പലരും പറ്റിച്ചിട്ടുണ്ട്, കടന്നു വന്ന വഴികളെ കുറിച്ച് പറയാൻ മടിയില്ല: ഹരിശ്രീ അശോകൻ

Update: 2023-11-19 11:10 GMT

മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. മിമിക്രി വേദികളിൽ നിന്നാണ് ഹരിശ്രീ അശോകൻ സിനിമയിലേക്ക് എത്തുന്നത്. 1986 ൽ സത്യൻ അന്തിക്കാട് ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെയായിരുന്നു ഹരിശ്രീ അശോകന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഗായകനായും സംവിധായകനായുമൊക്കെ അദ്ദേഹം കഴിവ് തെളിയിച്ചു. അടുത്തിടെയായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകൻ.

സിനിമകളുടെ കാര്യത്തിൽ സെലക്ടീവ് ആയതാണെന്ന് അദ്ദേഹം സമ്മതിച്ചു. പണ്ട് ഓടി നടന്ന് അഭിനയിക്കുമായിരുന്നു എന്നാൽ ഇന്ന് സിനിമകൾ തിരഞ്ഞെടുത്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ മഹാറാണിയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ. ആളുകളെ സഹായിക്കാറുള്ളതിനെ കുറിച്ചും നടൻ മനസുതുറന്നു.

കടന്നു വന്ന വഴികളെ കുറിച്ച് എപ്പോഴും പറയാറുള്ള വ്യക്തിയാണ് താനെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഞാൻ പറയും. ഞാൻ എന്താണെന്ന് അറിയുന്നവർക്കാകും എന്നെ കൂടുതൽ ഇഷ്ടപ്പെടാൻ കഴിയുക. എല്ലാവരെയും അറിയിക്കാൻ വേണ്ടിയൊന്നും പറയുന്നതല്ല. ആരെങ്കിലും ചോദിക്കുന്ന സന്ദർഭങ്ങളിൽ പറയുന്നതാണ്. അത് പറയാതെ ഇരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിൽ കർക്കശക്കാരനായ അച്ഛനാണ് താനെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. മുൻപൊരിക്കൽ അർജുൻ അശോകൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോഴാണ് നടൻ മകന്റെ വാക്കുകൾ ശരിവെച്ചത്. എല്ലാ കാര്യങ്ങളിലും നിർബന്ധബുദ്ധി ഉള്ള ഒരാളാണ്. അപ്പോൾ പറയാനുള്ളത് പറയും. അത് എവിടെ ആണെങ്കിലും ഞാൻ പറയും. ചിലർക്കത് പ്രശ്‌നമാകും. അപ്പോൾ ഒരു സോറി പറഞ്ഞാൽ തീരും. വീട്ടിൽ ആണെങ്കിൽ നിർബന്ധബുദ്ധി ഉണ്ട് എന്നെ ഉള്ളൂ. അവിടെ അങ്ങനെ അധികം ദേഷ്യപ്പെടാറില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

ആളുകളെ സഹായിക്കുന്നതിനെ കുറിച്ചും നടൻ സംസാരിച്ചു. 'ഞാൻ എന്റെ കയ്യിലുണ്ടെങ്കിൽ കൊടുക്കുന്ന ആളാണ്. ഇല്ലെങ്കിൽ ഇല്ലെന്നും പറയും. ചെയ്യുന്നത് വിളിച്ചു കൂവാനോ പാത്രത്തിൽ വരാനോ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. വലിയവനെന്നോ ചെറിയവനോ എന്നില്ലാണ്ട് സഹായിക്കാറുണ്ട്. ഒരുപാട് പേർക്ക് ഞാൻ പൈസ കൊടുത്തിട്ടുണ്ട്. പലരും എന്നെ പറ്റിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഞാൻ കാര്യങ്ങൾ അന്വേഷിച്ച് കൊടുക്കാറേ ഉളളൂ. എങ്കിലും സഹായം ചോദിച്ചു വരുന്നവർക്ക് അത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതൊരു വിഷമമാണ്', ഹരിശ്രീ അശോകൻ പറഞ്ഞു.

'ആദ്യ കാലഘട്ടത്തിൽ സിനിമ തിരഞ്ഞെടുക്കൽ ഒന്നുമുണ്ടായിരുന്നില്ല. ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. നമ്മൾ മതിലിൽ നിന്നും ടിവിയിൽ നിന്നൊന്നും പോകരുത് എന്നെ ഉണ്ടായിരുന്നുള്ളു. അതിന് വേണ്ടി ഒരുപാട് സിനിമകൾ ചെയ്തു. പിന്നീട് തിരക്ക് കൂടിയപ്പോൾ എല്ലാ വേഷങ്ങളും ചെയ്യാൻ ബാധ്യസ്ഥാനായി. ഇപ്പോഴാണ് കോമഡി ആയാലും സീരിയസ് ആയാലും കുറേക്കൂടി നല്ല വേഷങ്ങൾ വേണമെന്ന ചിന്ത വന്നതും അതനുസരിച്ച് സിനിമകൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതും',

'ഒരു സിനിമ നന്നായാൽ മാത്രമേ നമ്മളെ ആളുകൾ ശ്രദ്ധിക്കുകയുള്ളു. ഗോഡ് ഫാദർ എന്ന സിനിമയിൽ ഞാനൊരു ചെറിയ വേഷമാണ് ചെയ്തത്. അങ്ങനെ ഞാൻ ചെറിയ വേഷങ്ങൾ ചെയ്ത ഒരുപാട് സിനിമകൾ അക്കാലത്ത് ഉണ്ടായിരുന്നു. ഞാൻ സിനിമയിലേക്ക് വരുന്ന കാലത്ത്. ആ സിനിമകൾ ഓടിയത് കൊണ്ടാണ് ആളുകൾ എന്നെ അറിയുന്നത്. അല്ലെങ്കിൽ എന്നെ ഇന്ന് ആരും അറിയില്ലായിരുന്നു. നമ്മൾ എത്ര നന്നായി പെർഫോം ചെയ്താലും അത് ഓടുന്ന സിനിമ കൂടി ആയിരിക്കണം. എങ്കിലേ കാര്യമുള്ളൂ,' ഹരിശ്രീ അശോകൻ പറഞ്ഞു.


Tags:    

Similar News