118 ദിവസം നീണ്ട പ്രതിഷേധം; ഹോളിവുഡിനെ സ്തംഭിപ്പിച്ച സമരം അവസാനിച്ചു

Update: 2023-11-09 06:22 GMT

ഹോളിവുഡിനെ സ്തംഭിപ്പിച്ച സ്ക്രീൻ ആക്ടേഴ്സ് ​ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്സ് (സാ​ഗ് ആഫ്ട്ര) സമരം അവസാനിച്ചു. 118 ദിവസം നീണ്ട പ്രതിഷേധ പരിപാടികൾക്കൊടുവിൽ പ്രമുഖ നിർമാണ സ്റ്റുഡിയോകളുമായി സാ​ഗ്-ആഫ്ട്ര പുതിയ കരാറിൽ ഒപ്പുവെച്ചു. മൂന്നുവർഷത്തേക്കാണ് കരാർ. വാൾട്ട് ഡിസ്നി, നെറ്റ്ഫ്ളിക്സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് (എ.എം.പി.ടി.പി)യുമായാണ് സാ​ഗ് -ആഫ്ട്ര പ്രാഥമിക കരാറിൽ ഒപ്പുവെച്ചത്. ബുധനാഴ്ച സാ​ഗ്-ആഫ്ട്ര ടി.വി തിയേട്രിക്കൽ കമ്മിറ്റി ഐകകണ്ഠ്യേന വോട്ട് ചെയ്താണ് സ്റ്റുഡിയോകളുമായുള്ള പുതിയ കരാറിന് അനുമതി നൽകിയത്. വ്യാഴാഴ്ച പുലർച്ചെ 12.1 ഓടുകൂടിയാണ് സമരം അവസാനിപ്പിച്ചത്. കരാർ വെള്ളിയാഴ്ച യൂണിയൻ നാഷണൽ ബോർഡിനുമുന്നിൽ അം​ഗീകാരം ലഭിക്കുന്നതിനായെത്തും.

1 ബില്ല്യൺ ഡോളറാണ് ഉടമ്പടിയുടെ മൂല്യമെന്ന് യൂണിയൻ അംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. ഇതിൽ ശമ്പള വർദ്ധനവ്, സ്ട്രീമിംഗ് പങ്കാളിത്ത ബോണസ്, എഐ സംബന്ധിച്ച നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആരോഗ്യ, പെൻഷൻ ഫണ്ടുകളുടെ ഉയർന്ന പരിധി, പശ്ചാത്തല പ്രകടനം നടത്തുന്നവർക്കുള്ള നഷ്ടപരിഹാരം, വിവിധ സമൂഹങ്ങളെ സംരക്ഷിക്കുന്ന നിർണായക കരാർ വ്യവസ്ഥകൾ എന്നിവയും താൽക്കാലിക ഇടപാടിൽ ഉൾപ്പെടുന്നു. ഒരു താൽക്കാലിക ഉടമ്പടിയിൽ എത്തിയതിൽ എ.എം.പി.ടി.പി സന്തോഷിക്കുന്നു. മികച്ച കഥകൾ പറയാൻ ഈ വ്യവസായം പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും യൂണിയൻ വ്യക്തമാക്കി.

മേയ് മാസത്തിനുശേഷം ചലച്ചിത്ര നിർമാണത്തിലേക്ക് ഹോളിവുഡ് വീണ്ടുമെത്തുന്നുവെന്ന സൂചനയാണ് കരാർ സൂചിപ്പിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ഹോളിവുഡ് റിപ്പോർട്ടർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മേയ് 2 മുതലാണ് നടീനടന്മാരുടെ സംഘടനയായ ദ സ്ക്രീൻ ആക്ടേഴ്സ് ​ഗിൽഡ് സമരം ആരംഭിച്ചത്. പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്‌നി, നെറ്റ്ഫ്ളിക്സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന ‘അലയൻസ് ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സു’മായി ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്’ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കൾ സമരത്തിനിറങ്ങിയത്.

ടോം ക്രൂസ്, ആൻജലീന ജോളി, ജോണി ഡെപ്പ് തുടങ്ങിയ അഭിനയരംഗത്തെ മുൻനിരക്കാർ അടക്കമുള്ള 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയാണ് ആക്ടേഴ്സ് ​ഗിൽഡ്. ഇവരുടെ സമരത്തിന് മാസങ്ങൾക്ക് മുമ്പേ തന്നെ എഴുത്തുകാരുടെ സംഘടന സമരരം​ഗത്തുണ്ടായിരുന്നു. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ പരിഹാരംവേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കഴിഞ്ഞ 63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പണിമുടക്കായിരുന്നു ഇത്.

 

Tags:    

Similar News