'നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്; ബിഗ്‌ബോസിനകത്ത് ജീവിക്കുകയെന്നത് കൊടും ഭീകരത'; ഭാഗ്യലക്ഷ്മി

Update: 2024-09-10 11:25 GMT

പെണ്ണിന്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഒരു തൊഴിലിടവും ഈ ഭൂമിയിൽ ഇല്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ആരെങ്കിലും അത്തരത്തിൽ ദാരിദ്ര്യം തുറന്നുപറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തെങ്കിലും രീതിയിൽ ചൂഷണം ചെയ്യപ്പെടുമെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

'മലയാള സിനിമയെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുളള സംഭവങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും മനസിലാക്കേണ്ടത് നിങ്ങളെ സംരക്ഷിക്കാൻ ആരും കാണില്ല എന്നതാണ്. നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ മാത്രമാണുളളത്. ഒരു പ്രശ്‌നം ഉണ്ടായാൽ ആരും സഹായിക്കാൻ കാണില്ല. സഹായിക്കാൻ നമ്മളെ സമീപിക്കുന്നവർ അവരുടെ നേട്ടങ്ങൾക്കായി എത്തുന്നവരായിരിക്കും. ജോലി ചെയ്യുന്ന മേഖലയിൽ നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പേരുകളൊന്നും ഇതുവരെയായിട്ടും പുറത്തുപറഞ്ഞിട്ടില്ല.അവരെല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടാണ് അവരുടെ പേരുകൾ പുറത്തുപറയാതിരുന്നത്. അത് എന്റെ സ്വകാര്യതയാണ്'- ഭാഗ്യലക്ഷ്മി പറഞ്ഞു.

ടെലിവിഷൻ പരിപാടിയായ ബിഗ്‌ബോസിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവങ്ങളും താരം പങ്കുവച്ചു. 'ബിഗ്ബോസ് എന്ന വീട്ടിനകത്ത് ജീവിക്കുകയെന്ന് കൊടും ഭീകരതയാണ്. അസാമാന്യ ധൈര്യമുളള ഒരു വ്യക്തിക്ക് മാത്രമേ ബിഗ്ബോസിൽ ചെറുത്ത് നിൽക്കാൻ സാധിക്കുകയുളളൂ. എനിക്കതിന് സാധിച്ചില്ല. അവിടെ നമുക്ക് ചുറ്റും ക്യാമറയുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ശക്തമായി പ്രതികരിക്കാൻ കഴിഞ്ഞില്ല. അതെല്ലാം മനസിൽ അടക്കിവച്ചപ്പോഴാണ് മുൻഭർത്താവിന്റെ മരണവാർത്തയറിഞ്ഞത്. ബിഗ്ബോസിനെ കൂടുതൽ മനസിലാക്കാതെയാണ് പങ്കെടുത്തത്. അവിടെയാണ് തെറ്റുപറ്റിയത്. പരിപാടിയെക്കുറിച്ച് കൂടുതൽ മനസിലാക്കേണ്ടതായിരുന്നു. അതിൽ പങ്കെടുത്തതിൽ കുറ്റബോധമുണ്ട്. പല സുഹൃത്തുക്കളും അതിനെക്കുറിച്ച് പറഞ്ഞിരുന്നു'-താരം പറഞ്ഞു.

Tags:    

Similar News