'ഇപ്പോൾ ഭർത്താവ് കേൾക്കുന്നത് അച്ഛൻ കേൾക്കേണ്ടി വരുമായിരുന്നു'; ദുർഗ കൃഷ്ണ പറയുന്നു
ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് അടുത്തിടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച ഉടൽ. ഒരു വീടിനുള്ളിൽ നടക്കുന്ന ക്രൈമാണ് സിനിമയുടെ പ്രമേയം. ഷൈനിയായി വന്ന ദുർഗ അതിശയിപ്പിച്ചുവെന്നാണ് ആരാധകരുടെ പക്ഷം. വിമാനം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടെടുത്ത് വെച്ച ദുർഗ കൃഷ്ണയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഉടലിൽ കാണാൻ സാധിച്ചത്. ഒരു മാസം മുമ്പാണ് ഒടിടിയിൽ ഉടൽ എത്തിയത്.
സിനിമയിൽ ചില ഇന്റിമേറ്റ് സീനുകളുണ്ടെന്നതിന്റെ പേരിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് വലിയ രീതിയിൽ ദുർഗ കൃഷ്ണയ്ക്ക് വിമർശനം കേൾക്കേണ്ടി വന്നിരുന്നു. നിരവധി അംഗീകാരങ്ങളും ഉടലിലെ അഭിനയത്തിലൂടെ ദുർഗയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഉടൽ ഒടിടിയിൽ റിലീസ് ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ താൻ ചെയ്ത ചില കാര്യങ്ങളെ കുറിച്ച് അൺഫിൽറ്റേഡ് ബൈ അപർണ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ദുർഗ കൃഷ്ണ.
ഉടൽ ചെയ്തശേഷം ഭർത്താവിനെയും കുടുംബാംഗങ്ങളെയും വലിച്ചിട്ടാണ് ചിലർ വിമർശിക്കുന്നതും ചീത്ത പറയുന്നതും എന്നാണ് ദുർഗ പറയുന്നത്. 'ഉടൽ ഒടിടിയിലേക്ക് വരുന്നുവെന്ന് സംവിധായകൻ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ആദ്യം ചെയ്തത് സോഷ്യൽമീഡിയയിൽ കയറി ടാഗിനുള്ള ഓപ്ഷൻ നീക്കുകയായിരുന്നു.'
'കുടുക്കിന്റെ പ്രമോഷൻ കഴിഞ്ഞ് ഒരു പ്രമോഷനും ഞാനും ഇരുന്നിട്ടില്ല. എന്റെ ഫാമിലിയെ കൂടി ഡ്രാഗ് ചെയ്യും ചോദ്യങ്ങളും വിമർശനങ്ങളും വരും എന്നതുകൊണ്ട് തന്നെയാണ് ഒരു ഇന്റർവ്യൂവിനും നിന്ന് കൊടുക്കാതിരുന്നത്. എന്തെങ്കിലും ഒരു പോസ്റ്റിട്ടാൽ പിന്നെ ചീത്ത വിളികളാണ് അതിന് താഴെ. ഭർത്താവിനെ ചീത്ത വിളിച്ചാണ് കമന്റുകൾ ഏറെയും. ഞാൻ വിവാഹിതയല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഭർത്താവ് കേൾക്കുന്നത് അച്ഛൻ കേൾക്കേണ്ടി വരുമായിരുന്നു.'
'ഭർത്താവ് ഊരി വിട്ടിരിക്കുന്നുവെന്ന തരത്തിലാണ് കമന്റുകൾ. ഞാനാണ് ഞാൻ ചെയ്യേണ്ട സിനിമയും കഥാപാത്രവും സെലക്ട് ചെയ്യുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്റെ ഭർത്താവിനെയും കുടുംബത്തിലുള്ളവരെയും ചീത്ത വിളിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എനിക്ക് പെർഫോം ചെയ്യാനുള്ള സ്‌പേസ് ഉണ്ടായിരുന്ന സിനിമയാണ് ഉടൽ.'
'അതിൽ ഒരു ഇന്റിമേറ്റ് സീനുണ്ടെന്ന് കരുതി ആ സിനിമ തന്നെ വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ എനിക്ക് വലിയ നഷ്ടങ്ങളുണ്ടായേനെ. ഞാൻ ആദ്യമായി ഒരു അവാർഡ് വാങ്ങിയതുപോലും ഉടൽ ചെയ്ത ശേഷമാണ്. പറയുന്നവർ പറഞ്ഞിട്ട് പോകും നഷ്ടം എനിക്ക് മാത്രമായിരിക്കും. എന്റെ ഭർത്താവും കുടുംബാംഗങ്ങളും വളരെ സപ്പോർട്ടീവായതുകൊണ്ടാണ് ഉടൽ എനിക്ക് ചെയ്യാൻ പറ്റിയത്.'
'നെഗറ്റീവ് കമന്റ്‌സ് വന്നപ്പോൾ അതൊന്നും ശ്രദ്ധിക്കേണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് എന്റെ കുടുംബം ചെയ്തത്. ഞാൻ നെഗറ്റീവ് കമന്റ്‌സ് കാണാതിരിക്കാൻ ഭർത്താവ് തന്നെ ആദ്യമെ അതെല്ലാം ഡിലീറ്റ് ചെയ്യും', എന്നാണ് ദുർഗ കൃഷ്ണ താൻ നേരിട്ട സൈബർ അറ്റാക്ക് വിശദീകരിച്ച് പറഞ്ഞത്.