പുഷ്പ തനിക്ക് കാര്യമായി ഒന്നും തന്നിട്ടില്ല; എനിക്ക് ചെയ്യേണ്ടത് ഞാന്‍ ഇവിടെ മലയാളത്തില്‍ ചെയ്യുന്നുണ്ട്: ഫഹദ് ഫാസില്‍

Update: 2024-05-07 09:07 GMT

തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച ചിത്രമായിരുന്നു പുഷ്പ: ദ റൈസ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും നായിക നായകന്മാരായെത്തിയ ചിത്രത്തില്‍ എസ്.പി ഭന്‍വര്‍ സിംഗ് ശെഖാവത് എന്ന വില്ലനായി വേഷമിട്ടത് നടന്‍ ഫഹദ് ഫാസില്‍ ആണ്. ചിത്രത്തില്‍ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് ഈ ചിത്രം കരിയറില്‍ പ്രത്യേകിച്ച് ഒന്നും നല്‍കിയില്ലെന്നാണ് ഫഹദ് പറയുന്നത്.

താന്‍ അധികം സിനിമയെക്കുറിച്ച് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയല്ലെന്നും സിനിമ കണ്ടാല്‍ അത് അവിടെ വിടണം എന്നൊക്കെയായിരുന്നു മുമ്പ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഫഹദ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. 

പുഷ്പയില്‍ മലയാളികള്‍ ആഘോഷമാക്കിയ കഥാപാത്രമായിരുന്നു ഫഹദിന്റെ വില്ലന്‍ പൊലീസ് കഥാപാത്രം. എന്നാല്‍ പുഷ്പയിലൂടെ ഒരു പാന്‍ ഇന്ത്യന്‍ താരമായോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ തനിക്ക് കാര്യമായി ഒന്നും തന്നിട്ടില്ലെന്നാണ് ഫഹദ് പറയുന്നത്. പുഷ്പയ്ക്ക് ശേഷം കേരളത്തിന് പുറത്ത് വലിയ ഫാന്‍സ് ഉണ്ടെന്ന് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, പുഷ്പ തനിക്ക് ഒന്നും തന്നെ തന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

'ഇല്ല, പുഷ്പ എനിക്ക് ഒന്നും തന്നിട്ടില്ല. ഞാന്‍ അത് സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുമുണ്ട്. എനിക്ക് അത് ഒളിച്ചു വെക്കേണ്ട കാര്യമൊന്നുമില്ല. ഞാന്‍ അക്കാര്യത്തില്‍ സത്യസന്ധനാണ്. എനിക്ക് ചെയ്യേണ്ടത് ഞാന്‍ ഇവിടെ മലയാളത്തില്‍ ചെയ്യുന്നുണ്ട്,' ഫഹദ് പറഞ്ഞു.

ഒന്നിനോടും ഒരു ബഹുമാനക്കുറവുമില്ല. പുഷ്പയ്ക്ക് ശേഷം ആളുകള്‍ എന്റെ അടുത്ത് നിന്ന് എന്തൊക്കെയോ മാജിക് ആണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒന്നുമല്ല. അത് സത്യസന്ധമായും സുകുമാര്‍ സാറിനോടുള്ള സ്‌നേഹവും സഹകരണവും മാത്രമാണ്. എനിക്ക് ചെയ്യേണ്ട സ്റ്റഫ് ഇവിടെ കേരളത്തിലാണ്. അത് വളരെ വ്യക്തമാണ്. ഇവിടെ തന്നെയുണ്ട് അതാണ് ഒരു കാര്യം എന്ന് അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

'എനിക്ക് ഒന്നും തന്നില്ലെന്ന് പറഞ്ഞതിന്റെ രണ്ടാമത്തെ കാര്യം എനിക്ക് അതിനേക്കാള്‍ നന്നായി ചെയ്യുന്ന സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. വിക്കി കൗശല്‍ നടനെന്ന നിലയില്‍ ഒരു പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും നല്ല കണ്ടുപിടിത്തമാണ്. രാജ് കുമാര്‍ റാവു ഇന്ത്യ നല്‍കിയതില്‍ ഏറ്റവും നല്ല നടന്മാരില്‍ ഒരാളാണ്. രണ്‍ബീര്‍ കപൂര്‍ രാജ്യത്തെ തന്നെ മകിച്ച നടനാണ്. എന്നിട്ടും എന്നില്‍ ഇവര്‍ എന്താണ് കണ്ടതെന്ന് എനിക്ക് അറിയില്ല,' ഫഹദ് ഫാസില്‍ പറയുന്നു.

മലയാളത്തിലെ സിനിമകള്‍ ഒക്കെ ആളുകള്‍ കാണുന്നുണ്ടെന്ന് അറിയുമ്പോള്‍ വലിയ അത്ഭുതം തോന്നുന്നു. അവര്‍ ട്രാന്‍സും കുമ്പളങ്ങി നൈറ്റ്‌സുമെല്ലാം കാണുന്നു. അവര്‍ക്ക് അത് കണ്ടിട്ട് എന്താണ് കണക്ട് ആവുന്നതെന്ന് ആലോചിച്ച് താന്‍ അത്ഭുതപ്പെടാറുണ്ട്. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് അഭിനയത്തേക്കാളും അഭിനേതാവിനെക്കാളും ആ കലയോടാണ് ആളുകള്‍ കണക്ട് ആകുന്നതെന്നും ഫഹദ് പറയുന്നു.

മലയാളി ഇതര കുടുംബങ്ങളും മലയാളം സിനിമ കാണുന്നു എന്ന് അറിയുമ്പോള്‍ തനിക്ക് ഒരു ഞെട്ടല്‍ ഉണ്ടാവുന്നുണ്ട്. അത് വളരെ ആകാംക്ഷ തരുന്നതാണ്. അതുകൊണ്ട് തന്നെ പുഷ്പ എനിക്ക് എന്തെങ്കിലും തന്നുവെന്നോ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്നോ താന്‍ കരുതുന്നില്ല. അങ്ങനെ ഒന്നില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഒന്നുമല്ല. ഇവിടെ മലയാളത്തിലെ ഒരു സാധാ നടനാണ്. പാന്‍ ഇന്ത്യ എന്നൊക്കെ പറയുന്നതുമായി ഒരു ബന്ധവുമില്ല.

തന്നെ സിനിമ കണ്ടിട്ട് കരണ്‍ ജോഹര്‍ വിളിച്ച് സംസാരിച്ചു. വിക്കി കൗശലും രാജ് കുമാര്‍ റാവുവും ഒക്കെ ഇടക്ക് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ആ തരത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ ഒത്തൊരുമ ഉണ്ടാവുന്നത് തനിക്ക് ഇഷ്ടമാണെന്നും അതിന് മുകളില്‍ ഒന്നുമില്ലെന്നും ഫഹദ് വ്യക്തമാക്കി.

Tags:    

Similar News