്റെ ഫ്രണ്ട് ഫിൽ ചെയ്ത് അയച്ചു. അങ്ങനെയാണ് മിസ് ഇന്ത്യ മത്സരത്തിനെത്തിയത്. ഞാൻ ഐശ്വര്യ റായിയുടെ റൂം മേറ്റായിരുന്നു. സുസ്മിത സെൻ എന്റെ അടുത്തുള്ള റൂമിലായിരുന്നു. ഐശ്വര്യയെക്കുറിച്ചാണ് ഞാൻ കൂടുതൽ അറിഞ്ഞത്. പക്ഷെ സുസ്മിത അന്നും ഇന്നും എന്നും ഇങ്ങനെയാണ്. എപ്പോഴും ഒരു ഊഷ്മളതയുണ്ട്. കുറേക്കൂടി പക്വതയുള്ളയാളാണ്. അവരുടെ പ്രായത്തേക്കാളും.
സൗന്ദര്യ മത്സര വേദിയിൽ വിജയിക്കാൻ ഐശ്വര്യക്ക് ഒന്ന് രണ്ട് വർഷത്തെ ട്രെയ്നിംഗ് ലഭിച്ചിരുന്നു. ഞാൻ നടക്കാവിൽ നിന്നു പോയതാണ്. എനിക്കൊരു ട്രെയ്നിംഗും ലഭിച്ചിട്ടില്ല. ഞാൻ സന്തോഷവതിയാണ്. ഞാൻ ഇന്നും അത് മറക്കില്ല. എന്റെ തുടക്കമായിരുന്നു അത്. നാട്ടിലെ ഉമ്മമാരുടെ നിക്കാഹിന്റെ ഡ്രസാണ് ഷോയിൽ ഇന്ത്യൻ ഡ്രസ് റൗണ്ടിലിട്ടത്. ഏതോ ഷോപ്പിൽ നിന്നും രണ്ട് മൂന്ന് സ്വിം സ്യൂട്ട് തന്നു. മൂവായിരം രൂപയാണ് എനിക്ക് ചെലവായത്. ഐശ്വര്യ റായ്ക്ക് 30 ലക്ഷത്തിന്റെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു. അതേസമയം 1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ കിരീടം ചൂടിയത് സുസ്മിത സെന്നാണ്. ഐശ്വര്യക്ക് രണ്ടാം സ്ഥാനമായിരുന്നു''- ശ്വേത പറഞ്ഞു.