ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Update: 2022-10-13 02:38 GMT

അവതാരകയെ നടൻ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

നേരത്തെ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അവതാരകയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം നൽകിയിരുന്നു.

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നൽകിയ പരാതിയിൽ മരട് പൊലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടുകയായിരുന്നു. തുടർന്ന് സിനിമാ നിർമാതാക്കളുടെ സംഘടന വിഷയത്തിൽ ഇടപെടുകയും ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നാലെ ശ്രീനാഥ് ഭാസിക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് നിർമാതാക്കളുടെ സംഘടന പിൻവലിച്ചിട്ടില്ല. 

Tags:    

Similar News