മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസിൽ. ആവേശമാണ് മലയാളത്തിൽ ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ‘എട മോനെ’ എന്ന രംഗയുടെ വിളിയിൽ തിയറ്റർ ആവേശംകൊണ്ടു.
ഇപ്പോഴിതാ തനിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ . 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ താൻ തയ്യാറാണ്. എന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു.
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.