തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയ്ൻ നിഗം; അയാളുടെ പ്രശ്‌നം അതാണ്: ഇടവേള ബാബു പറയുന്നു

Update: 2024-01-03 10:59 GMT

ഒട്ടും അപരിചിതനല്ലാത്ത താരമാണ് ഇടവേള ബാബു. സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളെയെല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നത് ഇടവേള ബാബു അടുത്തിടെ ഇടവേള ബാബു നടത്തിയ ശ്രദ്ധേയ ഇടപെടലുകളിൽ ഒന്നായിരുന്നു നടൻ ഷെയ്ൻ നിഗമിന് നിർമ്മാതകളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പിൻവലിപ്പിക്കാൻ മുൻകൈ എടുത്തത്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. കാൻ ചാനൽ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.

'ഷെയ്നിനോടുള്ള അടുപ്പം അഭിയോടുള്ള അടുപ്പമാണ്. ആ കുടുംബത്തോടുള്ള അടുപ്പമാണ്. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയ്ൻ നിഗം. പുതിയ തലമുറയ്ക്ക് ഇല്ലാത്ത ഒരു കാര്യമാണ് ഷെയ്നിന്റെ പ്രശ്‌നങ്ങൾക്ക് കാരണം, അനുഭവങ്ങൾ. അനുഭവങ്ങൾ ഇല്ലാത്തതാണ് പ്രശ്‌നം. നമുക്ക് ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളും മറ്റുള്ളവരുടെ വേദനകൾ അറിയാനുള്ള അവസരങ്ങളും ഉണ്ടായാൽ നമ്മൾ എന്ത് കാര്യത്തിലാണെങ്കിലും ഒരു മിനിറ്റ് ചിന്തിക്കും,'

'സെറ്റിൽ നമുക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകും, അതിൽ നമ്മൾ പ്രതികരിക്കുമ്പോൾ അത് എത്രമാത്രം ആളുകളെ വേദനിപ്പിക്കും എന്നൊന്ന് ചിന്തച്ചാൽ നമുക്ക് അത് ഒഴിവാക്കാൻ കഴിയും. ഷെയ്ന്റെ കാര്യത്തിൽ, അവൻ മനസ്സിൽ ചിന്തിക്കുന്നത് ആയിരിക്കില്ല പുറത്തേക്ക് വരുന്നത്. ഷെയ്ൻ പല പ്രശ്‌നങ്ങളുടെയും ഇടയിലാണ് അമ്മയിലേക്ക് വരുന്നതും. അത് സോൾവ് ചെയ്ത് വന്നപ്പോഴാണ് അടുത്ത പ്രശ്‌നം. എല്ലാവരും ഒന്നടങ്കം ഷെയ്നിനെ എതിർത്തു,'

'ഷെയ്ൻ ഇനി വേണ്ട എന്നായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. അപ്പോൾ ബാബുരാജ് ആണ് എന്നോട് പറഞ്ഞത്, എന്തിനാണ് ഒരു പയ്യന്റെ ഭാവി കളയുന്നതെന്ന്. അങ്ങനെ ലോകത്ത് ഒരാളും ചെയ്യാത്ത രീതിയിൽ ഒരു സംഘടനാ ഏറ്റെടുക്കുകയായിരുന്നു. ആറ് മാസത്തേക്ക് ഷെയ്നിന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാം എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ഒരു വർഷം വേണമെന്ന് അവർ പറഞ്ഞു. പക്ഷേ നമ്മൾ കൃത്യമായി ഒരു ഗൈഡ് ലൈൻ കൊടുത്തപ്പോൾ ശരിയായി,'

'അങ്ങനെയൊരു ഗൈഡ് ലൈൻ ഇല്ലാത്തത് ആയിരുന്നു ഷെയ്നിന്റെ പ്രശ്‌നം. അല്ലാതെ നല്ല പയ്യനാണ്, നല്ല നടനാണ്, എനിക്ക് ഒരുപാട് പ്രതീക്ഷകളുള്ള നടനാണ്. മറ്റു ഭാഷകളിൽ നിന്ന് വരെ ഷെയ്നിന്റെ ഡേറ്റ് ചോദിച്ച് എന്നെ വിളിക്കുന്നുണ്ട്. ഷെയ്നിന്റെ വിഷയം പുറത്തുവന്നത് കൊണ്ട് അറിഞ്ഞതാണ്. ഇതുപോലെ ഒരുപാട് കാര്യങ്ങളിൽ ഞാൻ ഇടപെടുന്നുണ്ട്,' ഇടവേള ബാബു പറഞ്ഞു.

തനിക്ക് വേണ്ടി അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി താൻ നിർമാതാക്കളുമായി പിണങ്ങിയിട്ടുണ്ടെന്നും അത് കാരണം ആ സംഘടനയിലെ ആരും തന്നെ സിനിമയിലേക്ക് വിളിക്കാറില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. ഷെയ്നിന് ലഭിച്ചത് പോലൊരു പിന്തുണ ശ്രീനാഥ് ഭാസിക്ക് ലഭിക്കാതിരുന്നത് അസോസിയേഷനിൽ അംഗമല്ലാതിരുന്നതിനാലാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു. ശ്രീനാഥിനോട് പലതവണ അംഗത്വം എടുക്കുന്ന കാര്യം പറഞ്ഞതാണ്. എന്നാൽ ആൾ വളരെ കെയർലെസ് ആണ്. അനുഭവങ്ങളുടെ കുറവാണ് പ്രധാന പ്രശ്‌നമെന്നും ഇടവേള ബാബു പറഞ്ഞു.

Tags:    

Similar News