'സുഖമായിരിക്കുന്നു കാണാം...' മാഷ് പറഞ്ഞു, അത് അവസാനത്തെ വിടവാങ്ങലാകുമെന്ന് കരുതിയില്ല: മോഹന്‍ലാല്‍
മലയാളത്തിന് ഒരിക്കലും മറക്കാനാകാത്ത തിരക്കഥാകൃത്താണ് ടി. ദാമോദരന്‍. ടി. ദാമോദരന്‍-ഐ.വി. ശശി കൂട്ടുകെട്ടില്‍ എത്ര ഹിറ്റുകള്‍ പിറന്നിരിക്കുന്നു. ദാമോദരനുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന താരമായിരുന്നു മോഹന്‍ലാല്‍. സ്പിരിറ്റിന്റെ ലൊക്കേഷനില്‍ വച്ച് അദ്ദേഹത്തെ അവസാനമായി കാണുകയും സംസാരിക്കുകയും ചെയ്ത നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മോഹന്‍ലാല്‍.
ദാമോദരന്‍ മാഷെ ഓര്‍ക്കുമ്പോഴൊക്കെ കൗതുകവും സന്തോഷവും സങ്കടവുമെല്ലാം എന്റെ ഉള്ളില്‍ നിറയുന്നുണ്ട്. മദ്രാസിലെ ശശിയേട്ടന്റെ വീട്ടിലേക്ക് അന്നാദ്യമായി ഞാന്‍ കടന്നുചെന്നത് ഒരു അവസരത്തിന് വേണ്ടിയായിരുന്നില്ല. അദ്ദേഹത്തെ പരിചയപ്പെടാനു വേണ്ടിയായിരുന്നു. അവിടെവച്ച് ഞാന്‍ പരിചയപ്പെട്ടത് രണ്ടു പേരെയായിരുന്നു. ശശിയേട്ടനെയും ദാമോദരന്‍ മാഷെയും. ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. ഒരാളെ പരിചയപ്പെടാന്‍ ആഗ്രഹിച്ചു ചെല്ലുമ്പോള്‍ ചുറ്റുമുള്ള ഒരുപാടുപേര്‍ നമുക്കുമേല്‍ സൗഹൃദത്തിന്റെ സ്‌നേഹം വര്‍ഷിക്കും.
പ്രായം കൊണ്ടും അനുഭവംകൊണ്ടും എന്നേക്കാള്‍ എത്രയോ സീനിയറായിരുന്നു ആ മനുഷ്യന്‍. മാഷിനോടൊത്തുള്ള സംഭാഷണം പലപ്പോഴും മണിക്കൂറുകളോളം നീളുമായിരുന്നു. സിനിമയുടെ കാര്യത്തില്‍ തുടങ്ങുന്ന സംസാരം ലോകമഹായുദ്ധങ്ങളും കടന്ന് ബൊളീവിയന്‍ കാടും ചെഗുവേരയും പിന്നിട്ട് ഫുട്‌ബോളിന്റെ ആരവങ്ങളിലായിരിക്കും മിക്കപ്പോഴും അവസാനിക്കുക.
വ്യക്തിബന്ധങ്ങള്‍ക്ക് എന്നും വലിയ വില കല്‍പ്പിച്ചിരുന്നു മാഷ്. കോഴിക്കോട്ടെത്തിയാല്‍ ഞാന്‍ ഭക്ഷണത്തിന്റെ ഒരു ലിസ്റ്റ് തയാറാക്കി മാഷിനു കൊടുക്കുമായിരുന്നു. അതുപ്രകാരം എല്ലാം തയാറാക്കി മാഷും ഭാര്യയും എന്നെ കാത്തിരിക്കും. രണ്ടുപേരും ജീവിതം വിട്ടുപോയെങ്കിലും ഒരുപാടൊരുപാടു നല്ല ഓര്‍മകള്‍ മാത്രമാണ് എനിക്ക് ദാമോദരന്‍ മാഷ്.
എറണാകുളത്ത് 'സ്പിരിറ്റിന്റെ' ലൊക്കേഷനില്‍ വച്ചാണ് ഒടുവില്‍ മാഷെ കാണുന്നത്. മാഷോടൊപ്പം ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. നാട്ടിലെ ഒരു ഫുട്‌ബോള്‍ അക്കാദമിയുടെ കാര്യം സംസാരിക്കാനാണ് അവരെത്തിയത്. യാത്ര ചോദിക്കാനായി മാഷ് എന്റെ അടുത്തുവന്നു. ''ലാലിനെക്കൂടി കാണാമെന്നു കരുതി വന്നതാണ്. ഷൂട്ടിങ് നടക്കട്ടെ, ബുദ്ധിമുട്ടിക്കുന്നില്ല.'' -മാഷ് പറഞ്ഞു: എങ്ങനെയുണ്ട് ജീവിതം? - ഞാന്‍ ചോദിച്ചു. 'സുഖമായിരിക്കുന്നു; കാണാം.' അത് അവസാനത്തെ വിടവാങ്ങലാകുമെന്ന് കരുതിയില്ല. അടുത്ത ദിവസം ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ ജീവിതത്തില്‍ നിന്നു മാഷ് യാത്രയായി- മോഹന്‍ലാല്‍ പറഞ്ഞു.