'മമ്മൂട്ടി വാശി പിടിച്ചതോടെ മോഹൻലാലിന്റെ ഡയലോഗ് കട്ടുചെയ്തു,അന്ന് പോകാൻ നേരം ഇനി നമ്മൾ കാണില്ലെന്ന് ലാൽ പറഞ്ഞു'; സംവിധായകൻ സാജൻ

Update: 2024-03-10 08:32 GMT

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമകളിൽ ഒന്നാണ് ഗീതം. മോഹൻലാൽ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളാണ് ചെയ്തത്. ഗീതയുടെ ഭർത്താവിന്റെ വേഷമാണ് മോഹൻലാൽ ചെയ്തത്. മോഹൻലാൽ കഥാപാത്രത്തിന് ഗീതയുടെ കഥാപാത്രത്തിൽ പിറന്ന അഭിമന്യുവെന്ന മകനെ മമ്മൂട്ടി എടുത്ത് വളർത്തുന്നു. വർഷങ്ങൾക്കുശേഷം മോഹൻലാൽ കുഞ്ഞിനെ അന്വേഷിച്ച് നാട്ടിൽ എത്തുന്നതും തുടർന്ന് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

കണ്ടു കണ്ടറിഞ്ഞു അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത സാജനാണ് ഗീതവും സംവിധാനം ചെയ്തത്. ഇപ്പോഴിതാ ശ്രീനിവാസൻ നടൻ മമ്മൂട്ടിയുടെ ഈഗോയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായതോടെ ഗീതം ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവം അനുഭവം തുറന്ന് പറഞ്ഞ സംവിധായകൻ സാജന്റെ വീഡിയോ വീണ്ടും ആരാധകർക്കിടയിൽ വൈറലാവുകയാണ്.

മമ്മൂട്ടിയുടെ ചില വാശികൾ കാരണം മോഹൻലാലിന്റെ ഡയലോഗ് വെട്ടിയ സംഭവമാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നാളുകൾക്ക് മുമ്പ് സാജൻ വെളിപ്പെടുത്തിയത്. ഗീതം ഷൂട്ടിങിന് ശേഷം മോഹൻലാലുമായുള്ള ബന്ധത്തിലും ആ പ്രശ്‌നത്തിലൂടെ വിള്ളൽ വന്നുവെന്നും സാജൻ പറയുന്നു. 'മമ്മൂട്ടി ഒരു നാടക സംവിധായകനായാണ് ഗീതം സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഗീത അതിൽ ഡബിൾ റോളായിരുന്നു.'

'മമ്മൂട്ടിയുടെ സംരക്ഷണയിലാണ് ഗീതയുടെ അതീന എന്ന കഥാപാത്രത്തിന്റെ കുഞ്ഞ്. ആ കുഞ്ഞിനെ തിരക്കി വർഷങ്ങൾക്കുശേഷം അതിന്റെ അച്ഛൻ വരികയാണ്. അതുകൊണ്ട് തന്നെ ഒരു താരം എന്ന നിലയിലുള്ളയാൾ ആ വേഷം ചെയ്യണമെന്ന് മമ്മൂട്ടിക്കുണ്ടായിരുന്നു. അപ്പോഴെ വില്ലൻ-നായകൻ എന്നത് വർക്കാവൂവെന്ന് മമ്മൂട്ടിക്ക് അറിയാമായിരുന്നു.'

'ആ കഥാപാത്രത്തെ കുറിച്ച് സംസാരം വന്നപ്പോഴാണ് മോഹൻലാലിനെ ആ റോളിലേക്ക് കൊണ്ടുവരാമെന്ന ചിന്ത വന്നത്. മമ്മൂട്ടിക്കും അതിന് സമ്മതമായിരുന്നു. എസ്.എൻ സ്വാമിയാണ് ലാലിനോട് കഥ പറഞ്ഞത്. അങ്ങനെ ആ ചെറിയ റോൾ ചെയ്യാൻ ലാൽ എത്തി. നാല് സീനെ മോഹൻലാലിനുണ്ടായിരുന്നുള്ളു. ലാലിന് റോൾ ഇഷ്ടപ്പെട്ടിരുന്നു. മമ്മൂട്ടിയുമായുള്ള ലാലിന്റെ ഒരു സീനിലെ ഡയലോഗ് കട്ട്‌ചെയ്ത് കളഞ്ഞിരുന്നു.'

'അതൊരു നല്ല സീനായിരുന്നു. ആ ഡയലോഗ് എഴുതിയപ്പോൾ തന്നെ ഇത് ചെയ്യാൻ മമ്മൂട്ടി സമ്മതിക്കുമോയെന്ന സംശയം സ്വാമിക്കുണ്ടായിരുന്നു. പക്ഷെ കൺവിൻസ് ചെയ്യിപ്പിക്കാമെന്ന് കരുതി എഴുതി. ആ ഡയലോഗ് മോഹൻലാൽ പറഞ്ഞാൽ മമ്മൂട്ടിയെ കൊച്ചാക്കുന്നത് പോലെയാകുമെന്ന് മമ്മൂട്ടിക്ക് അറിയാം. അതുകൊണ്ട് ചെയ്യില്ലെന്ന് മമ്മൂട്ടി പറഞ്ഞു.'

'ആ രംഗം ഷൂട്ട് ചെയ്തതും ഡയലോഗ് പറഞ്ഞതും മോഹൻലാലിന് ഓർമയുണ്ടായിരുന്നു. ഡബ്ബിങ്ങിനുശേഷം ആ ഡയലോഗിനെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. കട്ട് ചെയ്ത് കളഞ്ഞതാണെന്ന് മോഹൻലാലിന് മനസിലായി. പക്ഷെ മമ്മൂട്ടിയുടെ വാശിയാണെന്ന് ഞാൻ പറഞ്ഞില്ല. അത് കട്ട്‌ചെയ്തത് ലാലിന് ഫീൽ ചെയ്തിരുന്നു.'

'അതിനുശേഷം പോകാൻ നേരം ഇനി നമ്മൾ കാണില്ലെന്നും മോഹൻലാൽ പറഞ്ഞു. മമ്മൂട്ടി ചെയ്ത ഇക്കാര്യം സ്വാമിക്ക് ഓർമയില്ലാത്തതല്ല പറയാത്തതാണ്. ഞാൻ ഇത് പറഞ്ഞതിന്റെ പേരിൽ ഒരുപാട് പേർ എന്നെ സോഷ്യൽമീഡിയ വഴി ചീത്ത പറഞ്ഞുവെന്നും', സാജൻ പറഞ്ഞു.

Tags:    

Similar News