റെക്കോഡുകൾ തകർത്ത് വിജയ് ചിത്രം ഗില്ലി: മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി

Update: 2024-05-08 05:33 GMT

രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം 'ഗില്ലി' വൻ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. ഏപ്രിൽ 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 2004 ൽ പുറത്തിറങ്ങിയപ്പോൾ 50 കോടിയായിരുന്നു 'ഗില്ലി'യുടെ കളക്ഷൻ.

ഇന്ത്യയിൽനിന്ന് നേടിയ 24 കോടിയിൽ 22-ഉം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്നുമാണ് ലഭിച്ചത്. കർണാടകയിൽ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് 6.25 കോടിയും സ്വന്തമാക്കി.

ഹോളിവുഡ് ചിത്രമായ ജെയിംസ് കാമറൂണിന്റെ 'അവതാർ', ബോളിവുഡ് ചിത്രം 'ഷോലെ' എന്നീ സിനിമകൾ വീണ്ടും റിലീസായപ്പോൾ ലഭിച്ചിരുന്ന കളക്ഷൻ റെക്കോഡാണ് 'ഗില്ലി' ഭേദിച്ചത്. 2009 ൽ റിലീസായ അവതാർ 2012 ൽ റീറിലീസ് ചെയ്തപ്പോൾ 18 കോടി കളക്ഷൻ നേടിയിരുന്നു. 1975 ൽ പുറത്തിറങ്ങിയ 'ഷോലെ' 2013 ൽ ത്രി.ഡി.യിൽ അവതരിപ്പിച്ചപ്പോൾ 13 കോടി കളക്ഷൻ നേടി.

തമിഴ്‌നാട്ടിൽ കഴിഞ്ഞമാസം റിലീസ് ചെയ്ത 'ക്യാപ്റ്റൻ മില്ലർ', 'അയലാൻ', 'ലാൽ സലാം' എന്നീ പുതിയ ചിത്രങ്ങൾക്കുപിന്നാലെ കളക്ഷനിൽ നാലാം സ്ഥാനത്തെത്താനായതും 'ഗില്ലി'ക്കു നേട്ടമായി.

'ഗില്ലി'ക്കു പിറകെ വിജയിന്റെ 'ഖുശി', എന്ന ചിത്രവും വീണ്ടും റിലീസിന് ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ധരണി സംവിധാനം ചെയ്ത 'ഗില്ലി'യിൽ തൃഷയാണ് നായിക.

Tags:    

Similar News