മഹിമ മുത്തയ്യ മുരളീധരന്റെ നായിക; '800'റിൻ്റെ ചിത്രീകരണം
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നായിക മഹിമയാണ്. 2010ൽ പുറത്തിറങ്ങിയ കാര്യസ്ഥന് എന്ന ദിലീപ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മഹിമ. 2012ല്‍ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറി. തുടര്‍ന്നു 14 തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ, മാസ്റ്റര്‍പീസ്, മധുരരാജ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മഹിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓണക്കാലത്തു തിയറ്റിൽ എത്തിയ ആര്‍ഡിഎക്സ് എന്ന സിനിമയിലെ അഭിനയം മഹിമയുടെ പ്രശസ്തി വർധിപ്പിച്ചു.
ഇതിനിടെയാണ്, മഹിമയെ തേടി വലിയ ഭാഗ്യമെത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക്കിൽ മഹിമ നായികയാകുന്നു. ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ആവേശത്തിലാണ് മഹിമ. അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ചിത്രം എന്ന നിലയില്‍ മഹിമയ്ക്ക് ലഭിച്ച അപൂർവ അവസരമാണിത്.
തമിഴ്, തെലുങ്ക് ഭാഷയ്ക്കു പുറമെ ശ്രീലങ്കയില്‍ റിലീസ് ചെയ്യാനായി സിംഹള ഭാഷയിലുമായാണ് സിനിമ ഒരുങ്ങുന്നത്. സ്ലംഗ് ഡോഗ് മില്യണയറിലെ മധുര് മിത്തലാണ് മുരളിയായി എത്തുന്നത്. ഭൂരിഭാഗവും ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്തത്.